കോട്ടയം: തോട്ടവിളകള്‍ക്ക് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുന്നതിന് കേന്ദ്രഗവണ്മെന്റ് ആലോചിക്കുന്നതായി കേന്ദ്ര വാണിജ്യ-വ്യവസായമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി രജനി രഞ്ജന്‍ രശ്മി. വിലയിലെ ഏറ്റക്കുറച്ചിലുകളടക്കമുള്ള നഷ്ടങ്ങള്‍ക്ക് പദ്ധതിയില്‍ പരിരക്ഷയുണ്ടാകും. കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും ഗുണഭോക്താക്കളും ചേര്‍ന്ന് പ്രീമിയം അടയ്ക്കുന്ന രീതിയിലായിരിക്കും പദ്ധതി. ഇന്ത്യാ റബര്‍ മീറ്റ് 2016 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രജനി.
ഇന്ത്യന്‍ റബര്‍ മേഖലയുടെ കാര്യക്ഷമത പൂര്‍ണ്ണമായി ഉപയുക്തമാക്കുന്നതിനും ആഗോളതലത്തില്‍ മത്സരക്ഷമത നേടുന്നതിനും, ആഭ്യന്തര സാമ്പത്തികമേഖലയ്ക്ക് കുടൂതല്‍ സംഭാവന നല്കുന്നതിനുമുള്ള അനുകൂലസാഹചര്യമൊരുക്കുന്നതില് കേന്ദ്രഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക ആനുകൂല്യങ്ങള്‍, വികസനസഹായം, നടപടിക്രമങ്ങള്‍ ലഘൂകരിക്കല്‍ എന്നിവയെല്ലാം അതിനുള്ള നടപടികളില്‍പ്പെടും.
പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയനുസരിച്ച് ഉത്പന്നങ്ങള്‍ ഇവിടെ നിര്‍മ്മിക്കുകയും ലോകത്തെമ്പാടും വിറ്റഴിക്കുകയും ചെയ്യുകയെന്നതാണ് ലക്ഷ്യം. റബര്‍ കര്‍ഷകര്‍ മുതല്‍ ഉപഭോക്താക്കള്‍വരെ നീളുന്ന മൂല്യശ്യംഖലയുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചുകൊണ്ടാണിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഐആര്‍എം ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാനും റബര്‍ബോര്‍ഡ് ചെയര്‍മാനുമായ ഡോ. എ. ജയതിലക് സ്വാഗതവും റബര്‍ സ്കില്‍ ഡെവലപ്പ്മെന്റ് കൗണ്‍സില്‍ ചെയര്മാന് വിനോദ് സൈമണ്‍ നന്ദിയും പറഞ്ഞു.
‘റബര്‍മേഖല ഇനി എന്ത്’ എന്നതായിരുന്നു ഐആര്‍എം 2016ന്റെ വിഷയം. റബര്‍ രംഗത്തെ ആധുനിക പ്രവണതകള്‍, പുതിയ മാനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു. റബര്‍ മേഖല നേരിടുന്ന വെല്ലുവിളികള്‍ തരണം ചെയ്യുന്നതിനുള്ള തന്ത്രങ്ങള്‍ കൂട്ടായി ആവിഷ്കരിക്കുന്നതിന് ഐആര്‍എം വേദിയൊരുക്കി. ആഗോള-ആഭ്യന്തര സാമ്പത്തികരംഗങ്ങളുടെ അവലോകനം, ടയര്‍-ടയറിതര ഉത്പന്ന നിര്മ്മാണവ്യവസായത്തിന്റെ അവസ്ഥ, ആഗോള റബര്‍ ഉല്പാദകമേഖലയുടെ സ്ഥിതി, കൃത്രിമ റബര്‍ മേഖല എന്നീ വിഷയങ്ങളില്‍ രാജ്യാന്തരതലത്തില്‍ അറിയപ്പെടുന്ന വിദഗ്ധര്‍ സംസാരിച്ചു.
റബര്‍ബോര്‍ഡ്, ഓള് ഇന്ത്യ റബര്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്, അസോസിയേഷന് ഓഫ് ലാറ്റക്സ് പ്രൊഡ്യൂസേഴ്സ് ഓഫ് ഇന്ത്യ, ഓട്ടോമോട്ടീവ് കമ്പോണന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ, ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്, ബ്ലോക്കുറബര് പ്രോസസ്സേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ, കാപ്പെക്സില്‍, ജിആര്‍പി ലിമിറ്റഡ്, ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നുമായി 600 പ്രതിനിധികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: