പനമരം: പനമരം പഞ്ചായത്ത് ഏഴാംവാര്‍ഡിലെ പാടിക്കുന്ന്- ചീരവയല്‍ റോഡിലെ സോളിംഗ് ഇളകിയതിനാല്‍ ഈ വഴിയുള്ള യാത്ര ദുഷ്ക്കരമായി. റോഡില്‍ നിറയെ കല്ലുകള്‍ ഇളകിക്കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ ഈ പ്രദേശത്തേക്ക് വരാന്‍ മടിക്കുകയാണ്. നടവയല്‍- പനമരം റോഡില്‍ പാടിക്കുന്ന് ബസ് സ്റ്റോപ്പ് പരിസരത്തു നിന്ന് തുടങ്ങുന്ന ചീരവയല്‍ റോഡിന് അരകിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. കുത്തനെയുള്ള കയറ്റവും ഇറക്കവുമായതിനാല്‍ മഴക്കാലത്ത് വെള്ളം കുത്തിയൊലിച്ച് റോഡ് പെട്ടന്ന് തകരുന്നു. രൂക്ഷമായ വന്യമൃഗ ശല്യം അനുഭവിക്കുന്ന പ്രദേശം കൂടിയാണ് ചീരവയല്‍ പ്രദേശം. ആന, കാട്ടുപന്നി എന്നിവയുടെ ശല്യം രൂക്ഷമാണ്. പകല്‍ സമയത്തു പോലും കാട്ടുപന്നികള്‍ വിഹരിക്കുന്നതിനാല്‍ കുട്ടികളെ ഒറ്റക്ക് സ്കൂളിലയക്കാന് മടിക്കുകയാണ് രക്ഷിതാക്കള്‍. വന്യമൃഗങ്ങളുടെ ശല്യമുള്ളതിനാല്‍ പ്രത്യേകിച്ച് രാത്രിയില്‍ വാഹന സൗകര്യമില്ലാതെ ഇവിടെയുള്ളവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിയില്ല. എന്നാല്‍ റോഡ് തകര്‍ന്നതിനാല്‍ ആശുപത്രി കേസ് പോലുള്ള പലഅടിയന്തിര ആവശ്യങ്ങള്‍ക്കും വാഹനങ്ങള്‍ ഇവിടേക്ക് വരാത്ത സ്ഥിതിയാണുള്ളത്. വന്യമൃഗങ്ങളെ കണ്ടാല്‍ തകര്‍ന്ന റോഡിലൂടെ വാഹനം വേഗത്തില്‍ ഓടിച്ച് രക്ഷപെടാന്‍ കഴിയില്ലെന്നാണ് ഡ്രൈവര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രദേശവാസികള്‍ക്കു പുറമെ പാടിക്കുന്ന് ആദിവാസി കോളനിവാസികളും നിരന്തരം ഉപയോഗിക്കുന്നതാണ് ചീരവയല്‍ റോഡ്. ചീരവയലിലെ വയല്‍ പ്രദേശത്തേക്കാണ് റോഡ് എത്തി നില്‍ക്കുന്നത്. ഇതിന് അരകിലോമീറ്റര്‍ അകലെയാണ് നരസിപുഴയും നെയ്ക്കുപ്പ വനവും സ്ഥിതി ചെയ്യുന്നത്. വന്യമൃഗ ശല്യവും റോഡ് തകര്‍ന്നതും കൂടിയായപ്പോള്‍ പ്രദേശവാസികള്‍ ഒറ്റപ്പെട്ട നിലയിലാണ്. പല തവണ ഗ്രാമസഭകളിലും അയല്‍സഭകളിലും പ്രദേശവാസികള്‍ റോഡിന്റെ ശോച്യാവസ്ഥ ബോധിപ്പിച്ചിട്ടും പരിഹാരമുണ്ടായില്ല. ഈ റോഡിന്റെ കാര്യത്തില്‍ ജനപ്രതിനിധികള്‍ അടിയന്തിരമായി താല്‍പര്യമെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: