തൃക്കരിപ്പൂര്‍: വസന്തോത്സവത്തിന്റെ വരവറിയിച്ച് പൂരപ്പൂക്കള്‍ മിഴി തുറന്നു വേനല്‍ ചൂടില്‍ നാട് വെന്തുരുകുമ്പോഴും പൂത്തും കായ്ച്ചുമെല്ലാം പ്രകൃതി കണിയോരുക്കുന്ന കാലമാണ് പൂരക്കാലം. മീന മാസത്തിലെ പൂരം പൂക്കളുടെ കൂടി ഉത്സവമാണ്. പൂവുകളുടെ പുണ്യകാലം. ഗ്രാമകന്യകമാര്ക്ക് കാമദേവ പൂജയ്ക്കായി പറിച്ചെടുക്കാന്‍ ഇത്തവണ സമൃദ്ധമായി തന്നെ പൂക്കളുണ്ട്., ഓണക്കാലം പോലെയാണ് വടക്കന്‍ കേരളത്തിലെ കുട്ടികള്‍ക്ക് പൂരക്കാലവും. പൂവിട്ടു തുടങ്ങാറായാല്‍ കുട്ടികള്‍ പൂക്കള്‍ തേടിയിറങ്ങും. ഓണക്കാലത്തെ പൂക്കൂടകള്ക്ക്പകരം പൂക്കുര്യകളായിരിക്കും കുട്ടികളുടെ കയ്യില്‍. പെണ്ക്കുട്ടികള്ക്കൊപ്പം ആണ്‍കുട്ടികളും ഉണ്ടാകും പൂക്കള്‍ ശേഖരിക്കാന്‍. എല്ലാം കൊണ്ടും കുട്ടികള്‍ക്കിത് സന്തോഷകാലം തന്നെയാണ്. നരയന്‍ പൂക്കളാണ് പൂരപ്പൂക്കളില്‍ പ്രധാനപ്പെട്ടത്. കാവുകളിലും, പാതയോരത്തെ മരക്കൂട്ടങ്ങള്‍ക്ക് മുകളിലുമെല്ലാം നാളുകള്‍ക്ക് മുന്‍പേ തന്നെ പൂരവരവറിയിച്ചു നരയന്‍ പൂക്കളുടെ ചന്തം നിറഞ്ഞിരുന്നു. ചെമ്പകം, മുരിക്കിന് പൂ,എരിക്കിന് പൂ, അതിരാണിപ്പൂ തുടങ്ങിയവയാണ് മറ്റു പൂരപ്പൂക്കള്‍. മീനമാസത്തിലെ കാര്‍ത്തിക നാള് മുതല്‍ ഒന്‍പതു ദിവസമാണ് പൂരാഘോഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: