തൃക്കരിപ്പൂര്‍: നാളെ കാര്‍ത്തിക .വസന്തോത്സവതിന്റെ വരവിളിയുമായി വടക്കന്‍ കേരളത്തില്‍ ഒരു പൂരക്കാലം കൂടി വന്നെത്തി. കാര്‍ത്തിക തൊട്ട് പൂരം നാ ള്‍ വരയുള്ള ഒന്‍പത് നാളുകളിലായാണ് പൂരോത്സവം കൊണ്ടാടുന്നത്. മേളപ്പെരുക്കങ്ങളും, വീടുകളെയും, കാവുകളെയും, കഴകങ്ങളെയും, ക്ഷേത്രങ്ങളെയും ഒരു പോലെ ഉത്സവത്തിമിര്‍പ്പിലാഴ്ത്തുന്ന പൂരക്കാലം ഇന്നാട്ടിലെ ഊര്‍വ്വരതയുടെ കാലം കൂടിയാണ്.
മീന മാസത്തിലെ പൂരം നാളില്‍ കൊടിയിറങ്ങും വിധം ഒന്‍പത് നാളുകളിലാണ് ഉത്തരകേരളത്തിലെ പൂരക്കാലം. ഒരുമാസക്കാലം പൂരോത്സവം നടക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളും വടക്കന്‍ കേരളത്തില്‍ കാണാം. ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്രം, പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം, എന്നിവ ഒരുമാസക്കാലം പൂരോത്സവം നടക്കുന്ന ക്ഷേത്രങ്ങളാണ്. കന്യകമാര്‍ക്ക് പൂരക്കാലം വ്രതാനുഷ്ടാനത്തിന്റെ ദിനങ്ങളാണ്. കാമാപൂജയാണ് പൂരത്തിന് മുഖ്യം. പെണ്കൊടിമാര് ഈ ദിനങ്ങളില്‍ കാമദേവനെ പൂവിട്ടു പൂജിക്കും. കട്ടപ്പൂ, ചെമ്പകപ്പൂ, മുരിക്കിന്‍പൂ, വയറപ്പൂ, മുല്ലപ്പൂ തുടങ്ങിയവയാണ് പൂരപ്പൂക്കള്‍……, പൂക്കുര്യകളുമായി ഗ്രാമ കന്യകമാര്‍ പൂക്കള്‍ തേടിയിറങ്ങിക്കഴിഞ്ഞു. പെണ്‍കുട്ടികള്‍ക്കൊപ്പം ആണ്‍കുട്ടികളും പൂക്കള്‍ ശേഖരിച്ചു നല്കാനുണ്ടാകും. പൂര ദിനത്തിലാണ് പൂവിട്ട പൂജിച്ച കാമനെ യാത്രയാക്കുക. പാലുള്ള മരത്തിന്റെ ചുവട്ടില്‍ കാമന് പൂരക്കഞ്ഞിയും, പൂരടയും നിവേദിക്കും… നേരത്തെ കാലത്തെ വരനെ കാമാ…. എന്ന് പറഞ്ഞാണ് കാമദേവനെ യാത്രയാക്കുക… പൂരക്കാലമായാല്‍ പതിനെട്ടുനിറങ്ങളില്‍ പൂരക്കളിയുടെ ചടുല ചലനങ്ങള്‍ നിറയും. കാമന്റെ തിരിച്ചു വരവിനായി പതിനെട്ടു കന്യകമാര്‍ പതിനെട്ടു നിറങ്ങളില്‍ പാടിക്കളിച്ചതാണ് പൂരക്കളി എന്നാണ് ഐതിഹ്യം. കായിക പ്രധാനമായ ഈ കളി പില്ക്കാലത്ത് പുരുഷന്മാര് ഏറ്റെടുത്തതാണത്രേ. മറത്തുകളിയാണ് പൂരക്കളിയിലെ പാണ്ഡിത്യ പ്രധാനമായ ഇനം. രണ്ട് കാവുകളിലെ, അല്ലെങ്കില്‍ ക്ഷേത്രങ്ങളിലെ പണിക്കന്മാര് കളരിമുറയില്‍ കെട്ടിച്ചുറ്റി ശാസ്ത്രം, തര്‍ക്കം, ജ്യോതിഷം, നാട്യശാസ്ത്രം, രാഷ്ട്രമീമാംസ എന്നി വിഷയങ്ങളിലെല്ലാം വാദപ്രതിവാദം നടത്തുന്നു. പണിക്കന്മാരുടെ വാക്ചാതുരിയും, പാണ്ഡിത്യവും മുനയുരക്കുന്ന വാക്യാര്‍ത്ഥ സദസ്സാണിത്. പൂരക്കളി കാണാന്‍ ഗ്രാമമൊന്നാകെ പൂരക്കളി പന്തലിലേക്ക് ഒഴുകിയെത്തും.
പൂരംകുളിയാണ് പൂരോത്സവത്തിലെ മറ്റൊരു പ്രധാന ചടങ്ങ്. പൂരം കുളി ദിവസം വിഗ്രഹങ്ങളും, തിരുവായുധങ്ങളും കുളക്കടവിലേക്ക് എഴുന്നള്ളിച്ച് കുളിപ്പിച്ച് ശുദ്ധിവരുത്തുന്നതാണ് പൂരംകുളി. എല്ലാം കൊണ്ടും മനോഹരമായ കാഴ്ചകളാണ് ഓരോ പൂരക്കാലത്തും വടക്കന്‍ കേരളത്തില്‍ നിറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: