വെള്ളാനകളുടെ നാട് എന്ന ചിത്രത്തില്‍ നടന് പപ്പു പറയുന്ന വളരെ പ്രശസ്തമായ ഒരു ഡയലോഗുണ്ട് താമരശ്ശേരി ചുരത്തെ പരാമര്‍ശിച്ചുകൊണ്ട്. എന്നാല്‍ ഈ താമരശേരി ചുരത്തിന്റെ യഥാര്‍ത്ഥ ഉപജ്ഞാതാവാരെന്ന് പലര്‍ക്കും അറിയില്ല. ജനിച്ച വര്‍ഷമോ തീയതിയോ ഒന്നും ബാക്കിവയ്ക്കാതെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ കരിന്തണ്ടന് മൂപ്പനാണ് താമരശേരി ചുരത്തിന്റെ ഉപജ്ഞാതാവ്. 1700 നും 1750 നും ഇടയിലാണ് ഇന്ന് നാം കാണുന്ന അടിവാരം മുതല്‍ ലക്കിടിവരെയുള്ള ചുരംപാത ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്.
ഇത് ബ്രിട്ടീഷുകാര്‍ക്ക് കാണിച്ചുകൊടുത്ത് വയനാടിന്റെ കാര്‍ഷിക, വ്യവസായ മേഖലകളുടെ വിപുലീകരണം സാധ്യമാക്കിയ വ്യക്തിയാണ് കരിന്തണ്ടന്. പണിയ വിഭാഗത്തിലെ ചോലാടിയാന് എന്ന ഇല്ലപ്പേരോടുകൂടിയ ഗോത്രത്തില്‍ ജനിക്കുകയും കുലദൈവങ്ങളുടേയും പൂര്‍വികരുടേയും അനുഗ്രഹത്തോടെ ജീവിച്ചിരുന്ന കാലത്ത് പട്ടും വളയും ധരിച്ചിരുന്ന ആളുമായിരുന്നു അദ്ദേഹം എന്ന് പണിയര്‍ ഇന്നും വിശ്വസിച്ചുവരുന്നു. കന്നുകാലി മേച്ചും കാട്ടുകിഴങ്ങുഭക്ഷിച്ചും ജീവിതം നയിച്ചിരുന്ന മൂപ്പനെ ചുരം പാതയുടെ കണ്ടെത്തലിനായി ഇംഗ്ലീഷുകാര്‍ പല വാഗ്ദാനങ്ങളും നല്കി കൂട്ടത്തില്‍ ചേര്‍ക്കുകയും ലക്ഷ്യം നേടിയതിനുശേഷം അതിനുള്ള അംഗീകാരം മൂപ്പന് ലഭിക്കാതിരിക്കാനായി അദ്ദേഹത്തെ വെടിവെച്ചുകൊല്ലുകയുമാണുണ്ടായത്.
ദുര്‍മരണം സംഭവിച്ച മൂപ്പന്റെ ആത്മാവ് അനവധിക്കാലം അലഞ്ഞുനടക്കുകയും ചുരംപാതയില്‍ വലിയ അപകടങ്ങള്‍ സംഭവിക്കുകയും ചെയ്തു. ഇതിന്റെ പരിഹാരത്തിനായി പ്രസിദ്ധനായ ഒരു വിദുഷിയെ വരുത്തി മൂപ്പന്റെ ആത്മാവിനെ ചങ്ങലയില്‍ ആവാഹിച്ച് ലക്കിടിയിലെ മരത്തില്‍ ഇരുത്തുകയും ചെയ്തു. ഇത് ചങ്ങലമരം എന്ന പേരില്‍ അറിയപ്പെടുന്നു. പ്രസ്തുത ചുരത്തിന് കരിന്തണ്ടന് സ്മാരക ചുരമെന്ന് പുനഃനാമകരണം ചെയ്യണമെന്നുമാണ് പുതിയ തലമുറയുടെ ആവശ്യം.
കരിന്തണ്ടന് മൂപ്പന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ പിന്തലമുറക്കാരായ പണിയ വിഭാഗത്തിലെ ആദിവാസികള്‍ എല്ലാവര്‍ഷവും മാര്‍ച്ച് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച വയനാടന്‍ ചുരത്തിലൂടെ പദയാത്ര നടത്താറുണ്ട്. ഈ വര്‍ഷത്തെ യാത്ര മാര്‍ച്ച് 13 നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: