മേപ്പാടി : കുന്നിടിച്ചും, വയലും ചതുപ്പുകളും നികത്തിയും, മരങ്ങള്‍ വെട്ടി മാറ്റിയും പരിസ്ഥിതിയെ ചൂഷണം ചെയ്യുന്ന ദുരവസ്ഥയില്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കകള്‍ പങ്കുവെച്ചു. വയനാട് സാമൂഹ്യ വനവത്കരണ വിഭാഗവും കല്പറ്റ കോഓപ്പറേറ്റീവ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് പരിസ്ഥിതി ക്ലബ്ബും ചേര്‍ന്ന് ചെമ്പ്രാ പീക്കില്‍ സംഘടിപ്പിച്ച പഠന ക്യാമ്പിലാണ് വയനാടിന് നഷ്ടമാകുന്ന തനത് കാലാവസ്ഥയെയും, ഭാവിയില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയും കുറിച്ച് കുട്ടികള്‍ തങ്ങളുടെ ആശങ്കകള്‍ പ്രകടിപ്പിച്ചത്.
പഴയ സിനിമാ ഗാനം പോലെ കണ്ണാന്തളിയും കാട്ടു കുറിഞ്ഞിയും കണ്ണാടി നോക്കുന്ന ചോലകളായിരുന്നു ഒരു കാലത്ത് വയനാടന്‍ മലമടക്കുകള്‍. എത്ര കഠിനമായ വേനല്‍ച്ചൂടിലും ഒഴുക്ക് നിലയ്ക്കാത്ത കാട്ടരുവികളുടെ ഉത്ഭവ സ്ഥാനങ്ങളായിരുന്നു ഇവ. എന്നാല്‍ ഇന്ന് മഴക്കാലം കഴിയുന്നതോടെ നീരോഴുക്ക് നിലയ്ക്കുന്ന പുഴകളെയാണ് കാണാന്‍ കഴിയുന്നത്. വനചാരുതയുടെ നന്മകളെക്കുറിച്ചറിയാന് വേണ്ടി നടത്തുന്ന പഠന യാത്രകള്‍ പോലും കേവലം സെല്ഫിയെടുക്കലിലും യോയോ പാടലിലും അവസാനിക്കുന്നതായി ക്ലാസ്സെടുത്ത സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിലെ പ്രൊജക്ട് ഫെലോ എ.ടി. സുധീഷ് അഭിപ്രായപ്പെട്ടു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം.സി.അഷ്റഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കുട്ടികള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. അധ്യാകരായ കെ.യു.സുരേന്ദ്രന്, എം.എസ്.രാജീവ്, വിദ്യ, നസീബ വിദ്യാര്‍ത്ഥികളായ ജിനു ജോണ്‍, പ്രവീണ്‍ദാസ്, ദിവ്യ പ്രകാശ്, അഖില, രേണുക, കെ.എസ്.സരിത എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: