ബത്തേരി : തോട്ടം തൊഴിലാളികളുടെ പേരില്‍ സിഐടിയു രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് ബിഎംഎസ് കുറ്റപ്പെടുത്തി. ഇരുപത് ശതമാനം ബോണസ് വാങ്ങിച്ചുകൊടുക്കാമെന്ന് പറഞ്ഞ് കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകാലത്ത് വയനാട്ടിലൂടെയുള്ള ദേശീയ പാത ഉപരോധിച്ച് സമരം നടത്തിയവര്‍ തിരഞ്ഞെടുപ്പിന് ശേഷം ഇതിനായി ഒന്നുംചെയ്തുകണ്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടും ചിലരുടെ സങ്കുചിത താല്‍പ്പര്യം സംരക്ഷിക്കുന്നതിനുമായി ഇപ്പോള്‍ വീണ്ടും തൊഴിലാളികളെ സമരമുഖത്തേക്ക് തള്ളിവിട്ട് അരാജകത്വം സൃഷ്ടിച്ചിരിക്കുകയാണ്.
ഇരുപത് ശതമാനം ബോണസ് എന്ന ആവശ്യം മുന്‍പ് ഉന്നതതലങ്ങളില്‍ ചര്‍ച്ച ചെയ്ത് പരാജയപ്പെട്ടതാണ്. മന്ത്രിതലത്തിലും അഡ്ജൂഡിക്കേഷനിലും ഉള്ള വിഷയം മാനേജ്മെന്റിനോ സര്‍ക്കാരിനോ തീരുമാനിക്കാന്‍ പറ്റില്ല എന്നിരിക്കെ തൊഴിലാളികളെ തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്നും ആട്ടിയോടിക്കുന്ന സാഹചര്യമണ് സിഐടിയുവിന്റെ നേതൃത്വത്തില്‍ വരുത്തിതീര്‍ത്തത്. 24 തോട്ടങ്ങളാണ് എച്ച്എംഎല്‍ കമ്പനിക്കുള്ളത് എന്നിരിക്കെ, ഇരുപത് ശതമാനം ബോണസ് ആവശ്യപ്പെട്ട് വയനാട്ടിലെ പ്രശ്നം മാത്രം ഉന്നയിച്ചാണ് ഹെഡ് ഓഫീസിലേക്ക് സമരം ചെയ്യുന്നത്. ബിജിമോള്‍ എംഎല്‍എയുടെ മണ്ഡലമായ ഇടുക്കി പീരുമേടിലെ 2500 ഓളം തൊഴിലാളികള്‍ തൊഴിലില്ലാതെ നരകയാതന അനുഭവിക്കുന്നതും ചികിത്സക്കുപോലും പൈസയില്ലാതെ വൃദ്ധരും രോഗികളുമടങ്ങുന്ന തൊഴിലാളി കുടുംബങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി എന്തുകൊണ്ടാണ് സിഐടിയു സമരത്തിനിറങ്ങാത്തതെന്ന് മനസിലാകുന്നില്ലെന്നും കേരളാപ്രദേശ് പ്ലാന്റേഷന് മസ്ദൂര്‍ ഫെഢറേഷന്‍ (ബിഎംഎസ്) സംസ്ഥാന വൈസ്പ്രസിഡണ്ട് പി.കെ.അച്ചുതന് പറഞ്ഞു.
തൊഴില്‍ ചെയ്യാന്‍ തയ്യാറായവര്‍ക്ക് അതിനുള്ള സാഹചര്യം ഒരുക്കണമെന്നുള്ള ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഒരു നടപടിയും സ്വീകരിക്കാതെ ജില്ലാഭരണകൂടം തൊഴിലാളികളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: