ഋഷിമാര്‍ പറഞ്ഞു: അത്യന്തം നിഗൂഢമായ കാര്യങ്ങള്‍ അങ്ങ് കഥകളിലൂടെ പറഞ്ഞു തന്നു. എങ്കിലും ഇപ്പോഴും ഞങ്ങളിലെ സംശയങ്ങള്‍ മുഴുവന്‍ തീര്‍ന്നിട്ടില്ല. വ്യാസന്റെ അമ്മയായ സത്യവതിയെ ശന്തനു രാജാവ് വിവാഹം ചെയ്യാനിടവന്നതെങ്ങിനെയാണ്? എങ്ങനെയാണ് വ്യാസന്റെ ജനനം? സത്യവതിക്ക് രണ്ടു പുത്രന്മാര്‍ കൂടിയുണ്ടായതിന്റെ കഥയും ഞങ്ങള്‍ക്ക് പറഞ്ഞു തന്നാലും.
വേദവ്യാസന്റെയും സത്യവതിയുടെയും കഥ കേള്‍ക്കാന്‍ താപസന്മാരായ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
സൂതന്‍ പറഞ്ഞു: പുരുഷാര്‍ത്ഥങ്ങളെ പ്രദാനം ചെയ്യുന്ന ആദിശക്തിയെ വണങ്ങി ആ പുരാണങ്ങള്‍ ഞാന്‍ ഓരോന്നായി പറയാം.
ഏതു പ്രവൃത്തികളും ചെയ്യുന്നതിനു മുന്‍പ് നാമോച്ചാരണം ചെയ്യണം. അത് അറിയാതെയെങ്കിലും ചെയ്യുന്നവനു പോലും ശാശ്വതസിദ്ധികള്‍ പ്രദാനം ചെയ്യുന്ന വരദായിനിയായ ഭഗവതിയെ നാം യഥാവിധി സ്മരിക്കണം.
















