സ്വന്തം ലേഖകന്‍
പെരിന്തല്‍മണ്ണ: അപ്രതീക്ഷിത കരുനീക്കങ്ങളുമായി പെരിന്തല്‍മണ്ണയിലെ മത്സരരംഗം ചൂടുപിടിക്കുന്നു. തിരുവമ്പാടി നിയോജകമണ്ഡലത്തിന്റെ പേരില്‍ ലീഗും സഭയും തമ്മില്‍ ഉടലെടുത്ത പ്രശ്നത്തിന്റെ ബാക്കിയാണ് പെരിന്തല്‍മണ്ണയില്‍ അരങ്ങേറുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ തിരുവമ്പാടി സീറ്റില്‍ തങ്ങള്‍ ആവശ്യപ്പെടുന്ന വ്യക്തിയെ മത്സരിപ്പിക്കണമെന്ന് സഭാനേതൃത്വം കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുസ്ലിം ലീഗ് ഏറെ നേരത്തെ തന്നെ ഈ സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തി പ്രചരണം ആരംഭിച്ചതിനാല്‍ കോണ്‍ഗ്രസിന് സഭയുടെ ആഗ്രഹം സാധിച്ചു കൊടുക്കാനായില്ല. പകരം, അടുത്ത പ്രാവശ്യം സഭയുടെ ആവശ്യം പരിഗണിക്കാമെന്ന ഉറപ്പും നല്കി. ഇതിനായി ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ സമ്മതപത്രം കോണ്‍ഗ്രസ് നേതൃത്വം എഴുതി വാങ്ങിക്കുകയും ചെയ്തു. ഇത് കഴിഞ്ഞ മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും സമ്മതപത്രം താന്‍ നല്‍കിയതാണെന്ന് കുഞ്ഞാലിക്കുട്ടി സമ്മതിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ തിരുവമ്പാടി സീറ്റില്‍ ഈ പ്രാവശ്യവും ലീഗ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും പ്രചരണം ആരംഭിക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തിലാണ് സഭ വീണ്ടും അവകാശവാദവുമായി രംഗത്തെത്തിയത്. എന്നാല്‍ പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച ചരിത്രം ലീഗിനില്ലെന്നും ഇക്കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയുമില്ലെന്നും ലീഗ് പരസ്യ നിലപാടെടുത്തു. തുടര്‍ന്നാണ് ഇടുക്കി മോഡല്‍ പരീക്ഷണവുമായി സഭ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയെന്ന സംഘടനയുടെ ബാനറില്‍ നടത്തിയ പരീക്ഷണം വിജയിക്കുകയും ചെയ്തിരുന്നു. സഭയുടെ സ്പോണ്‍സേഡ് സ്ഥാനാര്‍ത്ഥിയായി ഇടത് പിന്തുണയോടെ മത്സരിച്ച ജോയിസ് ജോര്‍ജ്ജ് ഇടുക്കിയില്‍ വന്‍വിജയം നേടുകയും ചെയ്തു.
അതിന്റെ മറ്റൊരു പതിപ്പാണ് മലബാര്‍ മേഖലയില്‍ അരങ്ങേറാന്‍ പോകുന്നത്. എപ്പോഴും തങ്ങളെ അവഗണിക്കുന്ന യുഡിഎഫ് നേതൃത്വത്തെ ഒരു പാഠം പഠിപ്പിക്കുകയാണ് സഭയുടെ ലക്ഷ്യം. അതിനായി മലയോര വികസന സമിതി എന്ന പേരില്‍ ഒരു സംഘടന സഭയുടെ രഹസ്യ പിന്തുണയോടെ രൂപംകൊണ്ടു കഴിഞ്ഞു.
മലബാര്‍ മേഖലയിലെ 12 നിയോജകമണ്ഡലങ്ങളില്‍ സംഘടനയുടെ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകും എന്നാണ് ലഭിക്കുന്ന വിവരം. ക്രിസ്ത്യാനികളെ കൂടാതെ ഹിന്ദു-മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരെയും സ്ഥാനാര്‍ത്ഥിയാക്കാനാണ് സംഘടനയുടെ ശ്രമം. അങ്ങനെയെങ്കില്‍ ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന മണ്ഡലമായി പെരിന്തല്‍മണ്ണ മാറാനാണ് സാധ്യത.
മലയോര വികസന സമിതിയുടെ നേതാക്കള്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പെരിന്തല്മണയുടെ കാര്യം എടുത്തു പറയുകയും ചെയ്തു. സ്ഥാനാര്‍ത്ഥി ആരാണെന്ന് പ്രഖ്യാപിച്ചില്ലെങ്കിലും ലീഗ് വിമതന് പച്ചീരി ഫാറൂക്കിനെ മുന്നില്‍ കണ്ടാണ് ഈ ഉറച്ച പ്രഖ്യാപനം എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മാത്രമല്ല, പച്ചീരി ഫാറൂക്കിനെ അനുകൂലിക്കുന്നവര്‍ അടുത്ത ആഴ്ച പെരിന്തല്‍മണ്ണ ടൗണ്‍ ഹാളില്‍ പ്രവര്‍ത്തക കണ്വെന് ഷന് സംഘടിപ്പിച്ചിട്ടുമുണ്ട്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ പച്ചീരി ഫാറൂക്ക് മലയോര വികസന സമിതിയുടെ സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തുമെന്നാണ് ലഭിക്കുന്ന സൂചന.
മുന്‍ നഗരസഭാ പ്രതിപക്ഷ നേതാവായ പച്ചീരി ഫാറൂക്ക് പൊതുസമ്മതനാണെന്നതും ശ്രദ്ധേയമാണ്. ഇനി അറിയാനുള്ളത് ഒന്നുമാത്രം. ഇടുക്കിയില്‍ ജോയിസ് ജോര്‍ജ്ജിന് പിന്തുണ നല്കിയതു പോലെയുള്ള അടവുനയം ഇടതുമുന്നണി ഇവിടെ സ്വീകരിക്കുമോയെന്നാണ്. അങ്ങനെയെങ്കില്‍ യുഡിഎഫിന് അത് അഭിമാന പോരാട്ടമായി മാറുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: