തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃയോഗങ്ങള്‍ 15നും 16നുമായി ഇന്ദിരാഭവനില്‍ ചേരുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് അറിയിച്ചു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്തുന്നതിന് കര്‍മ്മപദ്ധതികള്‍ രൂപീകരിക്കുന്നതിനാണ് യോഗങ്ങള്‍ ചേരുക. 16ന് വൈകീട്ട് മൂന്നിനാണ് കെപിസിസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചേരുക. തിരുവമ്പാടി സീറ്റ് സംബന്ധിച്ച് ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരും.
തിരുവമ്പാടി സീറ്റ് ലീഗിന് അനുവദിക്കപ്പെട്ടതാണ്. ഇതില്‍ തര്‍ക്കമില്ല. എന്നാല്‍ ചില പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നതുകൊണ്ട് അത് പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തും. ഈ വിഷയത്തില്‍ പരസ്യമായ ചര്‍ച്ച ഉചിതമല്ലെന്നും സുധീരന് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാര്‍ഥികളെ മുന്‍നിശ്ചയിച്ചതിലും നേരത്തെ പ്രഖ്യാപിക്കും. ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ വൈകുന്നത് മുന്‍തൂക്കം നഷ്ടപ്പെടുത്തുമെന്ന കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്റെ നിര്‍ദേശം യോഗം അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഐ ഗ്രൂപ്പ് യോഗം സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിപ്പിക്കുന്നതിനെതിരെ രംഗത്തു വന്നിരുന്നു. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി പട്ടിക ഈമാസം 19നാണ് പ്രഖ്യാപിക്കുക. അതിന് തൊട്ടടുത്ത ദിവസങ്ങളിലായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളേയും പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: