ഏനാദിമംഗലം: ഏനാദിമംഗലം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എന്‍സിഡി ക്ലിനിക്കിന്റെ പ്രവരര്‍ത്തനം നിലച്ചു. ഇതോടെ ഈ ക്ലിനിക്കിനെ ആശ്രയിച്ചിരുന്ന നൂറുകണക്കിന് രോഗികള്‍ വലയുന്നു. ജീവിത ശൈലി രോഗങ്ങളായ രക്ത സമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയവയ്ക്കുള്ള പരിശോധനയും മരുന്നുവിതരണവുമാണ് എന്‍സിഡി ക്ലിനിക്കില്‍ നടന്നിരുന്നത്. ദിനംപ്രതി നൂറുകണക്കിന് ആളുകള്‍ പരിശോധനയ്ക്കെത്തുകയും സൗജന്യമായി മരുന്നും വാങ്ങി പോയിരുന്ന ക്ലിനിക്ക് കഴിഞ്ഞ ഫെബ്രുവരി മുതലാണ് നിര്‍ത്തലാക്കിയത്. കലഞ്ഞൂര്‍, കൂടല്‍, പത്തനാപുരം, ഏനാദിമംഗലം, ഏഴംകുളം, കൊടുമണ്‍, കടമ്പനാട്, പള്ളിയ്ക്കല്‍, ഏറത്ത്, തുടങ്ങിയ സ്ഥലങ്ങളിലുള്ളസാധാരണക്കാരാണ് ഏനാദിമംഗലത്തെ എന്‍സിഡി ക്ലിനിക്കിനെ ആശ്രയിച്ചിരുന്നത്. ഇവിടെ നിന്നും നല്‍കിയിരുന്ന ഇന്‍സുലിനടക്കമുള്ള മരുന്നുകളുടെ വിതരണവും നിലച്ചു. ഏനാദിമംഗലത്തെ ക്ലിനിക്കിനെ ആശ്രയിച്ചിരുന്ന ഇവര്‍ക്കിപ്പോള്‍ 15 കിലോമീറ്ററിലേറെ യാത്രചെയ്ത് അടൂര്‍ താലൂക്ക് ആശുപത്രിയാണ് ആശ്രയം. ഏനാദിമംഗലം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഇസിജി മിഷ്യനും അനുബന്ധ സൗകര്യങ്ങളും ഉണ്ടെങ്കിലും രോഗികള്‍ക്ക് ഉപയോഗപ്പെടുന്നില്ല. ഇതിനുള്ള ജീവനക്കാരില്ലാത്തതാണ് കാരണമെന്നാണ് പറയുന്നത്. ആശുപത്രിയില്‍ എക്സറേ സ്ഥാപിക്കാനുള്ള മുറിയടക്കം സജ്ജീകരിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ സാധാരണക്കാര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളെ എക്സറേ എടുക്കുന്നതിനായി സമീപിക്കേണ്ടിവരുന്നു. ഇത് വലിയ സാമ്പത്തിക ചിലവ് ഉണ്ടാക്കുന്നതായും ആക്ഷേപമുണ്ട്. പാലിയേറ്റീവ് ക്ലിനിക്ക് ആരംഭിക്കുന്നതിന് വാര്‍ഡുണ്ടെങ്കിലും അതും നിലവില്‍ വന്നിട്ടില്ല. സിവില്‍ സര്ജ്ജന്റെഒഴിവും നികത്തിയിട്ടില്ല. ഉച്ചയ്ക്ക് 2 മണിയാകുന്നതോടെ ഇവിടെ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമല്ല. കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങളുണ്ടെങ്കിലും രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരില്ലാത്തത് രോഗികളെ വലയ്ക്കുന്നു. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ലാബിന്റെ പ്രവര്‍ത്തനത്തേയും ബാധിച്ചിട്ടുണ്ട്. ദിനംപ്രതി നൂറുകണക്കിന് രോഗികള്‍ എത്തിയിരുന്ന ഇവിടെയിപ്പോള്‍ ഒ.പിയില്‍ നൂറില്‍താഴെ രോഗികളാണ് എത്തുന്നത്. ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ധര്‍ണ്ണ നടത്തി. ജില്ലാ പ്രസിഡന്റ് അശോകന് കുളനട ഉദ്ഘാടനം ചെയ്തു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും വരും ദിവസങ്ങളില്‍ പ്രക്ഷോഭവുമായി രംഗത്തുവരുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: