കൊല്ലം: നഗരത്തിലെ കുടിവെള്ളവിതരണം കാര്യക്ഷമമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മേയര്‍ അഡ്വ. വി രാജേന്ദ്രബാബു കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു.
ഇത് സംബന്ധിച്ച് ജില്ലാ കളക്ടറുമായും ജലഅതോറിറ്റി ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയിരുന്നു. പ്രവര്‍ത്തനരഹിതമായ കുഴല്‍ക്കിണറുകള്‍ അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനക്ഷമമാക്കും. ശാസ്താംകോട്ടയില്‍ നിന്നുള്ള കുടിവെള്ളവിതരണം പരിമിതപ്പെട്ട സാഹചര്യത്തില്‍ മറ്റ് പദ്ധതികള്‍ മുഖേന കുടിവെള്ളം ലഭ്യമാക്കാനാണ് തീരുമാനമെടുത്തിട്ടുള്ളത്. ജപ്പാന്‍ കുടിവെള്ളപദ്ധതിയല്‍ നിന്നുള്ള വെള്ളം നഗരത്തിലേക്ക് കൊണ്ടുവരുന്നതില്‍ ചില പഞ്ചായത്തുകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുവെങ്കിലും ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. മയ്യനാട് പഞ്ചായത്തിനാവശ്യമായ കുടിവെള്ളം നല്‍കിയശേഷമേ നഗരത്തില്‍ ജലം ലഭ്യമാക്കുകയുള്ളു. ടാങ്കര്‍ലോറികള്‍ വാടകയ്‌ക്കെടുത്ത് കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ജലം എത്തിക്കും. ജില്ലയിലെ ചില മേഖലകളെ വരള്‍ച്ചബാധിതപ്രദേശമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കുടിവെള്ളവിതരണം ശാസ്ത്രീയമായി ക്രമീകരിക്കും. അവധിദിവസങ്ങളിലുള്‍പ്പെടെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രവര്‍ത്തിക്കുമെന്നും മേയര്‍ അറിയിച്ചു. കുടുംബശ്രീയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ആക്ഷേപങ്ങളുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് സിപിഐ അംഗം ഹണിയുടെ വിമര്‍ശനത്തിന് മറുപടിയായി മേയര്‍ അറിയിച്ചു. കൗണ്‍സിലര്‍മാരോട് മാന്യമായി പെരുമാറണമെന്നും കുടുംബശ്രീ ഓഫീസിന്റെ പ്രവര്‍ത്തനം സുതാര്യമാക്കണമെന്നും പൊതുചര്‍ച്ചയില്‍ ഹണി ആവശ്യപ്പെട്ടിരുന്നു. കുടുംബശ്രീയെ രാഷ്‌ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു ആര്‍എസ്പിയിലെ അഡ്വ.എം.എസ്.ഗോപകുമാറിന്റെ വിമര്‍ശനം. ക്ഷേമപെന്‍ഷനുകളുടെ വിതരണം സുഗമമാക്കിയ ഉദ്യോഗസ്ഥര്‍ക്ക് റിവാര്‍ഡ് നല്‍കണമെന്ന് എന്‍.മോഹനന്‍ ആവശ്യപ്പെട്ടു. 24,000 പേര്‍ക്ക് പരാതികളൊന്നുമില്ലാതെ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞുവെന്ന് ക്ഷേമകാര്യസ്ഥിരംസമിതി അദ്ധ്യക്ഷ എസ്.ഗീതാകുമാരി പറഞ്ഞു.
ചിന്നക്കട എന്‍.തങ്കപ്പന്‍ സ്മാരക മുനിസിപ്പല്‍ കോംപ്ലക്‌സിന് മുന്നിലെ ബസ്‌സ്റ്റോപ്പില്‍ നിന്ന് ആണ്ടാമുക്കത്തേക്ക് ഇനി മുതല്‍ സൗജന്യബസ്‌യാത്രയെന്ന് നഗരാസൂത്രണ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ എം.എ.സത്താര്‍ അറിയിച്ചു.
ആണ്ടാമുക്കം ബസ്സ്റ്റാന്‍ഡില്‍ നിന്ന് കണ്ണനല്ലൂരിലേക്കും മറ്റും യാത്ര ചെയ്യുന്നവരുടെ സൗകര്യാര്‍ത്ഥമാണിത്. കണ്ണനല്ലൂര്‍ ഭാഗത്ത് നിന്ന് ആണ്ടാമുക്കം സ്റ്റാന്റിലേക്ക് വരുന്ന സ്വകാര്യബസുകള്‍ നിലവില്‍ ചിന്നക്കടയിലെത്തുന്നില്ല. എന്നാല്‍ ഇനിമുതല്‍ ഈ ബസുകള്‍ എസ്ബിഐ ജംഗ്ഷന്‍, റയില്‍വേ സ്റ്റേഷന്‍, പുതിയകാവ് വഴി ചിന്നക്കട മേല്‍പ്പാലത്തിലൂടെ ടൗണ്‍ ചുറ്റി എന്‍.തങ്കപ്പന്‍ സ്മാരക ഷോപ്പിംഗ് കോംപ്ലക്‌സിന് മുന്നിലെത്തും. അവിടെ നിന്ന് ആണ്ടാമുക്കത്തേക്കാണ് സൗജന്യയാത്ര അനുവദിച്ചിട്ടുള്ളത്. ഈ ബസുകള്‍ ആണ്ടാമുക്കത്തെത്തുമ്പോള്‍ യാത്ര പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന ബസില്‍ കയറി യാത്ര തുടരാന്‍ കഴിയും.
















