കൊച്ചി: സ്രാവിന്‍ ചിറക് കയറ്റുമതി ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കയറ്റുമതിയുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങളില്‍ നിയപരമായ തീരുമാനം എടുക്കുന്നതിനു സര്‍ക്കാരിനു അധികാരമുണ്ടെന്നും സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനായുള്ള സര്‍ക്കാരിന്റെ നടപടികളില്‍ ഇടപെടാനാവില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. നയതീരുമാനങ്ങളില്‍ കോടതിക്ക് ഇടപെടുന്നതിനു പരിമിതിയുണ്ടെന്നു ഹൈക്കോടതി പറഞ്ഞു. വിഷയത്തിന്റെ വിവിധ വശങ്ങള്‍ പരിഗണിച്ച് സ്വതന്ത്രമായി തീരുമാനം എടുക്കുന്നതിനു കേന്ദ്രസര്‍ക്കാരിനു അധികാരം ഉണ്ട്. സ്രാവിനെ വന്‍തോതില്‍ പിടികൂടുന്നത് ഒഴിവാക്കുന്നതിനാണ് ഉത്തരവ് നല്‍കിയതെന്ന കേന്ദ്രത്തിന്റെ വാദത്തില്‍ കഴമ്പുണ്ടെന്നും ഉത്തരവില്‍ ഇടപെടാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.
എറണാകുളം ടി.എ.എസ് മറൈന്‍ ട്രേഡേഴ്‌സ് പ്രൊപ്രൈറ്റര്‍ ടി.എ. ബിജുമോന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ സൂപ്പുണ്ടാക്കാനും ചൈനീസ് വിഭവങ്ങളൊരുക്കാനും സ്രാവിന്‍ ചിറക് ഉപയോഗിക്കുന്നുണ്ട്. കേരളത്തില്‍ ഉപയോഗമില്ലാത്ത സ്രാവിന്‍ ചിറക് ഉണക്കിയാണ് വന്‍തോതില്‍ വിദേശത്തേക്ക് കയറ്റി അയയ്‌ക്കുന്നത്. സ്രാവുകളിലെ ചില വിഭാഗങ്ങള്‍ വംശനാശ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിരോധനം ഏര്‍പ്പെടുത്തിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
















