പനമരം : തന്റെ പരിധിയിലുള്ള എല്ലാ ആവശ്യങ്ങളും മനസ്സിലാക്കി പദ്ധതികള്‍ക്കായി അധികൃതര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കല്‍ ഊരുമൂപ്പന്റെ കര്‍ത്തവ്യമാണ്. ആവശ്യമുള്ളത് ലഭ്യമാക്കാന്‍ അധികാരികള്‍ക്ക് മുന്‍ഗണനാലിസ്റ്റ് കൊടുക്കുക തുടങ്ങി ഒരു വാര്‍ഡിലെ ഊരുകളില്‍ എത്തിക്കാവുന്ന എല്ലാവികസന പ്രവര്‍ത്തനങ്ങളിലും കഴിവ് തെളിയിക്കേണ്ടതും കോളനികളിലെ കുടുംബങ്ങള്‍ക്കും അശരണര്‍ക്കും അര്‍ഹമായവ ട്രൈബല്‍ വകുപ്പ് വഴി പാസാക്കിയെടുക്കുന്നതിന് പ്രോമോട്ടറുള്പ്പെടെയുള്ളവരെ സഹായിക്കുക തുടങ്ങി നിരവധികാര്യങ്ങള്‍ മൂപ്പന്റെ കര്‍ത്തവ്യമാണ്. എന്നാല്‍ മിക്കയിടങ്ങളിലും രാഷ്ട്രീയക്കാരുടെ താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍തൂക്കമെന്നതിനാല്‍ അനര്‍ഹര്‍ ആനുകൂല്യം കൈക്കലാക്കുന്നത് നിത്യസംഭവമാവുകയാണ്. ഇത്തരത്തിലുള്ള അനീതിയും അഴിമതിയും കണ്ടുനില്ക്കാന് കഴിയില്ലെന്നും, തങ്ങള്‍ക്ക് ഈ രീതിയില്‍ മുന്നോട്ടുപോകാന്‍ സാധ്യമല്ലെന്നും ഊരുമൂപ്പന്മാര് വ്യക്തമാക്കുന്നു.
ഊരുകൂട്ടങ്ങളില്‍ നിന്നും ഗുണഭോക്താക്കള്‍ക്ക് ലഭ്യമാകേണ്ട പദ്ധതികള്‍ മുതല്‍ ഗുരുതര രോഗം ബാധിച്ചവര്‍ ക്ക് ലഭിക്കേണ്ട ധനസഹായമുള്‍പ്പെടെ അര്‍ഹരായവര്‍ക്ക് ലഭിക്കുന്നില്ലെന്നും രാഷ്ട്രീയ സ്വാധീനമുള്ളവര്‍ എളുപ്പത്തില്‍ സഹായം ലഭ്യമാക്കുന്നത് നോക്കിനില്‍ക്കേണ്ട അവസ്ഥയിലാണ് തങ്ങളെന്നും ചിലര്‍ ആരോപിക്കുന്നു.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്‍പ് പനമരം ഗ്രാമപഞ്ചായത്തില്‍ ഏച്ചോത്തുള്ള ഒരു കോളനിയിലെ കുടുംബത്തിന് നല്ലൊരു വീട് നിലവിലിരിക്കെ അര്‍ഹരായവരെ മാറ്റിനിര്‍ത്തി രാഷ്ട്രീയ സ്വാധീനത്താല്‍ വീട് പാസാക്കിയെടുത്തത് വാര്‍ഡില്‍ ഒച്ചപ്പാടിന് ഇടവരുത്തി. മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള ആയുധമായി ഇത് ഉപയോഗിക്കുമെന്നുവന്നപ്പോള് ഒരു രാത്രിയില്‍ വീട് തല്ലിപ്പൊളിച്ചതായും നാട്ടുകാര്‍ പറയുന്നു. ഇലക്ഷന് അടുക്കുമ്പോഴും പ്രത്യക്ഷത്തില്‍ കാണുന്ന സംഭവങ്ങളില്‍ ശബ്ദമുയര്‍ത്തുമ്പോഴും മാത്രമാണ് തെറ്റിധരിപ്പിക്കാനായെങ്കിലും ചില പരിഹാരങ്ങളെങ്കിലും നിര്ദേശിക്കപ്പെടുന്നതെന്നും കോളനിവാസികള്‍ പറയുന്നു.
കേരളത്തില്‍ എല്ലാ കാലത്തും മുഖ്യധാരയില്‍ നിന്നും പിന്തള്ളി പോകുന്ന ജനവിഭാഗമാണ് ആദിവാസികള്‍. ഈ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സ്വാതന്ത്രാനന്തരം ആയിരക്കണക്കിന് കോടികളാണ് സര്‍ക്കാരുകള്‍ മുടക്കിയത്. എന്നാല്‍ ഇതില്‍ എത്രത്തോളം ഇവര്‍ക്ക് ലഭിച്ചു എന്നത് പരിശോധിക്കേണ്ടതാണ്. ഇതിനുപരിഹാരമായാണ് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പ്രാക്തന ഗോത്ര വിഭാഗത്തില്‍ ചില ആദിവാസിവിഭാഗങ്ങളെ ഉള്‍പ്പെടുത്തിയത്. ഇതില്‍ പട്ടിക വര്‍ഗ്ഗ ഉപപദ്ധതി പ്രകാരം, പട്ടികവര്‍ഗ്ഗ ഉപപദ്ധതി വിഹിതം ലഭിക്കുന്ന ഗ്രാമ പഞ്ചായത്തുകളും നഗരഭരണ സ്ഥാപനങ്ങളും പദ്ധതി രൂപീകരണ ഗ്രാമസഭകള്‍, വാര്‍ഡ് സഭകള്‍ എന്നിവ ചേരുന്നതിനുമുമ്പായി പട്ടികവര്‍ഗ്ഗ ഊരുകളില്‍ ഊരുകൂട്ടങ്ങള്‍ സംഘടിപ്പിക്കേണ്ടതാണ്. ഊരിലെ ആകെ വോട്ടര്‍മാരില്‍ അന്‍പത് ശതമാനത്തിലധികം ഊരു കൂട്ടത്തില്‍ പങ്കെടുക്കണം. ഊരുകൂട്ടയോഗത്തില് പ്രോജക്ടുകളുടെ മുന്‍ഗണന നിശ്ചയിക്കേണ്ടതാണ്. ഊരുകൂട്ടത്തില്‍ നിന്ന് ഒരു പുരുഷനേയും ഒരു സ്ത്രീയേയും തദ്ദേശഭരണ സ്ഥാപനതല പട്ടികവര്‍ഗ്ഗ ഉപപദ്ധതി രൂപീകരണ സമിതിയിലേക്ക് തിരഞ്ഞെടുക്കേണ്ടതാണ്. ഇതിനെല്ലാം മുകളിലായി ഊരുനിവാസികള്‍ ഒരു ഊരുമൂപ്പനെ കണ്ടെത്തണം. ഒരു വാര്‍ഡില്‍ ഒരു ഊരുമൂപ്പന് എന്നതാണ് കണക്ക്. തന്റെ പരിധിയിലുള്ള എല്ലാ ആവശ്യങ്ങളും മനസ്സിലാക്കി ആവശ്യമുള്ള പദ്ധതികള്‍ക്ക് അതാത് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം കൊടുക്കൂക, ആവശ്യമുള്ളത് ലഭ്യമാക്കാന്‍ അധികാരികള്‍ക്ക് മുന്‍ഗണനാ ലിസ്റ്റ് കൊടുക്കുക തുടങ്ങിയവയൊക്കെ ഊരുമൂപ്പന്റെ കര്‍ത്തവ്യമാണ്.
എന്നാല്‍ മിക്കയിടങ്ങളിലും രാഷ്ട്രീയക്കാരുടെ താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം. അതിനാല്‍തന്നെ അനര്‍ഹര്‍ ആനുകൂല്യം കൈക്കലാക്കുന്നത് നിത്യ സംഭവമാവുകയാണ്. ഇത്തരത്തിലുള്ള അനീതിയും അഴിമതിയും കണ്ടുനില്ക്കാന് കഴിയില്ലെന്നും, തങ്ങള്‍ക്ക് ഈ രീതിയില്‍ മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടാണെന്നും ഊരുമൂപ്പന്മാര് വ്യക്തമാക്കുന്നു. എന്തായാലും ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുവാനായി വകുപ്പുമന്ത്രിക്കും ജില്ലാ അധികാരികള്‍ക്കും പരാതി കൊടുക്കുവാന്‍ ഒരുങ്ങുകയാണ് ഒരു വിഭാഗം ഊരുമൂപ്പന്മാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: