കാസര്‍കോട്: നാളികേര ഗവേഷണ സ്ഥാപനമായ കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം(സിപിസിആര്‍ഐ) ശതാബ്ദിയുടെ നിറവില്‍. ഒരുവര്‍ഷം നീണ്ടു നില്ക്കുന്ന ശതാബ്ദിയാഘോഷത്തിനു 12ന് കാസര്‍കോട്ടു തുടക്കമാകും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട നൂറു കര്‍ഷകര്‍ ഒരേ സമയം നൂറ് തെങ്ങിന് തൈകള്‍ സെഞ്ച്വറി കോക്കനട്ട് പാര്‍ക്കില്‍ നടും. കൂടാതെ രാജ്യത്തെ മികച്ച 100 കേരകര്‍ഷകരുടെ അനുഭവം പങ്കുവെച്ചുകൊണ്ടുള്ള പുസ്തകം തയാറാക്കാനുള്ള പദ്ധതിക്കും ആരംഭം കുറിക്കും.
1916ല്‍ ബ്രിട്ടിഷ് സര്‍ക്കാരിനു കീഴില്‍ മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന കാസര്‍കോട് സ്ഥാപിച്ച കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനമാണ് (സിപിസിആര്‍ഐ) 100 ആണ്ട് പിന്നിടുന്നത്. കാസര്‍കോട്, കായംകുളം എന്നിവിടങ്ങളില്‍ തെങ്ങ് ഗവേഷണ കേന്ദ്രങ്ങളും കര്‍ണാടക വിട്ടലില്‍ കവുങ്ങ് ഗവേഷണ കേന്ദ്രവും ഇതിന്റെ ഉപകേന്ദ്രങ്ങളും സംയോജിപ്പിച്ച് 1970ല്‍ സിപിസിആര്ഐക്കു രൂപം നല്‍കുകയായിരുന്നു. തെങ്ങ്, കവുങ്ങ്, കൊക്കോ, സുഗന്ധവിളകള്‍, എണ്ണപ്പന, കശുമാവ് തുടങ്ങിയ പ്രധാനപ്പെട്ട തോട്ടവിളകളില്‍ ഗവേഷണം നടത്തുകയായിരുന്നു സിപിസിആര്‍ഐയുടെ ലക്ഷ്യം. പിന്നീട് കശുമാവ്, സുഗന്ധ വ്യഞ്ജന വിളകള്‍, എണ്ണപ്പന എന്നിവയ്ക്കു വേണ്ടി വെവ്വേറെ സ്വതന്ത്രസ്ഥാപനങ്ങള്‍ ആരംഭിച്ചു. കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ എരിയാലിലാണ് സിപിസിആര്‍ഐ സ്ഥിതി ചെയ്യുന്നത്.
കിസാന്‍ മേള, ശാസ്ത്ര എക്സിബിഷന്, കേന്ദ്രത്തിലെ പുതിയ ഉല്പന്നമായ കോകോനട്ട് ചോക്ലേറ്റിന്റെ ഉദ്ഘാടനം തുടങ്ങിയവയാണ് ആദ്യഘട്ടത്തിലെ പരിപാടികളെന്നു കേന്ദ്രം ഡയറക്ടര്‍ ഡോ.പി ചൗഡപ്പ പറഞ്ഞു. ശതാബ്ദി വര്‍ഷത്തില്‍ സി.പി.സി.ആര്.ഐയുടെ ഗവേഷണനേട്ടങ്ങളും കാറ്റുവീഴ്ചാ രോഗം ചെറുക്കുന്ന കല്‍പ്പരക്ഷ, കല്‍പ്പശ്രീ, കല്‍പ്പസങ്കര എന്നീ സങ്കരയിനം തെങ്ങിന്‍തൈകളും കര്ഷകരിലെത്തിക്കാനാണു ശ്രമം. നാളികേരത്തിനു 19 മികച്ച ഇനങ്ങള്‍ ഇപ്പോള്‍ തന്നെ കേന്ദ്രത്തില്‍ നിന്നു വികസിപ്പിച്ചിട്ടുണ്ട്.
കര്‍ഷകര്‍ക്കു കൂടുതല്‍ ആദായം ലഭിക്കുന്നതിനായി നീര ഉള്‍പെടെയുള്ള മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ നിര്‍മാണത്തിനു പ്രചാരം നല്‍കും. ഇതിനുപുറമെ കര്‍ഷകര്‍ക്കു സാമ്പത്തിക നേട്ടം ലഭിക്കാന്‍ സമ്മിശ്ര കൃഷി രീതിയും ഇടവിള കൃഷിയും പ്രോത്സാഹിപ്പിക്കും. കൊമ്പന്‍ചെല്ലി, ചെമ്പന്‍ചെല്ലി മറ്റു കീടങ്ങള്‍ എന്നിവയുടെ ആക്രമണം നിയന്ത്രിക്കാന്‍ പ്രാദേശിക തലത്തില്‍ സാമൂഹിക പങ്കാളിത്തത്തോടെ ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് പഞ്ചായത്തില്‍ വിജയകരമായി നടപ്പാക്കിയ മാതൃകാ പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കും.
വിവരസാങ്കേതിക വിദ്യയിലൂടെ കേരകര്‍ഷകര്‍ക്ക് കൃഷിരീതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ കോക്കനട്ട് ബേയ്സ്ഡ് സാറ്റ് ലൈറ്റ് സംവിധാനം ലോകത്താദ്യമായി രൂപപ്പെടുത്തി വരികയാണന്നും ഡയറക്ടര്‍ ഡോ.ചൗഡപ്പ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: