കോഴിക്കോട്: ഇന്ത്യന്‍ വിദ്യാഭ്യാസ ചരിത്രത്തിലെ സുവര്‍ണ്ണ നിമിഷങ്ങള്‍ അടയാളപ്പെടുത്തുന്ന വലിയ ഒറ്റ ക്യാന്‍വാസ് ചിത്രം ഗവ. കോളജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിക്കുന്നു. കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിയും ചിത്രകാരനുമായ അഭിലാഷ് തിരുവോത്താണ് ചിത്രം തയ്യാറാക്കിയത്. ചിത്രമെഴുത്തിലൂടെ ചരിത്രത്തെ അവതരിപ്പിക്കുന്ന ശ്രേണിയിലെ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമാണിത്. മുമ്പ് രസതന്ത്ര ചരിത്രം കോഴിക്കോട് സാമൂതിരി ഗുരവായൂരപ്പന്‍ കോളജിനായി സമര്‍പ്പിച്ചതാണ് ഈ ശ്രേണിയിലെ ആദ്യ ചിത്രം.
ചിത്രത്തില്‍ ശ്രേഷ്ഠമായ വേദ കാല പഠന സമ്പ്രദായം, പ്രാചീന സര്‍വകലാശാലയായ നളന്ദയും, സംവാദാത്മക പഠന രീതികളും ആലേഖനം ചെയ്തിട്ടുണ്ട്. വിദ്യാരംഭം പരിപാവനമായ ചടങ്ങായിക്കാണുന്ന ഇന്ത്യന്‍ സംസ്‌കാരം അറിവിന് എത്രത്തോളം പ്രാധാന്യം കല്‍പ്പിക്കുന്നു എന്നത് ചിത്രത്തില്‍ വ്യക്തമാണ്. ഇന്ത്യയില്‍ വിദ്യാഭ്യാസ മേഖലയില്‍ സ്ത്രീകള്‍ എത്ര ശക്തമായിരുന്നുവെന്ന് ഗാര്‍ഗി, മൈത്രേയി സാന്നിധ്യം വ്യക്തമാക്കുന്നു. മനുഷ്യ മനസ്സിന്റെ സംശുദ്ധീകരണത്തിന് ഉത്തമ മാതൃകയായ ശ്രീബുദ്ധനും, തൊഴിലധിഷ്ഠിത ദേശീയ വിദ്യാഭ്യാസ കാഴ്ചപ്പാട് മുന്നോട്ട് വച്ച ഗാന്ധിജിയും, ശാന്തി നികേതനിലൂടെ സാര്‍വ്വദേശീയതാ കാഴ്ചപ്പാട് മുന്നോട്ടുവച്ച ടാഗോറും ചിത്രത്തിന്റെ സര്‍ഗ്ഗാത്മകതയ്‌ക്ക് വ്യത്യസ്ത വീക്ഷണങ്ങള്‍ നല്‍കുന്നു. ഡോ.എസ്. രാധാകൃഷ്ണന്‍, ഡോ. അംബേദ്കര്‍, മൗലാനാ അബ്ദുള്‍ കലാം ആസാദ്, ഡോ. എസ്. കോത്താരി, ജോസഫ് മുണ്ടശ്ശേരി, എന്നിവരെയും ചിത്രത്തില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ഭാവിയില്‍ എല്ലാതരം വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളാനും, സംവദിക്കുവാനും കഴിയുന്ന ഇന്‍ക്ലൂസീവ് വിദ്യാഭ്യാസ രീതിയും, ലാപ്‌ടോപ്പും കമ്പ്യൂട്ടറും ഉപയോഗിച്ചുള്ള ആധുനിക പഠന സമ്പ്രദായവും ചിത്രത്തില്‍ വരച്ചിട്ടുണ്ട്. കുഞ്ഞിന് ആദ്യ വിദ്യാഭ്യാസം നല്‍കുന്ന അമ്മയേയും, ആയോധനകല അഭ്യസിപ്പിക്കുന്ന ഗുരുവിനെയും, കടമ്മനിട്ടയുടെ ‘കോഴി’ എന്ന കവിതയെ ഓര്‍മ്മിപ്പിക്കുന്ന തള്ളക്കോഴിയും കുഞ്ഞുങ്ങളും ചിത്രത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.
8ഃ4 അടി വലിപ്പത്തില്‍ അക്രിലിക് കളര്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഈ ചിത്രം ഇന്ന് ഉച്ചക്ക് 1.30ന് കോളജില്‍ നടക്കുന്ന ചടങ്ങില്‍ സുബാഷ് ചന്ദ്രന്‍ കോളജിന് സമര്‍പ്പിക്കും.
















