താനൂര്‍: നിറമരുതൂര്‍ ഉണ്ണ്യാലില്‍ കഴിഞ്ഞ ദിവസം സിപിഎമ്മും ലീഗും തമ്മില്‍ നടന്ന സംഘര്‍ഷത്തിന് പിന്നില്‍ പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢശ്രമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പ് അടുത്തതോടെ സംഘര്‍ഷം പൊട്ടിപുറപ്പെട്ടത് ഗൗരവമായി കാണണമെന്നും സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയവരെ അറസ്റ്റ് ചെയ്യണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ലീഗാണ് അക്രമിച്ചതെന്ന് സിപിഎമ്മും, സിപിഎമ്മാണ് അക്രമം അഴിച്ചുവിട്ടതെന്നും ലീഗും ആരോപിക്കുന്നുണ്ട്. എന്നാല്‍ രണ്ടുപേരും തമ്മില്‍ തല്ലുകയായിരുന്നെന്ന് ദൃസാക്ഷികളായ നാട്ടുകാര്‍ പറയുന്നു.
ഇരുകൂട്ടരും പരസ്പരം കല്ലേറും നടത്തി. കല്ലേറില്‍ കൊങ്ങന്റെപുരക്കല്‍ മുഹമ്മദ് അസ്ഹറുദ്ദീന് (28), കമ്മുട്ടകത്ത് റസാഖ് (40) എന്നിവര്‍ക്ക് പരിക്കേറ്റു. തേവര് കടപ്പുറത്തുനിന്ന് മടങ്ങിയ സംഘം പറവണ്ണയിലും സിപിഐ എം പ്രവര്‍ത്തകരുടെ വീട് ആക്രമിച്ചു. ഉണ്ണ്യാല്‍ സ്വദേശികളും പറവണ്ണയില്‍ താമസക്കാരുമായ പള്ളിമാന്റെ പുരക്കല്‍ യാസര്‍, പള്ളിമാന്റെ പുരക്കല്‍ അബ്ദുറഹിമാന് എന്നവരുടെ വീടുകളാണ് ആക്രമിച്ചത്. 13 പവനും 10,000 രൂപയൂം കവര്‍ന്നതായും പരാതിയുണ്ട്.
അക്രമത്തില്‍ നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നിരുന്നു. നാല് മണിക്കൂറോളം കലാപ അന്തരീക്ഷമായിരുന്നു പ്രദേശത്ത്. ഉണ്ണ്യാല്‍ തേവര് കടപ്പുറത്ത് അഴിച്ചുവിട്ടത്. സംഘംചേര്‍ന്നെത്തിയ ആളുകള്‍ അക്രമമഴിച്ചുവിടുകയായിരുന്നു. പേരൂര്‍ ഇസുദ്ദീന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്വിഫ്റ്റ് കാര്‍ അടിച്ചുതകര്‍ത്ത സംഘം വീടും ആക്രമിച്ചു. വീടിന്റെ ജനല്‍ ചില്ലുകളും വരാന്തയിലെ ഫര്‍ണിച്ചറും തകര്‍ത്തു. വീട്ടിലുണ്ടായിരുന്ന ഫാത്തിമ (35), നസീമ (30) എന്നിവര്‍ക്ക് പരിക്കേറ്റു.
കണ്ണംമരക്കാരകത്ത് കുഞ്ഞിമോന്റെ വീട് അക്രമി സംഘം അടിച്ചുതകര്‍ത്തു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ, ബൈക്ക് എന്നിവയും തകര്‍ത്തു. ബൈക്ക് പൂര്‍ണമായും നശിപ്പിച്ചിട്ടുണ്ട്. സമീപത്തെ മറ്റൊരു പറമ്പില്‍ നിര്‍ത്തിയിട്ട കുട്ടന്റെപുരക്കല് കബീറിന്റെ ഓട്ടോറിക്ഷയും നശിപ്പിച്ചു. തേവര് കടപ്പുറം ജ്ഞാനപ്രഭ സ്കൂളിന് സമീപം പള്ളിക്കല്‍ മുഹമ്മദ് കാസിമിന്റെ പലചരക്ക് കടയിലെത്തിയ സംഘം സാധനങ്ങളും നശിപ്പിച്ചു.
സമീപത്തെ വെസ്റ്റേണ്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് കഌബ്ബിനുനേരെയും ആക്രമണമുണ്ടായി. സമീപത്ത് നിര്‍ത്തിയിട്ട ഹൈദ്രോസ് ഹാജിന്റെ പുരക്കല്‍ നൗഷാദിന്റെ സ്കൂട്ടര്‍ പൂര്‍ണമായും നശിപ്പിച്ചു. പോക്കുവിന്റെ പുരക്കല്‍ സീനത്തിന്റെ ഉടമസ്ഥതയിലുള്ള ഫ്ളോര്‍ മില്ല് തകര്‍ത്ത സംഘം മെഷീനുകളും നശിപ്പിച്ചു. പടിഞ്ഞാറെയില്‍ അലിക്കുട്ടി, ഏനിക്കടവത്ത് ഹംസക്കുട്ടി, ഹൈദ്രോസ് ഹാജിന്റെ പുരക്കല്‍ കുഞ്ഞന്‍ബാവ എന്നിവരുടെ വീടുകള്‍ക്കുനേരെയും ആക്രമണമുണ്ടായി. ഇരുപാര്‍ട്ടികളും ആസൂത്രിതമായി നടത്തിയ ആക്രമണ്. ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതിന് പകരം പോലീസ് കൈയ്യുംകെട്ടി നോക്കി നില്‍ക്കുകയായിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പോലീസിനെ വിവരമറിയിച്ചിട്ടും രണ്ടര മണിക്കൂര്‍ കഴിഞ്ഞാണ് സ്ഥലത്തെത്തിയത്. അക്രമം നടക്കുന്നതിന് തൊട്ടുമുമ്പുവരെ സ്ഥലത്തുണ്ടായിരുന്ന പോലീസ് ആക്രമണ സമയത്ത് മാറിയതായും നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് നിരന്തരം സംഘര്‍ഷമുണ്ടാകുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് സിപിഎമ്മും ലീഗും അക്രമം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: