പനമരം : ആദിവാസികളും പിന്നാക്ക വിഭാഗത്തിലുംപ്പെട്ട ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുബങ്ങള്‍ക്ക് സൗജന്യമായി അരി വിതരണം ചെയ്യുമ്പോള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ വ്യാപാരികളുടെ പ്രശ്നങ്ങള്‍ വേണ്ടതരത്തില്‍ പരിഗണിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാടുകളില്‍ എകെആര്‍ആര്‍ഡിഎ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. റേഷന്‍ വ്യാപാരിക്ക് വാഹനവാടക കയറ്റ് ഇറക്ക് കൂലി സ്റ്റേഷനറി ഇനത്തില്‍ വന്‍ ബാധ്യതയാണ് വരുന്നത്. കഴിഞ്ഞ എട്ട് മാസമായി കോടിക്കണക്കിന് രൂപയാണ് ജില്ലയില്‍ കമ്മീഷന് ഇനത്തില്‍ റേഷന്‍ കടക്കാര്‍ക്ക് കുടിശ്ശികയായിരിക്കുന്നത്. നിലവില്‍ സര്‍ക്കാരില്‍ പണമടച്ച് മൂന്നോളം മാസത്തെ റേഷന്‍ സാധനങ്ങള്‍ സ്റ്റോക്ക് എടുത്ത വകയിലും വന്‍ തുക സര്‍ക്കാര്‍ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാനുണ്ട്. ഈ സ്റ്റോക്ക് ഇരിക്കുന്ന അരിയാണ് ഏപ്രില്‍ ഒന്ന് മുതല്‍ സൗജന്യമായി നല്ക്കേണ്ടിവരുന്നത് അത്കൊണ്ട് തന്നെ നിലവില്‍ കടയില്‍ സ്റ്റോക്ക് ഇരിക്കുന്ന അരിയുടെ മുഴുവന്‍ തുകയും സര്‍ക്കാര്‍ അഡ്വാന്‍സായി തരികയും മാര്‍ച്ച് 31 വരെ ലഭിക്കാനുള്ള കമ്മീഷന് തുക പൂര്‍ണ്ണമായും അനുവധിക്കുകയും ചെയ്യാതെ ജില്ലയിലെ റേഷന്‍ വിതരണം സുഗമമായി മുന്നോട്ട് കൊണ്ട് പോകുവാന്‍ സാധിക്കില്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
റേഷന്‍ മൊത്ത വ്യാപാരികള്‍ മാനുവല്‍ ത്രാസ്സില്‍ തൂക്കിനല്കുന്നതുമൂലം വന്തൂക്കകുറവാണ് ഇതുമൂലം റേഷന്‍ ചില്ലറ വ്യാപാരികള്‍ക്ക് സഹിക്കേണ്ടി വരുന്നത്. മൊത്ത വ്യാപാരികള്‍ നടത്തുന്ന തട്ടിപ്പിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ യോഗം പ്രതിഷേധിച്ചു.
എത്രയും പെട്ടന്ന് റേഷന്‍ കടകളില്‍ കംമ്പ്യൂട്ടര്‍ വല്ക്കരണവും ഭക്ഷ്യസുരക്ഷ പദ്ധതിയും നടപ്പിലാക്കണമെന്നും റേഷന്‍ വ്യാപാരിക്ക് ചെയ്യുന്ന ജോലിയ്ക്ക് മാന്യമായ വേതനം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. റേഷന്‍കട ഉടമകളോടുള്ള ഉദ്യോഗസ്ഥരുടെ ചിറ്റമ്മനയം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായി പ്രതിഷേധിക്കും. കേന്ദ്ര ഗവണ്മെന്റ് ജില്ലയ്ക്ക് അനുവദിച്ച 2000 കിന്റല്‍ റേഷനരി വയനാട്ടിലെ റേഷന്‍ കടകളില്‍ കെട്ടികിടന്ന് നശിക്കുകയാണ് ഈ അരി എന്ത് ചെയ്യണമെന്ന് ബന്ധപ്പെട്ട ഡിപാര്‍ട്ട്മെന്റിന് യാതൊരു നിശ്ചയവും ഇല്ല.
വാഗ്ദാനങ്ങള്‍ പാലിക്കാതെ കടയുടമകളെ പീഡിപ്പിച്ചും ഭീഷിണിപ്പെടുത്തിയും സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ കടകള്‍ അടച്ചിട്ട് റേഷന്‍ വിതരണം നിര്‍ത്തിവെച്ച് പ്രതിഷേധിക്കുന്നതിനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡാനിയല്‍ ജോര്‍ജ്ജ് ജില്ല ജനറല്‍ സെക്രട്ടറി എം.പി അനിരുദ്ധന്, ബി.ദിനേശ്കുമാര്‍, പി.ഭാസ്കരന്, ഷാജി യവനാര്‍കുളം, അബൂബക്കര്‍ പനമരം എന്നിവര്‍ സംസാരിച്ചു. ബേബി വളാട് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: