ബ്രഹ്മാവു പ്രാര്‍ത്ഥിച്ചുഃ ഭഗവാനേ, അവിടുന്ന് എല്ലാമറിയുന്നവനും എന്റെയുള്ളില്‍ത്തന്നെയുളള സത്തുമാണെങ്കിലും അവിടത്തെ പ്രഭാവം മനസിലാക്കിത്തരാന്‍ ഞാന്‍ താഴ്മയോടെ അഭ്യര്‍ത്ഥിക്കുന്നു. അവിടുത്തെ പരമസത്തയേപ്പറ്റിയും നിരാകാരവും ആപേക്ഷികമായി സാകാരവുമായ വിശ്വരൂപ ത്തെപ്പറ്റിയും എനിക്കറിവുണ്ടാക്കിത്തന്നാലും. അവിടുന്നീവിശ്വംമുഴുവനും നിറഞ്ഞിരിക്കുന്നുവെങ്കിലും സ്വന്തം മായാശക്തിയാല്‍ ഭൂമിയില്‍ പ്രത്യക്ഷമായി കാണപ്പെടുന്നു. അവിടുന്ന് വിശ്വത്തെ സംരക്ഷിക്കുകയും അവസാനം സ്വശക്തിയില്‍ വിലയിപ്പിക്കയും ചെയ്യുന്നു. എട്ടുകാലി തന്നില്‍നിന്നു വലയുണ്ടാക്കി അതില്‍ കുറച്ചുനേരം കളിച്ച് അവസാനം തന്നിലേക്കുതന്നെ ഉള്‍വലിയുന്നു. ഇതേക്കുറിച്ച് ഞാനെന്നും അറിവുളളവനാകട്ടെ. അവിടത്തെക്കയ്യിലെ ഒരുപകരണമായി ഈ സൃഷ്ടി കര്‍മ്മത്തില്‍ എന്നെ പങ്കെടുപ്പിച്ചാലും. ‘ഞാന്‍ സൃഷ്ടിച്ചു’, എന്നൊരു തോന്നല്‍ എന്നിലുണ്ടാകാതേ യുമിരിക്കട്ടെ.
















