കല്‍പ്പറ്റ : അപസ്മാര രോഗിയായ വീട്ടമ്മയുടെ സ്വത്തും വീട്ടിലേക്കുള്ള പത്തടി റോഡും തട്ടിയെടുക്കാനുള്ള ശ്രമം നടക്കുന്നതായി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാര്‍ഡിലെ പരേതനായ കുളിമൂല ചന്തുവിന്റെ മകള്‍ സരസ്വതി, സഹോദരി ഉഷാദേവി, സഹോദരി ഭര്‍ത്താവ് രവീന്ദ്രന് എന്നിവര്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അച്ഛന്റെ കാലശേഷം അമ്മയാണ് തന്നെയും സഹോദരനെയും നോക്കുന്നതെന്നും അമ്മ മരിക്കുന്നതിന് മുന്‍പുതന്നെ പിതൃസ്വത്തുക്കള്‍ വീതംവെച്ചിരുന്നതായും ഇവര്‍ പറഞ്ഞു. അപസ്മാര രോഗിയായ തന്റെ സ്വത്തുക്കള്‍ അമ്മയാണ് നോക്കിനടത്തിയത്. അമ്മ മരിച്ചതോടെ ജ്യേഷ്ട്ഠത്തിയുടെ പരിചരണത്തില്‍ സരസ്വതിയുടെ വിവാഹം നടത്തിയതായി ഇവര്‍ പറയുന്നു. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി സരസ്വതിയുടെ സ്വത്തുക്കള്‍ പൂതാടി ഏര്വാലത്തിങ്കല് വേലായുധന്, ഗോപി എന്നിവര്‍ക്ക് കൈമാറ്റം ചെയ്തു. പകരമായി സരസ്വതിക്ക് ഏര്പാലത്തിങ്കലുള്ള വേലായുധന്റെ ഭൂസ്വത്തുക്കള്‍ ലഭിച്ചതായി ഇവര്‍ പറയുന്നു. അമ്മയുടെ പേരിലുള്ള ഭൂസ്വത്തുക്കള്‍ അമ്മയുടെ കാലശേഷം രണ്ട് പെണ്മക്കള്ക്ക് അവകാശപ്പെട്ടതാണെന്നിരിക്കെ അതുകൂടി വേലായുധന് തട്ടിയെടുത്തതായി ഇവര്‍ ആരോപിക്കുന്നു. ഇതിനെതിരെ അവര്‍ കല്‍പ്പറ്റ കോടതിയെ സമീപിച്ചു.
സ്വത്തുക്കള്‍ സരസ്വതിക്കും കുടുംബത്തിനും അവകാശപ്പെട്ടതാണെന്ന് കല്‍പ്പറ്റ കോടതി വിധിച്ചു. ഇതിനിടെ വേലായുധന് അമ്മയുടെ സ്ഥലത്തുണ്ടായിരുന്ന വീട് പൊളിച്ചുമാറ്റി. ഈ സ്ഥലത്തിലേക്കുള്ള 250 മീറ്ററോളം നീളമുള്ള പത്തടി വീതിയുള്ള റോഡ് പഞ്ചായത്തിന്റേതാണെന്നുപറഞ്ഞ് കണിയാമ്പറ്റ പഞ്ചായത്ത് സെക്രട്ടറിയും കൂട്ടരും റോഡ് കയ്യേറി നിര്‍മ്മാണപ്രവര്‍ത്തനം നടത്തികൊണ്ടിരിക്കുകയാണ്. റോഡ് കയ്യേറരുതെന്ന് കാണിച്ച് സെക്രട്ടറിക്കും കമ്പളക്കാട് പോലീസിലും പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല. അബലകളായ തങ്ങളുടെ ഭൂമി തട്ടിയെടുത്ത് പൊതു റോഡാണെന്ന് പറയുന്നതിലും ഗ്രാമപഞ്ചായത്തിന്റെയും മറ്റും ശത്രുതാ നടപടികളിലും പ്രതിഷേധിച്ച് ജില്ലാകളക്ടറുള്പ്പെടെയുള്ളവര്ക്ക് പരാതി നല്‍കിയാതയും ഇവര്‍ പറയുന്നു. റോഡും സ്ഥലവും തട്ടിയെടുക്കുന്നതിനു വേണ്ടി മുന്‍പ് രാത്രിയിലാണ് നിര്‍മ്മാണ വസ്തുക്കള്‍ ഇറക്കി റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. റോഡ് പഞ്ചായത്ത് ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ടതുകൊണ്ടാണ് നിര്‍മ്മാണപ്രവൃത്തി നടത്തിയതെന്നാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: