ചേര്‍ത്തല: നഗരത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഉഗ്രവിഷമുള്ള പാമ്പുകള്‍ ഭീതി പരത്തുന്നു. നാട്ടുകാര്‍ ഭയാശങ്കയില്‍. രണ്ടു മാസത്തിനുള്ളില്‍ പത്തോളം പേര്‍ക്കാണ് പാമ്പുകടിയേറ്റത്. കഴിഞ്ഞ ദിവസം ഗുരുതരാവസ്ഥയില്‍ പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആര്‍എസ്എസ് മുന്‍ മണ്ഡല്‍ കാര്യവാഹ് നഗരസഭ രണ്ടാം വാര്‍ഡില്‍ വട്ടത്തറ വിജു(33) വാണ് മരിച്ചത്
ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വീടിനു സമീപമായിരുന്നു ഇയാള്‍ക്ക് പാമ്പുകടിയേറ്റത്. ആലപ്പുഴമെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദിവസങ്ങള്‍ക്കു മുന്‍പ് സമീപവാസിയായ യദുകൃഷ്ണനും പാമ്പുകടിയേറ്റിരുന്നു. നഗരത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളും മൂന്നാം വാര്‍ഡിന്റെ ഭാഗവും ഉള്‍പ്പെട്ട മേഖലയാണ് ഇഴജന്തുക്കള്‍ താവളമാക്കിയത്.
തോടും ചിറയും ചതുപ്പും കുറ്റിക്കാടുകളും നിറഞ്ഞതാണ് മേഖല. തോടു നികത്തുന്നതിനും മറ്റും മലയോരമേഖലകളില്‍ നിന്ന് വ്യാപകമായി ഗ്രാവലും പൂഴിയും പ്രദേശത്ത് ഇറക്കിയിരുന്നു. ഇതിലുണ്ടായിരുന്ന പാമ്പിന്‍ മുട്ടകള്‍ വിരിഞ്ഞതാണ് പ്രദേശത്ത്് ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാകുവാന്‍ കാരണം.
പ്രദേശത്ത് ആവശ്യമായ വഴിവിളക്കുകള്‍ ഇല്ലാത്തതും കാടുകയറിയ പ്രദേശങ്ങള്‍ യഥാസമയം വെട്ടിത്തെളിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കാത്തതും ഇതിന് കാരണമാകുന്നുണ്ട്. പലതവണ അധികാരികള്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും നടപടിയുായില്ലെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തി.
ജലസ്രോതസുകള്‍ സ്വകാര്യ വ്യക്തികള്‍ കയ്യേറി മൂടിയതും പൊതു തോടുകളിലൂടെയുള്ള ഒഴുക്ക് നിലച്ചതും പ്രദേശത്ത് ഗുരുതരമായ മാലിന്യപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ഇരുവേലി തോട്ടിലടക്കം ജലനിര്‍ഗമനം നിലച്ച അവസ്ഥയാണ്. ഇഴജന്തുക്കളുടെ ശല്യം മൂലം തോട് ശുചീകരണമടക്കമുള്ള ജോലികളിലേര്‍പ്പെടാന്‍ പോലും തൊഴിലാളികള്‍ ഭയക്കുകയാണ്.
പാമ്പുകടിയേല്‍ക്കുന്നവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിനുള്ള സൗകര്യം പോലും ദേശീയ നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവ. താലൂക്കാശുപത്രിയിലില്ല. കടിയേറ്റ് ഇവിടെയെത്തുന്നവരെ കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ എത്തിക്കുമ്പോഴേക്കും ജീവന്‍ അപകടത്തിലാകുകയാണ് പതിവ്.
















