ആലപ്പുഴ: നിരവധി സേവാപ്രവര്‍ത്തനങ്ങളിലൂടെ സേവനത്തിന്റെ സമസ്ത മേഖലകളിലും നിറഞ്ഞുനില്‍ക്കുന്ന സേവാഭാരതിയുടെ അമ്പലപ്പുഴ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ വണ്ടാനം ടിഡി മെഡിക്കല്‍ കോളേജാശുപത്രിയില്‍ നിര്‍ദ്ധനരായ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി നിത്യവും നടത്തുന്ന അന്നദാനം ഒന്‍പതാം വര്‍ഷത്തിലേക്ക് കടന്നു. 2008 ഫെബ്രുവരി 28ന് ആരംഭിച്ച ഈ അന്നദാന പദ്ധതിയില്‍ നിത്യവും 1,200ല്‍പരം ആളുകള്‍ക്ക് ഭക്ഷണം നല്‍കിവരുന്നു.
അന്നദാന പദ്ധതിയുടെ എട്ടാമത് വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന യോഗം ഭാരതീയ വിദ്യാനികേതന്‍ ജില്ലാ അദ്ധ്യക്ഷന്‍ പി.ഡി. കേശവന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സേവാഭാരതി അമ്പലപ്പുഴ പ്രസിഡന്റ് ആര്‍. ശങ്കരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി കെ. ബൈജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. താലൂക്ക് കാര്യവാഹ് വി. ഉണ്ണികൃഷ്ണന്‍, അന്നദാന കമ്മറ്റി ജനറല്‍ കണ്‍വീനര്‍ എസ്.ഡി. രമേശന്‍, ഡോ. സി. ദിലീപ്, എസ്. സതീഷ്‌കുമാര്‍, ആര്‍. ഭദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















