കാസര്‍കോട്: ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങളിലെ രണ്ട് വാര്‍ഡുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ചെങ്കള ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡായ ചെര്‍ക്കള വെസ്റ്റ്, പിലിക്കോട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡായ കൊടക്കാട് എന്നിവിടങ്ങളിലേക്കാണ് അംഗങ്ങള്‍ രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നാളെ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് വരെ വോട്ടെടുപ്പ് നടത്തും. വോട്ടെടുപ്പ് ദിവസം ഈ നിയോജകമണ്ഡലങ്ങിളുടെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. നാളെ വൈകീട്ട് ഏഴ് മണി മുതല്‍ അതാത് പഞ്ചായത്ത് ഓഫീസില്‍ വോട്ടെണ്ണലിന് ശേഷം ഫലപ്രഖ്യാപനവും ഉണ്ടാകും. രണ്ടും വനിതാ സംവരണവാര്‍ഡുകളാണ്. വോട്ടെടുപ്പിന്റെ ഭാഗമായി ഈ പഞ്ചായത്തുകളില്‍ മദ്യവില്പനയും നിരോധിച്ചു. തെരെഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം പൂര്‍ത്തിയായി. ഒരു ബൂത്തില്‍ നാല് ഉദ്യോഗസ്ഥരെയാണ് നിയമിക്കുന്നത്. സിംഗില്‍ ഫേസ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചാണ് തെരെഞ്ഞെടുപ്പ് നടക്കുക. ചെങ്കളയില്‍ ബി ബാലാമണി, സുഫൈജ എന്നിവരും പിലിക്കോടില്‍ എം ടി പി മൈമൂനത്ത്, പി ലളിത എന്നിവരുമാണ് മത്സരിക്കുന്നത്. ചെങ്കളയില്‍ സറീന ബഷീറും, പിലിക്കോടില്‍ വി എന്‍ രാധയും രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരെഞ്ഞെടുപ്പ് വേണ്ടിവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: