കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളെ പരിചരിക്കുന്ന അമ്പലത്തറ സ്നേഹ വീട്ടിലേക്ക് സ്നേഹ സാന്ത്വനവും ഒരുപിടി സഹായവുമായി വെള്ളരിക്കുണ്ട് നാട്യാഞ്ജലി കലാക്ഷേത്രം പ്രവര്‍ത്തകരെത്തി. കുട്ടികളോടൊത്ത് ആടിയും പാടിയും വിശേഷങ്ങള്‍ ചോദിച്ചും കലാക്ഷേത്രം പ്രവര്‍ത്തകര്‍ ഏറെ നേരം സ്നേഹവീട്ടില്‍ ചെലവഴിച്ചു. തുടര്‍ന്ന് നാട്യാഞ്ജലിയുടെ സ്നേഹ സമ്മാനമായ അരിയും പുതപ്പുകളും കലാക്ഷേത്രം ഡയറക്ടര്‍ സന്തോഷ് നാട്യാഞ്ജലി സ്നേഹവീട്ടിലേക്ക് കൈമാറി.
നാട്യാഞ്ജലിയുടെ ബാനറില്‍ ചന്ദ്രു വെള്ളരിക്കുണ്ട് ഛായാഗ്രഹണം നിര്‍വ്വഹിച്ച് സന്തോഷ് നാട്യഞ്ജലി സംവിധാനം ചെയ്ത് പുറത്തിറക്കിയ ‘നാട്യാരംഭം’ എന്ന വീഡിയോ സി.ഡി വിറ്റ് കിട്ടുന്ന തുകയുടെ ഒരു ഭാഗം അമ്പലത്തറ സ്നേഹവീടിന് വേണ്ടി ചെലവഴിക്കുമെന്ന് സി.ഡിയുടെ പ്രകാശന ചടങ്ങില്‍ അണിയറ പ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് വാക്ക് പാലിച്ചു കൊണ്ട് നാട്യാഞ്ജലി പ്രവര്‍ത്തകര്‍ സഹായവുമായി സ്നേഹവീട്ടിലേക്ക് എത്തിയത്. നൃത്ത ശിക്ഷണത്തിന് പുറമെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും സമയം കണ്ടെത്താന്‍ ശ്രമിക്കുന്ന കലാക്ഷേത്രം ഡയറക്ടര്‍ സന്തോഷ് നാട്യാഞ്ജലിയോടൊപ്പം ഭാര്യ ജലജ സന്തോഷ്, നിശാന്ത് തുടങ്ങിയവരും സ്നേഹ സംഗമത്തില്‍ പങ്കെടുത്തു. കുട്ടികള്‍ക്കൊപ്പം സ്നേഹവീട് പ്രവര്‍ത്തകരായ അമ്പലത്തറ കുഞ്ഞികൃഷ്ണന്, മുനീസ അമ്പലത്തറ, രതീഷ് അമ്പലത്തറ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: