കാസര്‍കോട്: വിപുലമായ യുഡിഎഫ് കണ്വെന്ഷന് വിളിച്ച് ചേര്‍ക്കേണ്ടതിനു പകരം നേതൃകണ്വെന്ഷന് വിളിച്ചു ചേര്‍ത്ത നേതാക്കള്‍ക്കെതിരെ കണ്‍വീനര്‍ പി പി തങ്കച്ചന്റെ രൂക്ഷ വിമര്‍ശനം അഴിച്ച് വിട്ടു. കാസര്‍കോട്ട് വിപുലമായ യുഡിഎഫ് കണ്വെന്ഷന് നടത്തി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു. പ്രവര്‍ത്തകരെ തെരഞ്ഞെടുപ്പ് രംഗത്തേക്ക് സജീവമാക്കുകയായിരുന്നു കണ്‍വെന്‍ഷന്റെ ഉദ്ദേശം. എന്നാല്‍ ജില്ലയില്‍ നേതൃകണ്വെന്ഷന് മാത്രം വിളിച്ചു കൂട്ടിയതാണ് പി പി തങ്കച്ചനെ പ്രകോപിപ്പിച്ചത്. നൂറ് പേര്‍ക്ക് മാത്രം ഇരിക്കാന്‍ കഴിയുന്ന കാസര്‍കോട് നഗരസഭാ വനിതാ ഹാളിലാണ് കഴിഞ്ഞ ദിവസം നേതൃയോഗം വിളിച്ചു ചേര്‍ത്തത്. ഇതാണ് പി പി തങ്കച്ചന് ചോദ്യം ചെയ്തത്. വിപുലമായ കണ്വെന്ഷന് വിളിച്ച് പ്രവര്‍ത്തകരെ സജ്ജമാക്കണമെന്ന മുന്നറിയിപ്പ് നല്‍കിയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്‍ക്കേ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ യുഡിഎഫിനകത്ത് പൊട്ടിത്തെറികള്‍ ആരംഭിച്ച് കവിഞ്ഞു. പലര്‍ക്കും സിറ്റിംഗ് സീറ്റുകള്‍ നഷ്ടമാകുക മാത്രമല്ല. നിലവിലുള്ള എംഎല്‍എമാരില്‍ പലര്‍ക്കും തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ലെന്ന് തന്നെ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. പ്രകടന പത്രികയില്‍ ഉള്‍ക്കൊള്ളിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചയില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് വാക്കേറ്റം നടത്തുകയും ചെയ്തതോടെ യോഗം ബഹളമയമായി മാറി. അഞ്ച് വര്‍ഷം മണ്ഡലവും നഗരസഭയും ഭരിച്ചിട്ടും കാസര്‍കോട് നഗരത്തിലെ ഉപ്പ് വെള്ള പ്രശ്നം പരിഹരിക്കാത്തതിനെ ചിലര്‍ ചോദ്യം ചെയ്തു. നഗരവാസികള്‍ക്ക് ഇപ്പോഴും പല സ്ഥലത്തും കുടിക്കാന്‍ കിട്ടുന്നത് ഉപ്പ് വെള്ളമാണ്. ഉപ്പ് വെള്ള പ്രശ്നം യോഗത്തില്‍ വായിച്ച പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തേണ്ട കരട് രേഖയില്‍ ഇല്ലാത്തത് വലിയ ബഹളത്തിന് കാരണമായി. ബഹളങ്ങള്‍ നടക്കുന്ന സമയത്ത് ഡിസിസി പ്രസിഡന്റ് സി.കെ.ശ്രീധരന് മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ പെരിയയിലായിരുന്നു.
മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി കമറുദ്ദീന് മുഖ്യമന്ത്രിയെത്താന്‍ വൈകുമെന്നതിനാല്‍ നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ അല്പം വൈകിയാണെത്തിയത്. യുഡിഎഫ് നേതൃയോഗത്തിനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാകട്ടെ കാസര്‍കോട്ടെ പ്രശ്നങ്ങള്‍ എവിടെയും തൊടാതെ ചെറു പ്രസംഗം നടത്തി വേദി വിട്ടു. ജില്ലയിലെ മുഴുവന്‍ ഡിസിസി ഭാരവാഹികള്‍ക്ക് പോലും ഇരിക്കാന്‍ സ്ഥലമില്ലാത്ത ചെറു ഹാളില്‍ നേതൃയോഗം വിളിച്ച് ചേര്‍ത്ത പ്രസിഡണ്ടിനെതിരെ പ്രവര്‍ത്തകരും നേതാക്കളും രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. വരും ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജ്ജീവമാകുന്നതോടെ യുഡിഎഫിനകത്ത് വന്‍ പൊട്ടിത്തെറി തന്നെ ഉണ്ടാകുമെന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രവര്‍ത്തകരുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: