ചേര്‍ത്തല: നഗരസഭാ അധികാരികളുടെ മൂക്കിനു താഴെ ഇരുട്ടിലമര്‍ന്ന് വ്യാപാരസമുച്ചയം. സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയ ഇവിടെ നിന്ന് ദിനം പ്രതി ഇരുചക്രവാഹനങ്ങളടക്കം മോഷണം പോകുന്നത് പതിവായി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം കോടികള്‍ മുടക്കി നഗരസഭ നിര്‍മിച്ച നിരവധി വിദ്യാഭ്യാസ വ്യാപാരസ്ഥാപനങ്ങളും ഓഫീസുകളുമടക്കം പ്രവര്‍ത്തിക്കുന്ന കെട്ടിട സമുച്ചയത്തിലാണ് സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നത്.
കഞ്ചാവ് മയക്കുമരുന്ന് സംഘങ്ങളുടെ ഇടത്താവളമാണിവിടം. കെട്ടിടത്തില്‍ വെളിച്ചമില്ലാത്തതിനാല്‍ സന്ധ്യമയങ്ങുന്നതോടെ ഇത്തരക്കാര്‍ യഥേഷ്ടം വിഹരിക്കുകയാണിവിടെ. പകല്‍ സമയങ്ങളിലും വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവരെ വശത്താക്കുവാന്‍ മയക്കുമരുന്ന് സംഘങ്ങളുടെ ഏജന്റുമാര്‍ ഇവിടെയെത്തുന്നുണ്ട്. നാലുനിലകളുള്ള കെട്ടിടത്തില്‍ മൂന്ന് പ്രവേശന കവാടങ്ങളാണുള്ളത്. കവാടങ്ങള്‍ പോലും വൈദ്യുതി വിളക്കുകള്‍ തെളിയാതെ ഇരുട്ടുമൂടി കിടക്കുകയാണ്.
ഇതാണ് സാമൂഹ്യ വിരുദ്ധ സംഘങ്ങള്‍ സൈ്വര്യ വിഹാരത്തിന് ഇവിടം തെരഞ്ഞെടുക്കുന്നതിന് കാരണമാകുന്നത്. സമീപത്ത് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഈ-ടോയ്‌ലറ്റ് ഉപയോഗ ശൂന്യമായതോടെ ഇതും സാമൂഹ്യ വിരുദ്ധര്‍ക്ക് തുണയായുകയാണ്. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികളടക്കം പലതവണ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
വ്യാപാരികളില്‍ നിന്ന് കൃത്യമായി വാടക ഈടാക്കുന്ന ഭരണാധികാരികള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ താല്‍പ്പര്യം കാട്ടുന്നില്ലെന്നാണ് വിമര്‍ശനം.
















