അലീഗഢ്: വിവാദമായ ഹന്‍സല്‍ മേത്തയുടെ അലിഗഢ് എന്ന സിനിമ നഗരത്തില്‍ നിരോധിക്കണമെന്ന് അലിഗഢ് മുസ്ലിം സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍. എഎംയു പ്രൊഫസര്‍ ഡോ. ശ്രീനിവാസ് രാമചന്ദ്ര സിറാസിന്റ ജീവിതം ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 2009ല്‍ സിറാജ് ഒളിക്യാമറ ഉപയോഗിച്ച് സ്വവര്‍ഗ്ഗാനുരാഗവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇത് സിനിമയാക്കി പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിനെതുടര്‍ന്ന് ദുര്‍നടത്തത്തിന്റെ പേരില്‍ സിറാസിനെ എഎംയുവില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഇതിനെതിരെ അനുകൂല വിധി നേടിയെങ്കിലും ഒരാഴ്ചയ്‌ക്കുശേഷം സിറാസിനെ സ്വന്തം വീട്ടില്‍ മരിച്ച നിലിയില്‍ കണ്ടെത്തുകയായിരുന്നു. ഇതാണ് സിനിമയുടെ ഇതിവൃത്തം. മനോജ് ബാജ്‌പേയി നായകനായിട്ടുള്ള ഈ സിനിമയെ രണ്ടു കാരണം കൊണ്ടാണ് എഎംയു വിദ്യാര്‍ത്ഥികളും മറ്റ് ഗ്രൂപ്പുകളും എതിര്‍ക്കുന്നത്. ചിത്രത്തിന് അലിഗഢ് എന്ന് പേരു നല്‍കിയതും ഇത് സര്‍വ്വകലാശാലയ്‌ക്ക് പ്രതികൂലമായ പ്രതിച്ഛായയാവും നല്‍കുക എന്നതുകൊണ്ടാണ് എഎംയു വിദ്യാര്‍ത്ഥികളും മറ്റും ഇതിനെതിരെ രംഗത്തുവന്നിരിക്കുന്നത്.
സിനിമയുടെ പേര് മാറ്റുകയോ ഇതിന് നിരോധനം ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് അലിഗഢിലെ മില്ലത് ബെദ്‌റായി മുഹീം കമ്മിറ്റിയും വിദ്യാര്‍ത്ഥി സമൂഹവും കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദിന് നിവേദനം നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കേണ്ടത് ഡിസ്ട്രിബ്യൂട്ടേഴ്‌സാണെന്ന് അലിഗഢ് എസ്പി അനുഷുല്‍ ഗുപ്ത അറിയിച്ചു. അതേ സമയം സിനിമ നഗരത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് അലിഗഢ് മേയര്‍ ശകുന്തള ഭാരതി പറഞ്ഞു. അലിഗഢിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഈ സിനിമയെന്ന് അവര്‍ ആരോപിച്ചു.
















