ന്യൂദല്‍ഹി: രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച കേസിലുള്‍പ്പെട്ട ഉമര്‍ ഖാലിദിനും അപരാജിതയടക്കം ജെഎന്‍യുവിലെ ഹോസ്റ്റല്‍ മുറികള്‍ അനുവദിച്ചത് ചട്ടം ലംഘിച്ചാണെന്ന് വ്യക്തമാകുന്നു. അര്‍ഹരായ നിരവധി വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാല ക്യാമ്പസിന് പുറത്ത് വന്‍തുകയ്‌ക്ക് വാടക വീട്ടില്‍ താമസിക്കുമ്പോഴാണ് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ വര്‍ഷങ്ങളായി ഹോസ്റ്റല്‍ മുറികള്‍ കൈയടക്കിവെച്ചിരിക്കുന്നത്.
സിമിയുടെ മുന്‍ സ്ഥാപക നേതാവും ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ പാര്‍ട്ടിയായ വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ അഖിലേന്ത്യാ പ്രസിഡന്റുമായ എസ്‌ക്യുആര്‍ ഇല്യാസിയുടെ മകനായ ഉമര്‍ ഖാലിദിന്റെ വീട് തെക്കന്‍ ദല്‍ഹിയിലെ സകീര്‍ നഗറിലാണ്. സിപിഐ നേതാവും രാജ്യസഭാ അംഗവുമായ ഡി. രാജയുടെ മകള്‍ അപരാജിതയും കുടുംബവും ദല്‍ഹിയുടെ കേന്ദ്രഭാഗമായ റാഫിമാര്‍ഗ്ഗിലെ ഫഌറ്റിലാണ് താമസിക്കുന്നത്.
എന്നാല്‍ ഇരുവരും ദല്‍ഹിയില്‍ വീടുള്ളത് മറച്ചുവെച്ചാണ് ഹോസ്റ്റല്‍മുറികള്‍ കൈവശം വെച്ചിരിക്കുന്നത്. ഇംഗ്ലീഷ് പത്രമായ സണ്‍ഡേ ഗാര്‍ഡിയന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജെഎന്‍യുവില്‍ പൂര്‍ണ്ണ സമയ കോഴ്‌സുകള്‍ ചെയ്യുന്ന ദല്‍ഹിക്കു പുറത്തുള്ള വിദ്യാര്‍ത്ഥികള്‍, ജെഎന്‍യുവില്‍ തന്നെ ബിരുദ കോഴ്‌സുകള്‍ ചെയ്യുന്ന മികച്ച അക്കാദമിക് മികവുള്ളവര്‍, പിജി അവസാന സെമസ്റ്റര്‍, എംഫില്‍, പിഎച്ച്ഡി തുടങ്ങിയവയുടെ അവസാന ഘട്ടത്തില്‍ പഠനം പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നവര്‍ എന്നിങ്ങനെ മൂന്നു കാറ്റഗറിയിലുള്ളവര്‍ക്കാണ് ഹോസ്റ്റല്‍ സൗകര്യം. ആദ്യ രണ്ടു ഘട്ടത്തിലുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഹോസ്റ്റലുകള്‍ ലഭ്യമായ ശേഷം മാത്രമേ മൂന്നാമത് ഘട്ടത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ മുറികള്‍ നല്‍കാവൂ എന്നാണ് ചട്ടം.
ഏകദേശം 5,500 ഹോസ്റ്റല്‍ റൂമുകളേക്കാള്‍ വളരെയേറെ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലുകള്‍ ലഭ്യമല്ലാതെ പുറത്തുകഴിയുന്നുണ്ട്. മുനീര്‍ക്കയിലും ബേര്‍ സരായിലുമായി നിരവധി വിദ്യാര്‍ത്ഥികള്‍ കഴിയുന്നു.
ജെഎന്‍യുവിലെ ഒരു വിദ്യാര്‍ത്ഥിക്ക് 240 രൂപയാണ് പ്രതിവര്‍ഷം ഹോസ്റ്റല്‍ ഫീസായി അടയ്‌ക്കേണ്ടത്. രണ്ടു ബെഡുകളുള്ള റൂമാണെങ്കില്‍ ഒരു വിദ്യാര്‍ത്ഥി 120 രൂപ നല്‍കണം. എന്നാല്‍ ക്യാമ്പസിന് പുറത്ത് വിദ്യാര്‍ത്ഥികള്‍ 6,000 രൂപയ്‌ക്ക് മുകളില്‍ നല്‍കിയാണ് താമസിക്കുന്നത്. ഹോസ്റ്റല്‍ മുറികള്‍ ഒരുതവണ കൈക്കലാക്കിയാല്‍ പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാലും വിട്ടുകൊടുക്കാതെ ഒരുസംഘം ഗവേഷണ വിദ്യാര്‍ത്ഥികള്‍ താവളമാക്കുന്നതായാണ് ബിരുദ വിദ്യാര്‍ത്ഥികളുടെ ആക്ഷേപം.
















