ന്യൂദല്‍ഹി: ഭാരതവിരുദ്ധമായ ഒരു നടപടികളോടും സഹിഷ്ണുതയേ കാണിയ്ക്കരുതെന്ന് ആര്‍എസ്എസ്. സര്‍ക്കാര്‍ വിരുദ്ധവും രാഷ്ട്രവിരുദ്ധവും രണ്ടാണ്. മനസ്ഥിതിയാണ് മാറേണ്ടത്.
ചിലരുടെ മനോഭാവമാണ് അക്രമത്തിലേക്കും രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനത്തിലേക്കും നയിക്കുന്നത്, ആര്‍എസ്എസ് അഖിലേന്ത്യാ പ്രചാര്‍ പ്രമുഖ് ഡോ. മന്മോഹന് വൈദ്യ അഭിപ്രായപ്പെട്ടു. ആര്‍എസ്എസ്സിനെതിരേ നടക്കുന്ന ആരോപണങ്ങള്‍ ബാലിശമാണെന്നും അടിസ്ഥാരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസും ഇടതുപക്ഷ കക്ഷികളും അവരുടെ നേതാക്കളും, അവര്‍ അധികാരത്തിലുള്ളപ്പോള്പ്പോലും സ്ഥിരമായി രാഷ്ട്രീയ സ്വയംസേവക സംഘത്തെ എതിര്‍ക്കുകയും സംഘത്തിനെതിരേ വ്യാജപ്രചാരണങ്ങള്‍ നടത്തുകയും പതിവാണ്. അവര്ക്കെപ്പോഴൊക്കെ എന്തു പ്രശ്നവും പ്രതിസന്ധിയും ഉണ്ടായാലും അവര്‍ ആര്‍എസ്എസ്സിനെ കുറ്റപ്പെടുത്തും. പക്ഷേ, ഭാരതജനത ഇപ്പോള്‍ അവയൊന്നും വിശ്വസിക്കാതായി. നുണയാണെന്നു തിരിച്ചറിഞ്ഞുതുടങ്ങി. അവര്‍ പറയുന്നതില്‍ പുതുതായൊന്നുമില്ല. എല്ലാം അസത്യങ്ങളാണെന്നു പലതവണ വ്യക്തമായിട്ടുള്ളതാണ്, ഇക്കണോമിക് ടൈംസ് പത്രത്തിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ആനുകൂല്യം നേടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്നത് സര്‍ക്കാര്‍ തീരുമാനമാണ്. ആ വിഷയത്തില്‍ ആര്എസ്എസ്സിനൊരു പങ്കുമില്ല. എല്ലാ സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ആര്‍എസ്എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്താറുണ്ട്, വന്ദിക്കാറുണ്ട്. സംഘത്തിന്റെ മുതിര്‍ന്ന ഭാരവാഹികളാണതു ചെയ്യുന്നത്, ഡോ. വൈദ്യ മറുപടി പറഞ്ഞു.
ഭാരതവിരുദ്ധമായ ഒന്നിനോടും സഹിഷ്ണുത കാണിക്കരുത്. സര്‍ക്കാര്‍ വിരുദ്ധവും ഭാരതവിരുദ്ധവും രണ്ടാണെന്ന് ആദ്യം മനസിലാക്കണം. ജെഎന്യുവിലെപോലുള്ള വിഷയങ്ങളെക്കുറിച്ച് പറയുമ്പോള്‍, അവിടെ മുദ്രാവാക്യം വിളിക്കല് മാത്രമല്ല വിഷയം. മനസ്ഥിതി ചിലര്‍ക്കു മാറേണ്ടതുണ്ട്് അതിന് ചര്‍ച്ചകളും പ്രശ്നങ്ങള്‍ മനസിലാക്കി പരിഹാരം കാണാനുള്ള പരിശ്രമങ്ങളും വേണം. അക്രമത്തിലേക്കും അക്രമത്തെ പിന്തുണയ്ക്കലിലേക്കും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കും തിരിയുന്നത് ആ മനസ്ഥിതിയുടെ വളര്‍ച്ചയാണ്, വൈദ്യ പറഞ്ഞു.
അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാരിന്റെ എച്ച്ആര്‍ഡി മന്ത്രാലയംവഴി ആര്‍എസ്എസ് കാര്യപരിപാടികള്‍ നടപ്പിലാക്കുന്നുവെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ്. 2014-ലെ തെരഞ്ഞെടുപ്പില്‍ ബിജെപി ഒരു പ്രകടന പത്രിക അവതരിപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അവരെ ജനങ്ങള്‍ വിജയിപ്പിച്ചത്. അവര്‍ക്ക് ഭരിക്കാന്‍ കിട്ടിയ ജനവിധിയനുസരിച്ചാണ് അവര്‍ ചെയ്യുന്നത്. അതിന് അവരെ അനുവദിക്കുകയാണ് വേണ്ടത്. അവര്‍ ജനങ്ങള്‍ക്കുകൊടുത്ത വാഗ്ദാനം പാലിക്കട്ടെ.
ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ ഇത്തവണ മാര്‍ച്ച് 11 മുതല്‍ 13 വരെ രാജസ്ഥാനിലെ നഗൗറിലാണ് നടക്കുന്നത്. ഏപ്രില്‍ പകുതി മുതല്‍ ജൂണ്‍ അവസാനം വരെയുള്ള കാലത്ത് വാര്‍ഷിക വേനല്‍കാല പരിശീലന ശിബിരങ്ങള്‍ രാജ്യവ്യാപകമായി നടക്കും. 70 ശിബിരങ്ങള്‍ ഉണ്ടാകും, പ്രചാര്‍ പ്രമുഖ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: