തിരുവനന്തപുരം: ഒഎന്‍വി കുറുപ്പ് അവസാനമായി സിനിമാഗാനം എഴുതിയ ചിത്രത്തിന്റെ പൂജ ഇന്നലെ ഹോട്ടല്‍ ഹൈസിന്ധില് നടന്നു. സംവിധായകന് വിനോദ് മങ്കരയുടെ പുതിയ ചിത്രമായ കാംബോജിയുടെ പൂജാകര്‍മ്മവും ഒഎന്‍വി സ്മരണ പുതുക്കലായി. ഭാരതത്തിലെ ആദ്യ സംസ്കൃത സിനിമയായ പ്രിയമാനസത്തിന്റെ വന്‍ വിജയമാണ് ഈ സിനിമ സംവിധാനം ചെയ്യാന്‍ പ്രേരകമായതെന്ന് വിനോദ് പറഞ്ഞു.
മരണത്തിന് അഞ്ചു നാള് മുമ്പ് ഒഎന്‍വി എഴുതിയ ഗാനത്തിനു മുന്നില്‍ സംഗീത സംവിധാനം നിര്‍വഹിക്കാനായി കുറച്ചു നാള് പ്രാര്‍ത്ഥനയോടെ കാത്തിരുന്നു എന്ന് എം. ജയചന്ദ്രന് പറഞ്ഞു. ഒടുവില്‍ കാംബോജി രാഗത്തില്‍ ഗാനം ചിട്ടപ്പെടുത്തി.
‘ശ്രുതി ചേരുമോ എന്റെ ഇടയ്ക്ക തന് നാദത്തിലീ
തരള തംബുരു ശ്രുതി ചേരുമോ?…’
എന്നുതുടങ്ങുന്ന ഗാനത്തിനാണ് ഈണം നല്കാന് എറെ ബുദ്ധിമുട്ടേണ്ടിവന്നതെന്ന് അദ്ദേഹം പറഞ്ഞു. കാംബോജി എന്ന ചിത്രത്തിനു വേണ്ടിയാണ് ഒഎന്‍വി അവസാനമായി ഗാനങ്ങളെഴുതിയത്. ചിത്രത്തിലെ ഗാനങ്ങള്‍ക്കായി ഒഎന്‍വിയെ തേടി വിനോദും സംഗീത സംവിധായകന് എം. ജയചന്ദ്രനും എത്തിയപ്പോഴുള്ള സന്ദര്‍ഭം വിനോദ് വിവരിച്ചു. ഒപ്പം ഗാനത്തിന്റെ പശ്ചാത്തലവും കഥാസാരവും കൂടി എഴുതിക്കൊണ്ടു പോയി കാണിച്ചു.
വായിച്ച ശേഷം ”ഗാനങ്ങള്‍ ഞാനെഴുതാം പക്ഷെ കൈ വയ്യ. എന്നോടു സമയനിബന്ധന വയ്ക്കരുത്. ഒരു മാസം ആയാല്‍ കുഴപ്പമില്ലല്ലോ” എന്ന ചോദ്യത്തിന് എത്ര നാള് വേണമെങ്കിലും സാറിനെടുക്കാം എന്നു പറഞ്ഞ്് അവര്‍ ആശുപത്രി വിട്ടിറങ്ങി. നാലാം ദിവസം വിനോദിന് ഫോണ്‍ കാള്‍. ‘മൂന്നു ഗാനങ്ങളും എഴുതി കഴിഞ്ഞു. വാങ്ങാന്‍ വരണം’. അശുപത്രിയിലെത്തിയ വിനോദിന് ഗാനങ്ങള്‍ നല്കുന്നതിനു മുമ്പെ അദ്ദേഹം അതു വായിച്ചു കേള്‍പ്പിച്ചു. ചില സംസ്കൃത പദങ്ങള്‍ എഴുതിയിട്ടുണ്ട്. ജയചന്ദ്രനോട് അതു പറയണം എന്നു പറഞ്ഞു. പൂജയ്ക്കു വിളിക്കാനെത്താം എന്നു പറഞ്ഞപ്പോള്‍ ‘അന്നു ഞാന്‍ ഉണ്ടാകണമെന്നില്ല.’ എന്നായിരുന്നു മറുപടി. ഇത് അറം പറ്റിയപോലെയായി എന്ന് വിനോദ്് പറഞ്ഞു. അതുകൊണ്ടുതന്നെ കാംബോജിയുടെ പൂജ കവിക്കുള്ള പ്രണാമമായി മാറുകയായിരുന്നു.
പൂജാ ചടങ്ങുകള്‍ മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. എം.എ. ബേബി എംഎല്‍എ, ചലച്ചിത്ര അക്കാഡമി ചെയര്മാന് രാജീവ് നാഥ്, അപര്‍ണ രാജീവ്, നിര്‍മ്മാതാവ് സുരേഷ്കുമാര്‍, കൊച്ചു പ്രേമന്, ഭാഗ്യലക്ഷ്മി തുടങ്ങിയവര്‍ സംബന്ധിച്ചു. അടുത്ത മാസം ഗാനങ്ങളുടെ റെക്കോര്‍ഡിംഗ് നടക്കും. മറ്റ് രണ്ട് ഗാനങ്ങള്‍ കെ.എസ്. ചിത്രയാണ് ആലപിക്കുന്നത്. ലക്ഷ്മി എം.പത്മനാഭന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മനോജ് കെ.ജയന്, ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: