ജലത്തില്‍ ആധാരങ്ങളുടെ സഹായമൊന്നുമില്ലാതെ നിലകൊള്ളുന്ന ദേവിയെക്കണ്ട് ശ്രീഹരി വിസ്മയചകിതനായി. രതി, ഭൂതി, ബുദ്ധി, മതി, കീര്‍ത്തി, സ്മൃതി, ധൃതി, ശ്രദ്ധ, മേധാ, സ്വാഹാ, ക്ഷുധാ, നിദ്രാ, ദയാ, ഗതി, തുഷ്ടി, പുഷ്ടി, ക്ഷമ, ലജ്ജാ, ജൃംഭാ, തന്ദ്രാ മുതലായ സര്‍വ്വാഭരണവിഭൂഷിതകളും ആയുധധാരികളുമായ ശക്തികള്‍ ദേവിക്ക് ചുറ്റും നിന്നിരുന്നു. ‘എവിടെ നിന്നാണ് ഈ സ്ത്രീരത്‌നങ്ങള്‍ ഉണ്ടായത്? ഞാനിങ്ങനെ ആലിലയില്‍ കിടക്കാന്‍ കാരണമെന്ത്?’ എന്ന് എല്ലാവരെയും കണ്ടപ്പോള്‍ വിഷ്ണുവില്‍ വിസ്മയമേറി.
‘ഈ ഘോരസാഗരത്തില്‍ ഒരു പേരാല്‍ മരം എങ്ങനെയുണ്ടായി? ആരാണെന്നെയീ ആലിലയില്‍ ഒരു ചെറുബാലനാക്കി വച്ചത്? ഈ ദേവിയെന്റെ അമ്മയായിരിക്കുമോ? അതോ സങ്കല്‍പ്പസീമകള്‍ക്കെല്ലാമപ്പുറമുള്ള മറ്റു മായകള്‍ എന്തെങ്കിലുമാണോ ഇത്! എങ്ങോട്ടെങ്കിലും പോയാലോ? അല്ലെങ്കില്‍ എന്താണ് ഞാന്‍ പറയേണ്ടത്? വേണ്ട, വെറുതെ മിണ്ടാതെയൊരു ശിശുവിനെപ്പോലെ ഇവിടെത്തന്നെ കിടക്കാം.’
















