കൊട്ടിയം: കണ്ണനല്ലൂര്‍ ജംഗ്ഷനിലെ ട്രാഫിക് ബ്ലോക്കിന് ഒരു പരിധിവരെ പരിഹാരമാകുന്ന റോഡിന്റെ പണി തൃക്കോവില്‍വട്ടത്തെ മുന്‍ സിപിഎം പഞ്ചായത്ത് അംഗമായ വനിത തടസ്സപ്പെടുത്തുന്നുവെന്ന് പരാതി. കണ്ണനല്ലൂരിന് സമീപമുള്ള ഭാനുവൈദ്യര്ശാല- ഇടപ്പാംതോട് റോഡ് പണിയാണ് തടസ്സപ്പെടുത്തുന്നത്. സി.പി.എമ്മിന്റെ തഴുത്തല ലോക്കല്‍ കമ്മിറ്റിയംഗം കൂടിയായ ഇവരുടെ വീടിനും വസ്തുവിനും മുന്നിലൂടെ കടന്നു പോകുന്ന റോഡ് നിര്‍മ്മാണമാണ് ഇവര്‍ മനപൂര്‍വം തടസ്സപ്പെടുത്താന്‍ ശ്രമം നടത്തുന്നതെന്നാണ് പരാതി.
കൊട്ടിയം റോഡിലെത്തുന്നവര്‍ക്ക് ഇതുവഴി എളുപ്പത്തില്‍ യൂനുസ് എഞ്ചിനീയറിംഗ് കോളേജ്, മുട്ടയ്ക്കാവ്, കുണ്ടറ എന്നീ ഭാഗങ്ങളിലേയ്ക്ക് ഈ ലിങ്ക് റോഡ് ശരിയാക്കിയാല്‍ സുഗമമായി പോകാനാകും. കണ്ണനല്ലൂരില്‍ അടിക്കടിയുണ്ടാകുന്ന ട്രാഫിക് തടസ്സം മറികടന്ന് ഈ റോഡ് വഴി നിരവധി വാഹനങ്ങള്‍ക്ക് പോകാന്‍ സഹായകമാകുന്ന റോഡാണ് ഇത്. ഇതിന്റെ പണി തടസ്സപ്പെടുത്തുന്നതില്‍ നാട്ടുകാര്‍ വലിയ പ്രതിഷേധത്തിലാണ്.
ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ ചെലവഴിച്ച് ഇവിടെ കലുങ്കുകളുടെയും റോഡ് ഉയര്‍ത്തലിന്റെയും പണി ആരംഭിച്ചപ്പോഴാണ് തടസ്സപ്പെടുത്തല്‍ ഉണ്ടായത്. എന്നാല്‍ പരാതിയുമായി തടസ്സത്തിനെത്തിയിരിക്കുന്നവര് രാഷ്ട്രീയ താല്‍പ്പര്യവും ഇതിനുപയോഗിക്കുന്നതായിട്ടാണ് നാട്ടുകാര്‍ പറയുന്നത്. വര്‍ഷങ്ങള്‍ മുന്‍പ് ഈ സ്ഥലം റോഡിനായി വാങ്ങി തൃക്കോവില്‍വട്ടം ഗ്രാമ പഞ്ചായത്തിന് കൈമാറിയതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: