ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച കേസ് ദല്‍ഹി പോലീസിലെ സ്‌പെഷ്യല്‍ സെല്ലിന് കൈമാറിയെന്ന് പോലീസ് കമ്മീഷണര്‍ ബി.എസ് ബസി അറിയിച്ചു. ഭീകരവിരുദ്ധ യൂണിറ്റിനാണ് കേസ് കൈമാറിയിരിക്കുന്നത്.
കേസില്‍ രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെട്ടിരിക്കുന്നതിനാലാണ് സ്‌പെഷ്യല്‍ സെല്ലിലേക്ക് കേസ് കൈമാറിയിരിക്കുന്നതെന്ന് ബസി പറഞ്ഞു. ലോക്കല്‍ പോലീസിന് ദൈനംദിനമുള്ള ക്രമസമാധാന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളുള്ളതിനാല്‍ ജെഎന്‍യു കേസന്വേഷണത്തിന് സമയക്കുറവ് അനുഭവപ്പെടുന്നുണ്ട്. കേസന്വേഷണം സ്‌പെഷ്യല്‍ സെല്ലിന് കൈമാറണമെന്നാവശ്യപ്പെട്ട് സൗത്ത് ഡിസിപി പ്രേംനാഥ് കമ്മീഷണര്‍ക്ക് അപേക്ഷയും നല്‍കിയിരുന്നു.
അതിനിടെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ത്ഥി കനയ്യകുമാറിനെ പാര്‍പ്പിച്ചിട്ടുള്ള ദല്‍ഹി തീഹാര്‍ ജയിലിലെ സുരക്ഷ കര്‍ശനമാക്കി. ജയിലിനു നേരെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്.
അതിനിടെ കേസിലെ മറ്റൊരു പ്രതിയായ ആശുതോഷ് ദല്‍ഹി പോലീസിനു മുമ്പില്‍ കീഴടങ്ങി. രാജ്യദ്രോഹ കുറ്റത്തില്‍ കനയ്യകുമാറിനൊപ്പം അഞ്ചു വിദ്യാര്‍ത്ഥികളാണ് കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.
ഫെബ്രുവരി ഒമ്പതിന് ജെഎന്‍യു ക്യാമ്പസില്‍ ഭീകരന്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികം ആചരിക്കുകയും ഭാരത വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്നതുമാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. അതിനിടെ വിചാരണയ്‌ക്കായി കഴിഞ്ഞയാഴ്ച കോടതിയില്‍ ഹാജരാക്കിയ കനയ്യ കുമാറിനുനേരെ ആക്രമണമുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുന്നതിനുമുമ്പ് പ്രതിയുടെ ശരീരത്തില്‍ ഒരു പോറല്‍ പോലുമില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണെന്ന് ദല്‍ഹി ഹൈക്കോടതി പോലീസിനോട് ആവശ്യപ്പെട്ടു. കനയ്യകുമാറിന്റെ ജാമ്യഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. ഇതിനെ തുടര്‍ന്ന് കോടതി പരിസരത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഉമര്‍ഖാലിദ്. അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ സംഭവം വിവാദമായതിനെ തുടര്‍ന്ന് ഫെബ്രുവരി 12ന് ഒളിവില്‍ പോയതാണ്. അതിനുശേഷം 21ന് പോലീസിനു മുമ്പാകെ കീഴടങ്ങുകയായിരുന്നു.
മൂന്നു പേരുടെയും കസ്റ്റഡി നീട്ടി
ന്യൂദല്‍ഹി: രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ ജെഎന്‍യുവിലെ വിദ്യാര്‍ഥി നേതാക്കളായ ഉമര്‍ ഖാലീദ്, അനിര്‍ബെന്‍ ഭട്ടാചാര്യ, കനയ്യ കുമാര്‍ എന്നിവരുടെ പോലീസ് കസ്റ്റഡി രണ്ടു ദിവസം കൂടി നീട്ടി.
കഴിഞ്ഞദിവസം ഇവരെയും കനയ്യകുമാറിനെയും ഒന്നിച്ചിരുത്തി പോലീസ് ചോദ്യം ചെയ്തിരുന്നു.
















