തൊടുപുഴ: കുടിവെള്ള പദ്ധതിയുടെ തുക കുടിശിഖ വരുത്തിയെന്നാരോപിച്ച് അഞ്ച് ഉപഭോക്താക്കളെ അപമാനിച്ച് നോട്ടീസ് ഇറക്കിയ സംഭവത്തില്‍ കുടിവെള്ള പദ്ധതിയുടെ ഭാരവാഹികള്‍ രണ്ട് ലക്ഷം രൂപ പരാതിക്കാര്‍ക്ക് നല്‍കണമെന്ന് ഇടുക്കി ജില്ല തര്‍ക്കപരിഹാര ഫോറം വിധിച്ചു. മണക്കാട് പുലിക്കുന്ന് കുടിവെള്ള പദ്ധതിയുടെ ഉപഭോക്താക്കളായ ഷാജു വി ജോര്‍ജ്, വി.വി ജോസഫ്, ഷംസുദീന്‍, ഒ.കെ മാത്യു, കുര്യന് എന്നിവര്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് ഫോറത്തിന്റെ നിര്‍ദ്ദേശം. ഫോറത്തിന്റെ സിറ്റിംഗിനായി ചെലവായ 4000 രൂപയും എതിര്‍കക്ഷികള്‍ നല്‍കണം. പുലിക്കുന്ന് കുടിവെള്ള പദ്ധതിയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. ഫോറം വിധിച്ച തുക ഒരു മാസത്തിനകം നല്‍കിയില്ലെങ്കില്‍ പരാതി നല്കിയ 2014 ഡിസംബര്‍ മാസം മുതല്‍ രണ്ട് ലക്ഷം രൂപയുടെ 12 ശതമാനം പലിശയും നല്‍കണമെന്നാണ് വിധി. പരാതി പ്രകാരം കുടിവെള്ള പദ്ധതിയുടെ ഭാരവാഹികളെ തര്‍ക്ക പരിഹാര ഫോറം പലതവണ വിളിപ്പിച്ചെങ്കിലും പങ്കെടുത്തില്ല. ഇതേത്തുടര്‍ന്നാണ് ഫോറം വിധി പ്രഖ്യാപിച്ച് പരാതി പരിഹരിച്ചത്.
പരാതിയിലേക്ക് നയിച്ച സംഭവം ഇങ്ങനെ: പുലിക്കുന്ന് കുടിവെള്ള പദ്ധതിയില്‍ 8000 ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്നതിന് 50 രൂപയായിരുന്നു നല്‍കിയിരുന്നത്. കമ്മറ്റിയൊന്നും കൂടാതെ കുടിവെള്ള പദ്ധതിയുടെ ഭാരവാഹികള്‍ 8000 ലിറ്ററിന് ശേഷമെടുക്കുന്ന വെള്ളത്തിന് ലിറ്ററിന് 25 പൈസ നല്കാന് രഹസ്യമായി തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം രഹസ്യമാക്കിവച്ച് പരാതിക്കാരോട് രാഷ്ട്രീയമായി പ്രതികാരം ചെയ്യുകയായിരുന്നു. കുടിവെള്ള പദ്ധതിയുടെ ഭാരവാഹികള്‍ ഇടതുപക്ഷക്കാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: