ഇന്നു കുടുംബാംഗങ്ങള്‍ നീചത്വത്തിന്റെ നടുക്കാണ് നില്‍ക്കുന്നത്. ജാതിവ്യത്യാസം സ്ഫുരിക്കാത്ത ഒരൊറ്റ കുഞ്ഞിനെ കാണിച്ചു തരാമോ. അതുകൊണ്ടാണ് പറഞ്ഞത് നീചകുടുംബങ്ങളെന്ന്. എന്നാല്‍ ഞാന്‍ ഇവയെല്ലാം തകര്‍ത്തു പരമസത്യത്തെയാണു സ്ഥാപിക്കുന്നത് എന്നുള്ളത് നല്ലതു പോലെ അറിയാം. ഇന്നു ജാതിയില്ലെന്നുള്ളവര്‍ പോലും മറ്റുള്ളവരെ നമ്പി നില്‍ക്കുന്നതിനാല്‍ അവരും പ്രവൃത്തിയില്‍ ജാതിവ്യത്യാസത്തെ ഉണ്ടാക്കുന്നു.
ഇന്നു പറഞ്ഞുണ്ടാക്കപ്പെട്ട ജാതിവ്യത്യാസത്തെ ആചരിച്ച് ഉയര്‍ന്ന ജാതിയെന്നു ഭാവിച്ചു കൊണ്ട് അധ:കൃതത്വം ജാതികള്‍ക്കു കല്‍പിച്ചു ഉദ്ധാരണ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. പരമാര്‍ത്ഥജ്ഞാനമില്ലായ്‌കയാല്‍ അജ്ഞാനകര്‍മ്മങ്ങള്‍ അല്ലെങ്കില്‍ നീചകര്‍മ്മങ്ങള്‍ ചെയ്തു തല്‍ഫലമായി ദുഃഖിതരായി തീര്‍ന്നിട്ടുള്ള മനുഷ്യന്‍ ആരായാലും ശരി അവന്‍ അധഃകൃതനാകുന്നു. പുണ്യകര്‍മ്മങ്ങള്‍ ചെയ്യാത്തവരത്രെ അധഃകൃതര്‍. അതിനാല്‍ ഇന്നു നീചകര്‍മ്മങ്ങള്‍ മൂലം അധഃപതിച്ചു കൃതമില്ലാത്തവരായി തീര്‍ന്നിട്ടുള്ള മനുഷ്യനാമധാരികള്‍ പുണ്യകര്‍മ്മങ്ങള്‍ ചെയ്താല്‍ ഉടന്‍ തനിക്കും മറ്റുള്ളവര്‍ക്കും ഒന്നുപോലെ രക്ഷയുണ്ടാകുന്നതായി അനുഭവത്തില്‍ കാണാം. ഈ വിധത്തിലാണ് അധഃകൃതോദ്ധാരണം നടത്തേണ്ടത്. ജാതിക്കു അധഃകൃതത്വം കല്‍പിക്കുന്നതു പരമാര്‍ത്ഥം അറിയാത്തതു കൊണ്ടാണ്.
















