കാല്‍നൂറ്റാണ്ടിന് മുമ്പാണ് ആദ്യമായി, തികച്ചും യാദൃച്ഛികമായി എന്‍.ഗോവിന്ദന് കുട്ടിയെന്ന സിനിമാ നടനെ കണ്ടത്. എളമക്കരയില്‍ ചെറുവാരണത്ത് വീട്ടില്‍ വച്ച്. ഒരു വാടകവീടന്വേഷിച്ച് എത്തിയത് ആ വീട്ടുമുറ്റത്തായിരുന്നു. അതി നാടകീയമായാണ് സംഭാഷണരംഗത്തേക്ക് അദ്ദേഹം വന്നത്. നല്ല പരിചയം, പ്രത്യേകിച്ച് ആ ചുഴിഞ്ഞു കയറുന്ന തോട്ടത്തിലെ തീക്ഷ്ണത, തുടുത്ത കവിളിലെ കുസൃതിയും സംശയഭാവവും. സംഭാഷണം മുറിഞ്ഞു ശ്രദ്ധ ആ പുതിയ കഥാപാത്രങ്ങളിലേക്കായി.
എന്താണ് തുറിച്ചുനോക്കുന്നതെന്ന ചോദ്യം. ശബ്ദവും വീഴ്ത്തിക്കളഞ്ഞു. വിരല്‍ചൂണ്ടി പറയാന്‍ തുടങ്ങുംമുമ്പേ കഥാപാത്രം സംഭാഷണം പൂര്‍ത്തിയാക്കി, അതെ ഗോവിന്ദന് കുട്ടി തന്നെ. പിന്നെ വാടകവീടല്ലാതായി, വിഷയം. കുറച്ചുനേരം വര്‍ത്തമാനം. എന്റെ കൂടെയുള്ളവര്‍ എന്തൊക്കെയോ ചോദിച്ചു അവര്‍ തമ്മില്‍ സംസാരിച്ചു. പക്ഷെ എന്റെ കണ്മുന്നില് കസാരയിലിരിക്കുന്ന ഗോവിന്ദന്‍കുട്ടി എന്ന നടന് കഥാപാത്രങ്ങളായി വേഷം മാറിക്കൊണ്ടേയിരുന്നു. വടക്കന്‍ പാട്ട് സിനിമകളില്‍, ലങ്കാദഹനത്തില്‍ ശരശയ്യയില്‍, ഡെയ്ഞ്ചര്‍ ബിസ്ക്കറ്റില്‍, ക്രോസ് ബല്റ്റില്, കൊടുങ്ങല്ലൂരമ്മയില്‍, പഞ്ചവന്‍ കാട്ടില്‍… സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണിയെന്ന അദ്ദേഹം അവസാനം അഭിനയിച്ച സിനിമ ഇറങ്ങിയിരുന്നോ എന്നോര്‍മയില്ല.
യാത്ര പറഞ്ഞിറങ്ങുമ്പോള്‍ കൈകൊടുത്ത് പിരിയുമ്പോള്‍ തുടുത്ത കവിളിലെ മാര്‍ദ്ദവം ആ കൈകള്‍ക്ക് അനുഭവപ്പെട്ടു. അതിലേറെ ഹൃദ്യമായത് ‘കൊടുംക്രൂര’ന് എത്ര നിഷ്കളങ്കനായിരുന്നുവെന്ന തിരിച്ചറിവായിരുന്നു.
സമഗ്രമായൊന്നും ആരും ആരെയും അറിയുന്നില്ലല്ലൊ. പക്ഷേ അങ്ങനെ അറിയേണ്ടതാണെന്ന് ചിലരെക്കുറിച്ച് അറിയുന്നതുതന്നെ ആ വ്യക്തിത്വത്തിന്റെ വിശേഷതയാണ്. അന്ന് തോന്നിയിരുന്നു, ഈ നടനെക്കുറിച്ച് കൂടുതലറിയണമെന്ന്. ചില പരിശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തു. പൂര്‍ത്തിയായില്ല. ഇപ്പോള്‍ ഗോവിന്ദന് കുട്ടിയുടെ മരുമകന് കെ.വേണുഗോപാല്‍, ജി.കെ.റീഡേഴ്സ് മീഡിയയുടെ പേരില്‍ പ്രസിദ്ധീകരിച്ച സ്മൃതിദലങ്ങള്‍ ആ മഹാപ്രതിഭയെ സകലമാന രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. കവിയായ, കഥാകാരനായ, പട്ടാളക്കാരനായ, അച്ഛനായ, ഭര്‍ത്താവായ ഗോവിന്ദന് കുട്ടിയെ ഈ പുസ്തകത്തിലൂടെ കാണാം. ഗോവിന്ദന്‍കുട്ടി എഴുതിയ കുറിപ്പുകള്‍, കഥകള്‍, അദ്ദേഹത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന എഴുത്തുകള്‍, അഭിമുഖങ്ങള്‍, അനുഭവങ്ങള്‍, മറ്റുള്ളവര്‍ എഴുതിയ ലേഖനങ്ങള്‍ തുടങ്ങി കിട്ടാവുന്നത് പരമാവധി ചേര്‍ത്തിറക്കിയ ബൃഹദ്ഗ്രന്ഥമാണിത്, 570 പേജില്‍!
ഗോവിന്ദന്‍കുട്ടി മലയാളസിനിമയിലെയും സാഹിത്യത്തിലെയും പ്രമുഖരെ അനുസ്മരിക്കുന്ന കുറിപ്പുകളാണ് ഈ സമാഹാരത്തിലധികം. പക്ഷേ, അത് മലയാള സിനിമാ ചരിത്രമാണ്. അന്നത്തെ കാലവും കാര്യവും കാരണക്കാരുമെല്ലാമെല്ലാം ആ അക്ഷരങ്ങളിലൂടെ രേഖയിലാകുന്നു. ജീവിതാനുഭവത്തിന്റെ തീച്ചൂളയില്‍ വെന്ത് പാകം വന്ന പ്രതിഭയായിരുന്നല്ലൊ വൈക്കം മുഹമ്മദ് ബഷീര്‍. ബഷീറുമായി സമാനജീവിതാവസ്ഥക്കാരനായിരുന്ന കാലത്ത് ഗോവിന്ദന്‍കുട്ടിക്കുണ്ടായ സമ്പര്‍ക്കാനുഭവമുണ്ട് ഈ പുസ്തകത്തില്‍. തികച്ചും വികാരഭരിതം. അനുഭവത്തിന്റെ മൂര്‍ച്ചക്കല്ലില്‍ വീണു മുറിവേറ്റ രണ്ടു ഹൃദയങ്ങളുടെ ദയയും ദീനാനുകമ്പയും കൊണ്ടുള്ള വിഷമപ്പെടലുകള്‍ എത്ര തീവ്രമായാണെന്നോ വായിക്കുമ്പോള്‍ അനുഭവപ്പെടുക. ചലച്ചിത്രത്തില്‍ ക്രൂര കഥാപാത്രങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചെയ്ത ഗോവിന്ദന്‍കുട്ടിയുടെ മലയാള സാഹിത്യത്തിലെ സംഭാവന വെള്ളിത്തിരയിലെ വില്ലത്തരങ്ങള്‍ കണ്ട കേരളം വിലയിരുത്തിയിട്ടില്ല എന്നതാണു സത്യം.
തികച്ചും ഒരു ബൃഹദ് സംരംഭമാണ് ഈ പുസ്തകം. മക്കളും മരുമക്കളും അവരുടെ കൊച്ചുമക്കളും സ്വന്തം കാര്യം മാത്രം നോക്കുകയോ പൈതൃകത്തിന്റെയൊ പാരമ്പര്യത്തിന്റെയൊ ചെലവില്‍ വീമ്പടിച്ചും നേട്ടം നോക്കിയും മാത്രം നീങ്ങുന്ന ഈ കാലത്ത്, അമ്മായിയച്ഛന്റെ ശരിച്ചിത്രം അവതരിപ്പിക്കാനുള്ള ഒരു മരുമകന്റെ യജ്ഞമെന്ന നിലയിലും സ്മൃതിദലങ്ങള്‍ക്ക് പ്രസക്തിയേറെയാണ്. ചലച്ചിത്ര മേഖലക്ക് സംരക്ഷിക്കേണ്ട ചരിത്രത്തിന്റെ സമാഹാരമാണിതെന്നു സംശയമില്ല. ഇത്തരം സ്മൃതിദലങ്ങള്‍ പെറുക്കി അടുക്കേണ്ടത് ആവശ്യം തന്നെയാണ്.
സ്മൃതി ദലങ്ങള്‍
ജി.കെ.റീഡേഴ്സ് മീഡിയ,
കൊച്ചി-26.
വില: 480.00
9495273791
-കാവാലം ശശികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: