നിലാവിന് എന്താണ് നിറം? അതെന്തായാലും അനശ്വരമായ, ജീവസ്സുറ്റ സ്നേഹത്തിന് ആ നിറമുണ്ടെന്ന് കരുതാനാണ് കാലികവട്ടത്തിന് താല്‍പ്പര്യം. എന്നെന്നും ആ നിലാവ് അങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് ആഗ്രഹിച്ചുപോകാറുണ്ട്. ആ നിലാവിന്റെ മനസ്സ് ഒരു മനുഷ്യനില്‍ നിറഞ്ഞാലോ? അതിന്റെയൊരു അസുലഭമായ ഭംഗി കാണേണ്ടതുതന്നെ ആയിരിക്കില്ലേ? സ്നേഹത്തിന്റെ പര്യായം പോലെ അങ്ങനെയൊരാള്‍ തന്റെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് തരിമ്പും ഉടവു തട്ടാതെ മറ്റൊരു വിശ്വാസപ്രമാണത്തിനുമുമ്പില് ഹൃദ്യമായി നില്ക്കുന്നു. ടി.യു. അബ്ദുള്‍ കരീം എന്ന, ഏവരും സ്നേഹവായ്പോടെ വിളിക്കുന്ന കരിംക ആനേശ്വരത്തപ്പന്റെ കൃപാകടാക്ഷങ്ങള്‍ക്ക് എന്നും പാത്രീഭൂതനാണ്. ഒരുവേള ആനേശ്വരത്തപ്പന്‍ എന്നും കൂട്ടുചേര്‍ന്ന് കളിക്കാനായി കരിംകയെ അങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നതാണോ എന്നുപോലും തോന്നിപ്പോകും. തൃപ്രയാറിനടുത്ത ചെമ്മാപ്പിള്ളി വടക്കുംമുറി എന്ന ഗ്രാമത്തിലെ ഐശ്വര്യമൂര്ത്തിയാണ് ശിവന്; അതായത് ആനേശ്വരത്തപ്പന്‍.
കൊച്ചി ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ഈ ക്ഷേത്രത്തിന്റെ സകല പ്രവര്‍ത്തനങ്ങളിലും കരീംകയെന്ന സ്നേഹസമ്പന്നന്റെ കൈയൊപ്പുകാണാം. ശൈവചൈതന്യത്തിന്റെ ഉള്ത്തുടിപ്പിന്റെ ലഹരിയില്‍ ആ മനുഷ്യന് ദൈവതുല്യനായി മാറുകയാണ്. ഒരു ഹൈന്ദവ വിശ്വാസിയേക്കാള്‍ ഉപരിയായി അദ്ദേഹം ക്ഷേത്രത്തെ സ്നേഹിക്കുന്നു. എല്ലാത്തിനും മുന്നിട്ടിറങ്ങുന്നു. ധനസമാഹരണത്തിനായാലും ക്ഷേത്രത്തിലെത്തുന്നവരെ സ്വീകരിക്കുന്നതിനായാലും കരിംക മുന്നില്‍. ആ വ്യക്തിക്കു മുമ്പില്‍ ഓരോ വിശ്വാസിയും ആദരവോടെ തലകുനിച്ചുപോകും. ടി.യു. അബ്ദുള്‍ കരിം, ആനേശ്വരം ശിവക്ഷേത്രം, തൃശൂര്‍ എന്ന വിലാസത്തില്‍ കത്തയച്ചാല്‍ അദ്ദേഹത്തിനു കിട്ടുന്നു എന്നതില്‍ നിന്നു തന്നെ അംഗീകാരം വായിച്ചെടുക്കാം. കരിംകക്ക് എന്റെ സുഹൃത്ത് ജിനീഷ് അയച്ച കത്തിനെ തുടര്‍ന്നാണ് അദ്ദേഹത്തെയും ക്ഷേത്രത്തെയും കുറിച്ചറിയാന്‍ ഞങ്ങള്‍ ആനേശ്വരം ക്ഷേത്രത്തിലെത്തിയത്.
അപ്പോള്‍ അവിടെ പതിനൊന്നു ദിവസം നീളുന്ന കര്‍പ്പൂരാദി നവീകരണ കലശ ചടങ്ങുകള്‍ നടക്കുകയാണ്. അതിന്റെ പ്രവര്‍ത്തനങ്ങളുമായി ഇഴുകിച്ചേര്‍ന്നുകഴിയുന്ന കരിംകയെ പരിചയപ്പെടാനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചറിയാനും സാധിച്ചപ്പോള്‍ ഇങ്ങനെയുള്ളവര്‍ നാടൊട്ടുക്കും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോയി. നവീകരണ കലശകമ്മിറ്റി അംഗമായ കരിംക ക്ഷേത്രത്തിന്റെ രക്ഷാധികാരിയുമാണ്.ദൈവം സ്നേഹത്തിന്റെ രൂപത്തില്‍ മുമ്പില്‍ നില്ക്കുന്ന അനുഭവമാണ് കരിംകയെ കാണുമ്പോള്‍ ഉണ്ടാവുന്നത്. അവിശ്വസനീയമായ ഒരു വാര്‍ത്തയെന്ന് ആദ്യം കരുതിയ ഞങ്ങള്‍ വിശ്വസനീയമായ പരിശുദ്ധിയുടെ താമരപ്പൊയ്കയില്‍ മുങ്ങിനിവര്‍ന്ന അനുഭവത്തിലേക്ക് മാറി. പറഞ്ഞറിയിക്കാനാവാത്ത ഒരു നിര്‍വൃതിയില്‍ ആണ്ടിറങ്ങിയ അനുഭൂതി.
അസഹിഷ്ണുതയും സംഘര്‍ഷവും നിറഞ്ഞ അന്തരീക്ഷത്തില്‍ വടക്കുംമുറി ഗ്രാമം വേറിട്ട ഒരു വഴിയുടെ കര്‍പ്പൂരഗന്ധവുമാണ്. ക്ഷേത്രത്തിന്റെ തൊട്ടടുത്ത് തന്നെ താമസിക്കുന്ന കരിംകയ്ക്ക് ആനേശ്വരത്തപ്പന്‍ എന്നും കൂട്ടാണ്. സ്നേഹത്തിന്റെ പാലത്തിലൂടെ ഇരുവരും തോളുരുമ്മി നടക്കുന്നു. ആ നടപ്പ് ഒരു ഗ്രാമത്തിന്റെ ആഹ്ലാദമാവുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ അദരിക്കാന്‍ ദേവസ്വം ബോര്‍ഡടക്കം തയാറാവുന്നു. മഹല്ല് പ്രതിനിധി സ്വീകരണയോഗത്തില്‍ പങ്കെടുത്ത് യഥാര്‍ത്ഥ ഭക്തി സ്നേഹത്തിന്റെതാണെന്നും അത് കരിംകയുടെ ജിവവായുവാണെന്നും സമ്മതിക്കുന്നു. വാസ്തവത്തില്‍ ഈ മാതൃക ലോകം മുഴുവന്‍ അറിയേണ്ടതല്ലേ? മാനവികതയുടെ തീര്‍ത്ഥയാത്രയിലെ പ്രകാശഗോപുരമല്ലേ കരിംകയും ആനേശ്വരം ക്ഷേത്രവും? ആ ക്ഷേത്രത്തില്‍ നിന്ന്, കരിംകയുടെ സ്നേഹവാത്സല്യങ്ങളില്‍ നിന്ന് ഒരിക്കലും തിരിച്ചുപോരാന്‍ തോന്നില്ല. ഒടുവില്‍ യാത്ര പറയുമ്പോള്‍ എന്തോ നഷ്ടപ്പെട്ട പ്രതീതി. അപ്പോഴും ആശ്വാസം ആനേശ്വരത്തപ്പന്റെ പ്രിയ കൂട്ടുകാരന് അവിടെതന്നെ ഉണ്ടാവുമല്ലോ.
**** ***** *****
ഓര്‍മ്മകളുടെ തിരുമുറ്റത്ത് ഒഎന്‍വി ഇപ്പോള്‍ എന്തുചെയ്യുകയാവും? പ്രണയവും പൂക്കാലവും സ്നേഹവും വാത്സല്യവും ദേശസ്നേഹവും നിഷ്കളങ്കതയും നമുക്കു പകര്‍ന്നു നല്കി ഒരിക്കലും തിരിച്ചുവരാത്ത ഒരു ലോകത്തേക്ക് അദ്ദേഹം യാത്രയായി. കുയിലിനെ പിന്തുടരാന് നമ്മെ പ്രേരിപ്പിച്ച ആ കവി ഒരുവട്ടം കൂടി നമുക്കുമുമ്പില്‍ വന്നിരുന്നെങ്കിലെന്ന് ആശിച്ചുപോവുന്നില്ലേ? ഒരു ദളം മാത്രം വിടര്‍ന്നൊരാ ചെമ്പനീര്‍പൂവായ് വന്നാല്‍ ഓമനിച്ചിരിക്കാമെന്ന് കരുതുന്നില്ലേ? ഒഎന്‍വിയുടെ അസാന്നിധ്യം ശാരീരികമായി മാത്രമേ നമുക്കനുഭവപ്പെടുന്നുള്ളു. മാനസികമായി ആ കവി നമ്മുടെ ഉള്ളിലിരുന്ന് കുറുകുന്നുണ്ട്. സ്നേഹത്തിന്റെ ആ കുറുകല്‍ അക്ഷരങ്ങളിലൂടെ നമുക്കനുഭവപ്പെടുന്നു.
ഈ ആഴ്ച പുറത്തിറങ്ങിയ ഒട്ടെല്ലാ വാരികകളും ഒഎന്‍വി എന്ന അക്ഷരസൗഭാഗ്യത്തിന് ആദരാഞ്ജലി അര്‍പ്പിച്ചിരിക്കുകയാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍(മാര്‍ച്ച് 05) 13 ലേഖനങ്ങള്‍, ഒഎന്‍വിയുടെ പത്തു പാട്ടുകള്‍, അഞ്ചു കവിതകള്‍ എന്നിങ്ങനെയാണ് അക്ഷരാഞ്ജലി. ആമുഖത്തില്‍ സുഗതകുമാരിയുടെ ഗദ്ഗതം ഇങ്ങനെ: അമൃതധാരപോലെ ഒഴുകിയ ആ കവിതയ്ക്കുമുമ്പില് സൈലന്റ്വാലി മുതല്‍ ആറന്മുള വരെ തുണനിന്ന ആ പ്രകൃതി സ്നേഹശക്തിക്കു മുന്പില് തൊട്ടുവന്ദിക്കുമ്പോള്‍ എന്നും വാത്സല്യാര്‍ദ്രമായി എന്റെ ശിരസ്സില്‍ പതിയുന്ന ആ അനുഗ്രഹസ്പര്ശത്തിനു മുന്പില് നമസ്കരിക്കുന്നു. മലയാളത്തിന്റെ യശോധാവള്യമായ ഒഎന്‍വി കവിതകളെ നെഞ്ചേറ്റുന്നവര്‍ എന്നും ഒരുവട്ടം കൂടി ആ ഓര്‍മ്മകള്‍ വാരിപ്പുണരും. സ്നേഹലാവണ്യങ്ങളുടെ ഭുഖണ്ഡം തീര്‍ത്ത കവിയെന്ന് റഫീക്ക് അഹമ്മദ് വിശേഷിപ്പിക്കുന്നു. ഭൂമിയേയും മനുഷ്യരേയും ഉഷസ്സന്ധ്യകളെയും പൂക്കളെയും ശലഭങ്ങളെയും ഋതുഭേദങ്ങളെയും സ്നേഹിച്ചു തീരാത്ത കവി വിഷാദാത്മകനാവുമ്പോഴും നീതിബോധത്താല്‍ ജ്വലിക്കുമ്പോഴും അന്യദുഃഖങ്ങളില്‍ ഉലയുമ്പോഴും ജീവിതത്തിന്റെ മാറില്‍ പറ്റിപ്പിടിച്ചു നിന്നു എന്നാണ് റഫീക്ക് കോറിയിടുന്നത്.
എ.കെ. അബ്ദുള്‍ ഹക്കിം നേരത്തെ ഒഎന്‍വിയുമായി നടത്തിയ അഭിമുഖവും ആഴ്ചപ്പതിപ്പില്‍ കാണാം. കവികളുടെ എക്കാലത്തെയും പ്രതീക്ഷാഭരിതമായ നിലപാടുകള്‍ ത്രസിക്കുന്നതാണ് തലക്കെട്ട്. അതിങ്ങനെ: എനിക്കീ കെട്ടകാലത്തും അത്രത്തോളം ആശയറ്റിട്ടില്ല. നേരു ചികഞ്ഞുപോവുകയും നേര്‍വഴികള്‍ കാണുകയും ഉള്ളുപിടയുന്ന വേദനകള്‍ക്കുനേരെ സ്വാസ്ഥ്യത്തിന്റെ തൈലലേപനം നടത്തുകയും ചെയ്യുന്ന കവിയുടെ എന്നത്തെയും നിരീക്ഷണമാണ് അഭിമുഖത്തില്‍ തെളിനീരൂറിവരുന്നത്. ഭാഷയെ നവീകരിക്കല്‍ കവിയുടെ ഉത്തരവാദിത്തമാണെന്ന് പറയുമ്പോള്‍ അത് എങ്ങനെ ഒഎന്‍വിക്ക് സാധിച്ചിട്ടുണ്ട് എന്ന ചോദ്യത്തിനുള്ള മറുപടിയില്‍ ഇങ്ങനെ കാണാം: എഴുത്തച്ഛനിലൂടെയും ആശാനിലൂടെയും ചങ്ങമ്പുഴയിലൂടെയുമെല്ലാം ഭാഷ നവീകൃതമായിട്ടുണ്ട്. പക്ഷെ, അവരുടെ ലക്ഷ്യത്തിലെത്തിച്ചേരാനുള്ള യത്നത്തിന്റെ പാര്ശ്വഫലമാണത്. പറയാന്‍ ചിലതുണ്ടാവുക; അതു പറയാനാവശ്യമായ ഭാഷയുണ്ടാവുക എന്നതാണ് പ്രശ്നം. വ്യക്തിത്വമാണ് ഭാഷയായി, ശൈലിയായി പരിണമിക്കുന്നത്. അങ്ങനെ വ്യക്തിത്വമുള്ളവരുടെ കൂട്ടത്തില്‍ സൂര്യ തേജസ്സായി ഒഎന്‍വി നില്ക്കുന്നതും അതുകൊണ്ടുതന്നെ.
ഇരുപത്തൊന്നോളം കുറിപ്പുകളിലൂടെ കലാകൗമുദി (ഫെബ്രു 28) യും മാധ്യമം (ഫെബ്രു 29) മൂന്ന് കുറിപ്പും ഒരു കവിതയിലൂടെയും പത്തു കുറിപ്പുകളിലൂടെ മലയാള (ഫെബ്രു 22) വും ഒഎന്‍വിക്ക് അക്ഷരപൂജ നടത്തിയിരിക്കുന്നു. ഒഎന്‍വി എന്ന കാവ്യ തേജസ്സിന്റെ ഉള്‍പ്പൊരുള്‍ മാനവികതയും സ്നേഹവും ആര്‍ദ്രതയും ആയിരുന്നുവെന്ന് നിസ്സംശയം പറയാവുന്നതാണ്. അതിന് സാക്ഷ്യം നില്ക്കുന്നു ആനുകാലികങ്ങളുടെ ഹൃദയാഞ്ജലികള്‍. മൂന്നക്ഷരം എന്ന കവിതയിലൂടെ ശ്രീജിത് പെരുന്തച്ചന് ഒരു ചോദ്യം ഉന്നയിക്കുന്നുണ്ട്. അതിതാണ്.:
അമ്മമലയാളമോതുന്നു കവിതക്ക്
മൂന്നക്ഷരത്തിന്റെ കുറവുകാണ്മൂ.
മൂന്നക്ഷരത്തിന്റെ കുറവുണ്ട് കവിതക്ക-
തെന്നിനി മാറുവാന്‍ തമ്പുരാനേ?
ആ കുറവ് കുറവായിതന്നെ കിടക്കും. ഓര്‍മയുടെ മഹാകാശത്ത് പൈതൃക സ്വത്തായി എന്നെന്നും അത് നമ്മെ നോക്കി ചിരിച്ചുകൊണ്ടിരിക്കും. മലയാളത്തിന്റെ ആ മൂന്നക്ഷരം പൈതൃകമായി, ആര്‍ദ്രമായി, സുന്ദരമായി, വെളിച്ചമായി തലമുറകള്‍ക്ക് സുഗന്ധം നല്കിക്കൊണ്ടേയിരിക്കും. നമ്മില്‍ നിന്ന് വേര്‍പെട്ടുപോകാത്ത ആ അക്ഷരങ്ങളില്‍ നമ്മെത്തന്ന നമുക്കു കൂട്ടിവെക്കാം. കാല്പനികതയുടെ നവോന്മേഷമായി അതവിടെ കിടക്കട്ടെ. ആ പുണ്യത്തിന്റെ പങ്കുപറ്റാന്‍ ആര്‍ക്കും എപ്പോഴും കടന്നുവരാം. കൊടുക്കാന്‍ സദാ സര്‍വഥാ നാം തയാര്‍. വെറുതെയാണോ നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം നാടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: