കൊച്ചി: സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മരണപ്പെടുന്ന ജീവനക്കാരുടെ ബന്ധുക്കള്‍ക്കായി ഏര്‍പ്പെടുത്തുന്ന ആശ്രിത നിയമനം താല്‍ക്കാലികമായി തടയണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പാലക്കാട് ചിറ്റൂര്‍ സ്വദേശി സുനീഷ് ഉള്‍പ്പെടെ ഒരു കൂട്ടം ഉദ്യോഗാര്‍ഥികള്‍ നല്കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് എ.എം ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര് കക്ഷികളില്‍ നിന്നു വിശദീകരണം തേടിയിട്ടുണ്ട്.
നിലവിലുള്ള നിയമത്തിന്റെ അഞ്ച് ശതമാനം മാത്രമേ ആശ്രിത നിയമനം നടത്താവൂയെന്ന വ്യവസ്ഥ നിലനില്‍ക്കേ ഇതിനു വിരുദ്ധമായാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതെന്നാണ് ഹര്‍ജിയിലെ വാദം. ആശ്രിത നിയമത്തിനു അര്‍ഹത നേടുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി ഒരു 1,50,000 രൂപയില്‍ നിന്നു 6,00,000 മായി ഉയര്‍ത്തിയതിനേയും ഹര്‍ജിയില്‍ ചോദ്യംചെയ്തിട്ടുണ്ട്. ഹര്‍ജിക്കാര്‍ക്കു വേണ്ടി സഞ്ജയ് തമ്പി ഹാജരായി. ഹര്‍ജി മൂന്നാഴ്ച കഴിഞ്ഞ് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: