ന്യൂദല്‍ഹി: ജെഎന്‍യു സംഭവത്തില്‍ പ്രതികളായ വിദ്യാര്‍ത്ഥികളുടെ ചോദ്യം ചെയ്യല്‍ ദല്‍ഹി പോലീസ് തുടരുന്നു. കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നീ മൂന്നുപേരെ ഇന്നലെ അന്വേഷണസംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തു. കേസിലെ പ്രതികളായ മറ്റു വിദ്യാര്‍ത്ഥികളും ഉടന്‍ പോലീസിന് കീഴടങ്ങിയേക്കുമെന്നാണ് സൂചന.
പോലീസ് ഇവര്‍ക്കായി തെരച്ചില്‍ നടത്തുന്നില്ലെങ്കിലും കീഴടങ്ങാതെ യാതൊരു മാര്‍ഗ്ഗവുമില്ലെന്ന് വ്യക്തമായതോടെയാണ് ഇവരും പോലീസിന് മുന്നില്‍ ഹാജരാകാനൊരുങ്ങുന്നത്. കനയ്യയുടെ പോലീസ് കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. ഇയാളെ ഇനി കസ്റ്റഡിയില്‍ ആവശ്യപ്പെടില്ലെന്നറിയുന്നു.
അതിനിടെ പട്യാല ഹൗസ് കോടതിയില്‍ പ്രതിഷേധിച്ച അഭിഭാഷകര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന ഹര്ജിയിന്മേല് പ്രതിഷേധത്തിന് നേതൃത്വം നല്കിയ മൂന്ന് അഭിഭാഷകര്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാതിരിക്കണമെങ്കില്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. പട്യാല ഹൗസ് കോടതിയില്‍ നടന്ന സംഭവങ്ങള്‍ പ്രത്യേകസംഘം അന്വേഷിക്കണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാരിനോടും ദല്‍ഹി പോലീസിനോടും കോടതി അഭിപ്രായം ആരാഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: