തിരുവനന്തപുരം: വ്യാജ ജാതിസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാരുടെ ജോലി തട്ടിയെടുത്തത് പോലീസ് അന്വേഷിക്കണമെന്ന് പട്ടിക ജാതി/ വര്‍ഗ്ഗ കമ്മീഷന് ചെയര്മാന് ഡോ. പി.എന്‍. വിജയകുമാര്‍. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ആറുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സംസ്ഥാന പോലീസ് മേധാവിയോട് കമ്മീഷന് ആവശ്യപ്പെട്ടിരിക്കുന്നത്. പോലീസ് സംഘം അന്വേഷിക്കുന്നതോടൊപ്പം വകുപ്പ് തലത്തിലും അന്വേഷണം നടക്കണമെന്ന് കമ്മീഷന് ഉത്തരവ് നല്കി. സര്‍ക്കാര്‍ സര്‍വ്വീസില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം ചെയ്തിട്ടുള്ള ഒഴിവുകളില്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി തട്ടിയെടുക്കുന്നതായി ആരോപിച്ച് കമ്മീഷനില്‍ ഒരു പൊതുതാല്പര്യ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വാസ്തവമാണെന്ന് കമ്മീഷന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പോലീസ് അന്വേഷിക്കാന്‍ കമ്മീഷന് ഉത്തരവിട്ടത്. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് വഞ്ചനാക്കുറ്റത്തില്പ്പെടുമെന്നും കമ്മീഷന് പറഞ്ഞു.
1100 പേര് കേന്ദ്ര സംസ്ഥാന സര്‍വ്വീസുകളില്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയെടുത്തു എന്നായിരുന്നു കമ്മീഷനില്‍ ഹര്‍ജി ലഭിച്ചത്. ഇതില്‍ 360 പേരുടെ സര്‍ട്ടിഫിക്കറ്റ് തീര്‍ത്തും വ്യാജമാണെന്ന് കണ്ടെത്തി. ഡോക്ടര്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍, ഗവണ്മെന്റ് സെക്രട്ടറിമാര്‍വരെ ഇക്കൂട്ടത്തില്‍പ്പെടും. പട്ടികജാതിക്കാരുടെ ജോലി തട്ടിയെടുക്കുന്നത് സംബന്ധിച്ച് ഇതിനുമുമ്പും പരാതികള്‍ ഉയര്‍ന്നിരുന്നെങ്കിലും അന്വേഷണം ഒരു ഘട്ടംവരെ മാത്രമേ പോകാറുള്ളൂ. സര്‍വ്വീസ് കാലയളവ് പരിഗണിച്ച് ശിഷാനടപടിക്രമങ്ങള് ഒഴിവാക്കണമെന്ന ആവശ്യം സര്‍ക്കാരുകള്‍ പരിഗണിക്കുകയായിരുന്നു.
എന്നാല്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയെടുക്കുന്നത് തട്ടിപ്പിന്റെ പരിധിയില്‍വരുമെന്നും അതിനാല്‍ വഞ്ചാനാക്കുറ്റം നിലനില്‍ക്കുമെന്ന് 1996 ല്‍ സുപ്രീം കോടതി വിധിപുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വ്യാജ ജാതിസര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്താന്‍ ഡിജിപിയോട് കമ്മീഷന് ആവശ്യപ്പെട്ടത്. ജാതിസര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ അത് പരിഹരിക്കേണ്ടത് കീര്‍ത്താഡ്സ് ആണ്. ഇത് പലയിടത്തും നടക്കുന്നില്ല. വില്ലേജ് ഓഫീസും തഹസീല്‍ദാര്‍ ഓഫീസും ചേര്‍ന്ന് പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ്. സര്‍ട്ടിഫിക്കറ്റ് നല്കുന്നതിന്റ മാനദണ്ഡങ്ങളെക്കുറിച്ച് നിര്‍ദ്ദേശങ്ങളൊന്നും സര്‍ക്കാര്‍ കമ്മീഷനോട് ഇതുവരെയും ആരാഞ്ഞിട്ടുമില്ല. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയവരുടെ ശമ്പളം തടയാനും വിരമിച്ചവരുടെ പെന്ഷന് തടയാനും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. പട്ടികജാതി പട്ടിക വര്‍ഗ്ഗങ്ങളുടെ ജോലി വ്യാപകമായി അനര്‍ഹര്‍ തട്ടിയെടുക്കുന്നുണ്ടെന്ന് കമ്മീഷന് ചെയര്മാന് റിട്ട. ജഡ്ജി ഡോ. പി.എന്‍. വിജയകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: