1966ലെ 53-ാം നമ്പര്‍ കേന്ദ്രനിയമത്തിലൂടെ നിലവില്‍വന്ന കേന്ദ്രസര്‍വകലാശാലയാണ് ജെഎന്‍യു എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി. 4539 പിഎച്ച്ഡി ഗവേഷകരടക്കം 7304 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ബൃഹത് സ്ഥാപനമാണിത്.
വിവിധ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ അവിടെ വീറോടെ പരസ്പരം പോരാടുന്നു.
സിപിഐ(എംഎല്)ന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ ഓള് ഇന്ത്യ സ്റ്റുഡന്റ്സ് അസ്സോസിയേഷനാണ് (എഐഎസ്എ) വര്‍ഷങ്ങളായി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് ഭരിച്ചിരുന്നത്.2015 സെപ്റ്റംബറില്‍ ഈ കലാശാലയില്‍ നടന്ന തെരഞ്ഞെടുപ്പ് ശ്രദ്ധേയമായിരുന്നു. കനയ്യ കുമാര്‍ എന്ന പിഎച്ച്ഡി ഗവേഷകനിലൂടെ സിപിഐയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എഐഎസ്എഫ് വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് സ്ഥാനം എഐഎസ്എയില്നിന്ന് പൊരുതി നേടി. ശേഷിക്കുന്ന മൂന്ന് സീറ്റുകളിലൊന്ന് എബിവിപി കരസ്ഥമാക്കി. എബിവിപി, 14 വര്‍ഷങ്ങള്‍ക്കുശേഷം ഇടതുപക്ഷ കോട്ടയായിരുന്ന ഈ ക്യാമ്പസ്സില്‍ അങ്ങനെ തങ്ങളുടെ സാന്നിധ്യമറിയിച്ചു. സിപിഎമ്മിന്റെ എസ്എഫ്ഐ, സിപിഐ (മാവോയിസ്റ്റ്) ന്റെ ഡിഎസ്യു, കോണ്‍ഗ്രസ്സിന്റെ എന്എസ്യു എന്നിവക്കും ഇവിടെ സ്വാധീനമുണ്ട്.
ജെഎന്‍യുവില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി ഒമ്പതിന് അഫ്സല് ഗുരു, മഖ്ബല്‍ ഭട്ട് എന്നിവരുടെ ‘ജുഡീഷ്യല്‍ കൊലപാതക’ത്തില്‍ പ്രതിഷേധിച്ച് ‘പോസ്റ്റോഫീസ് രഹിത രാജ്യം’ എന്ന പേരില്‍ ഡിഎസ്യുവിന്റെ നേതൃത്വത്തില്‍ ഒരു പ്രതിഷേധ പരിപാടി സംഘടിപ്പിക്കുവാന്‍ ശ്രമിച്ചു.
2001 ലെ പാര്‍ലമെന്റ് ആക്രമണത്തില്‍ കുറ്റക്കാരനെന്ന് കണ്ട്, വധശിക്ഷ സുപ്രീം കോടതി അംഗീകരിച്ചു നടപ്പാക്കിയ ഭീകരനാണ് അഫ്സല് ഗുരു. കശ്മീര്‍ വിമോചന മുന്നണിയുടെ സ്ഥാപകരില്‍ ഒരാളായിരുന്നു മഖ്ബുല്‍ ഭട്ട്. കൊലപാതകത്തിന് വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുമ്പോള്‍ അയാള്‍ തടവുചാടി.
1971 ല്‍ ഗംഗ എന്ന ശ്രീനഗര്‍- ജമ്മു വിമാനം ഭീകരര്‍ തട്ടിയെടുത്ത് ലാഹോറില്‍ കൊണ്ടിറക്കി. ഖാണ്ഡഹാര്‍ സംഭവത്തിന്റെ മുന്നവതാരം! ഇതിന്റെ മുഖ്യ സൂത്രധാരനെന്ന നിലയില്‍, പാക്കിസ്ഥാന് തത്ക്കാലം ഭട്ടിനെ തടവിലാക്കി. എന്നാല്‍ വൈകാതെ പരിക്കൊന്നും കൂടാതെ ജയില്‍ മോചിതനായ ഭട്ട് ഭീകരവാദവുമായി വീണ്ടും ഭാരതത്തില്‍ നുഴഞ്ഞുകയറി. വൈകാതെ പിടിയിലുമായി. 1982 ല്‍ സുപ്രീംകോടതി അയാളുടെ വധശിക്ഷ ശരിവെച്ചു.
ഭട്ടിന് രാഷ്ട്രപതി മാപ്പ് നല്കി വിട്ടയക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്താന്‍ 1984 ല്‍, തന്റെ മകള്‍ക്ക് പിറന്നാള്‍ കേക്ക് വാങ്ങാന്‍ പോയ രവീന്ദ്ര ഹരേശ്വര്‍ മാത്രെ എന്ന ഭാരത നയതന്ത്രജ്ഞനെ ഇംഗ്ലണ്ടില്‍ വെച്ച് ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊന്നു. ഈ സംഭവത്തിന് ഒരാഴ്ചക്കുള്ളില്‍, രാഷ്ട്രപതി ദയാഹര്‍ജി തള്ളി. ഭട്ടിനെ തൂക്കിലേറ്റി. ‘പോസ്റ്റോഫീസ് രഹിത രാജ്യം’ എന്ന പ്രയോഗം അഖ ഷഹീദലി എന്ന കശ്മീരി അമേരിക്കന്‍ കവി സ്വതന്ത്ര കശ്മീര്‍ എന്ന ആശയവുമായി എഴുതിയ കവിതയുടെ പേരാണ്.
ദേശവിരുദ്ധം എന്ന കാരണത്താല്‍ എബിവിപി ‘പോസ്റ്റോഫീസ് രഹിത രാജ്യം’ പരിപാടിയെ എതിര്‍ത്തു. ദേശവിരുദ്ധ പരിപാടി സര്‍വ്വകലാശാല അധികാരികളും വിലക്കി. എന്നാല്‍ നിരോധനം മറികടന്നുകൊണ്ട് ഒരു ചെറിയ വിദ്യാര്‍ത്ഥി സമൂഹം പരിപാടി സംഘടിപ്പിച്ചു. ആ പരിപാടിയില്‍ കനയ്യയും ഇടതുപക്ഷത്തെ വ്യത്യസ്ത ചേരികളിലെ വിദ്യാര്‍ത്ഥി നേതാക്കളും പങ്കെടുത്തു; പ്രസംഗിച്ചു. രാജ്യദ്രോഹവും മറ്റും ആരോപിച്ച കനയ്യയെ പോലീസ് അറസ്റ്റ് ചെയ്തു. തങ്ങള്‍ ഭാരതവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നും, ആശയസംവാദത്തിനായും വധശിക്ഷകളുടെ പൊള്ളത്തരം തുറന്നുകാണിക്കുന്നതിനായും സംഘപരിവാറിന്റെ കുത്സിത ശ്രമങ്ങള്ക്കെതിരായുമാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് പോലീസ് നടപടിക്കെതിരെയുള്ള വാദം.
കനയ്യ ദേശവിരുദ്ധമായി ഒന്നും പറഞ്ഞില്ലെന്ന് സ്ഥാപിക്കാന്‍ തല്പരകക്ഷികള് കൊണ്ടാടുന്നത് ഫെബ്രുവരി 10-ന് അയാള്‍ നടത്തിയ പ്രസംഗമാണ്. ഇതിന്റെ തലേദിവസം ഒന്‍പതാം തീയതിയാണ് ‘പോസ്റ്റോഫീസ് രഹിത രാജ്യം’ പരിപാടി നടന്നതും കനയ്യ അഭിവാദ്യമര്‍പ്പിച്ചതും വിവാദമുണ്ടായതും. ഒമ്പതാം തീയതി അയാള്‍ നടത്തിയ പ്രസംഗമെന്തെന്ന് നോക്കേണ്ടതുണ്ട്.
2013 ല്‍ കനയ്യയുടെ നേതൃത്വത്തില്‍ സമരം നടത്തി ജെഎന്‍യുവിലെ സിസിറ്റിവികളുടെ മിഴി പൂട്ടിച്ചിരുന്നുവെന്ന് ഇതോട് കൂട്ടിവായിക്കുക. അഫ്സല് ഗുരുവിനും ഭട്ടിനും വധശിക്ഷ നല്‍കിയത് കടുത്തതായിപ്പോയെന്ന് വാദത്തിനായി സങ്കല്പിക്കുക. അതുകൊണ്ടവര്‍ ഭീകരവാദികളല്ലാതാകുന്നുണ്ടോ? അവര്‍ ചെയ്ത പ്രവൃത്തികള്‍ ദേശവിരുദ്ധമല്ലാതാകുന്നുണ്ടോ? അഫ്സല് ഗുരുവിന്റെ ചിത്രവുമായി നില്ക്കുന്ന, സിപിഐ നേതാവ് ഡി. രാജയുടെ മകളും ജെഎന്യുഎഐഎസ്എഫ് പ്രസിഡന്റുമായ അപരാജിത പകര്ന്നുനല്കുന്ന പാഠമെന്താണ്?
സഘപരിവാറിനെയോ, വധശിക്ഷയെയോ എതിര്‍ക്കാന്‍ ഭീകരവാദിയില്‍ അഭയം പ്രാപിക്കണോ?
പത്താം തീയതി കനയ്യ നടത്തിയ പ്രസംഗത്തില്‍ അയാള്‍ ചോദിക്കുന്നു: ”കസബ് ആരാണ്? അഫ്സല് ഗുരു ആരാണ്? സ്വയം സ്ഫോടനം നടത്താന്‍ തയ്യാറാകുന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്ന ഇവര്‍ ആരാണ്? ഈ ചോദ്യങ്ങള്‍ ഒരു സര്‍വ്വകലാശാലയില്‍ ഉയര്‍ന്നില്ലെങ്കില്‍, അങ്ങനെയൊരു സര്വ്വകലാശാലയുണ്ടാകേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല”. രാഹുല്‍ ഗാന്ധി മുതല്‍ സീതാറാം യെച്ചൂരിവരെയുള്ളവര് ഇത്തരം സംവാദങ്ങള്‍ സര്‍വ്വകലാശാലകളില്‍ നടക്കണം എന്ന് അഭിപ്രായപ്പെട്ടവരാണ്.
ജെഎന്‍യുവിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ 1966 ലെ നിയമത്തിന്റെ നാലാം വകുപ്പിന്റെ കീഴിലുള്ള ഒന്നാം പട്ടികയിലാണുള്ളത്. ഒന്നാം പട്ടിക ആരംഭിക്കുന്നത് ഇങ്ങനെയാണ്: ”ജവഹര്‍ലാല്‍ നെഹ്റു തന്റെ ജീവിതകാലത്ത് പ്രാവര്‍ത്തികമാക്കിയിരുന്ന ദേശീയോദ്ഗ്രഥനം, സമൂഹിക നീതി, സെക്കുലറിസം, ജനാധിപത്യ ജീവിതരീതി, അന്താരാഷ്ട്ര അറിവ്, സമൂഹത്തിന്റെ പ്രശ്നങ്ങളോടുള്ള ശാസ്ത്രീയ സമീപനം എന്നിവയിന്മേലുള്ള പഠനം പ്രചരിപ്പിക്കുന്നതിനാണ്”. ദേശീയോദ്ഗ്രഥനത്തിനുമേല് പഠനംനടത്തുന്നത് ആദ്യ ഉദ്ദേശ്യലക്ഷ്യമായുള്ള ഒരു സര്‍വ്വകലാശാലയില്‍ ദേശവിരുദ്ധമായ സന്ദേശങ്ങള്‍ സംവദിക്കാന്‍ അനുവദിക്കുന്നതെങ്ങനെ?
കനയ്യ പങ്കെടുത്ത ചടങ്ങ് ‘ജുഡീഷ്യല്‍ കൊലപാതക’ത്തില്‍ പ്രതിഷേധിക്കാന്‍ സംഘടിപ്പിച്ചതാണ്. ഏതൊരു പരമോന്നത ന്യായപീഠത്തെ കൊലപാതകി എന്നുവിളിച്ചോ, അവിടെത്തന്നെ ജാമ്യാപേക്ഷയുമായാണ് കനയ്യ നിന്നത്. അതും, ”ഈ കനിവിന് ഞാനെന്നും കര്‍ത്തവ്യ ബദ്ധനായിരിക്കുമെന്ന്” പ്രാര്‍ത്ഥിച്ചുകൊണ്ട്. കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കിപ്പിക്കുന്ന പ്രക്രിയ എന്ന് ഇതിനെയല്ലേ വിളിക്കേണ്ടത്!
കശ്മീരില്‍ ഭീകരവാദ അനുഭാവമുള്ള സമ്മര്‍ദ്ദശക്തികള്‍ പലതുണ്ട്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായി അവരുമായി ചര്‍ച്ചകളും, ധാരണകളും, അധികാരം പങ്കുവെക്കലുകളുമെല്ലാം ഉണ്ടാകും. എന്നാല്‍ അതിന്റെ അര്‍ത്ഥം ദേശവ്യാപകമായി അത് പ്രോത്സാഹിപ്പിക്കാമെന്നല്ലല്ലോ.
ഭാരത ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 51 എ മൗലിക ദൗത്യങ്ങള്‍ നിര്‍വചിക്കുന്നു: ”താഴെപ്പറയുന്നവ ഓരോ പൗരന്റേയും കര്‍ത്തവ്യമായിരിക്കും: . . .സി) ഭാരതത്തിന്റെ പരമാധികാരവും ഐക്യവും അഖണ്ഡതയും നിലനിര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുക; ഡി) രാജ്യത്തെ കാത്തുസൂക്ഷിക്കുകയും ദേശീയ സേവനം ആവശ്യപ്പെടുമ്പോള്‍ അത്അനുഷ്ഠിക്കുകയും ചെയ്യുക.”
ഭീകരവാദിയെ ബലിദാനിയാക്കിയ കനയ്യ, ഡിഎസ്യു മുന്‍ നേതാവ് ഉമര്‍ ഖാലിദ് തുടങ്ങിയവരുടെ ദേശദ്രോഹക്കുറ്റത്തില് പുതുമയില്ല. ആട്ടിന്‍ തോലണിഞ്ഞ് നടന്നിരുന്ന മുഖ്യധാരാ പാര്‍ട്ടികളായ സിപിഎം, കോണ്‍ഗ്രസ്സ് എന്നിവരുടെ അടിയുറച്ച ദേശവിരുദ്ധ നിലപാടുകള്‍ വെളിയില്‍ കൊണ്ടുവരാന്‍ കനയ്യ സംഭവം കാരണമായില്ലേ?
രാജാ അയ്യര്‍ എന്ന ഒരു ചാരനെ തെനാലി രാമന് പിടികൂടിയ കഥ ഇവിടെ ഓര്‍ക്കാം. അയ്യര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഒരു കുടം തണുത്ത വെള്ളം തെനാലി അയാളുടെ തലയില്‍ ചൊരിഞ്ഞു. അയ്യര്‍ അതുവരെ പരസ്യമായി മൊഴിഞ്ഞിരുന്ന ഭാഷ വിട്ട് തന്റെ മാതൃഭാഷയില്‍ പുലമ്പിക്കൊണ്ടെഴുന്നേറ്റു. അങ്ങനെ കള്ളി വെളിച്ചത്തായി. അപ്രതീക്ഷിത സംഭവങ്ങളോടുള്ള പ്രതികരണത്തിലാണ് മുഖംമൂടികള്‍ തിരിച്ചറിയപ്പെടുക.
ഇന്ദിരാഗാന്ധി സര്‍ക്കാര്‍ തൂക്കിലേറ്റിയ ഭട്ടും, മന്മോഹന് സിങ് ഭരണകൂടം തൂക്കിലേറ്റിയ അഫ്സല് ഗുരുവും ഇരകളാണെന്ന് വാദിക്കുന്നതിലേക്ക് രാഹുല്‍ ഗാന്ധിയുടെ ഇന്ദിരാ കോണ്‍ഗ്രസ്സ് അധപതിച്ചു എന്ന് പരസ്യമായില്ലേ? ബിജെപിക്ക് ബദലായ ഏക ദേശീയപാര്‍ട്ടിയായ കോണ്‍ഗ്രസ്സിന്റെ അധഃപതനം ഭയാനകമാണ്. ഇടതുപക്ഷ പാര്‍ട്ടികളുടെ കൂറ് ഭാരതത്തോടല്ല എന്ന ആരോപണം അവര്‍ സത്യമെന്ന് തെളിയിച്ചിട്ടുള്ളതാണ്. പുറത്തുള്ളതിനേക്കാള്പേടിക്കേണ്ട വലിയ ശത്രുക്കള്‍ അകത്തുണ്ടെന്ന് കനയ്യ സംഭവം വെളിവാക്കി.
ചില പരിഷ്കൃത രാജ്യങ്ങളില്‍ ദേശദ്രോഹം (സെഡിഷന്) കുറ്റകരമല്ലെന്നും, ബ്രിട്ടീഷ് കാലത്തിന്റെ ബാക്കിപത്രമായ ആ നിയമം ഭാരതത്തിലും റദ്ദാക്കണമെന്നാണ് വാദം. ശരിയാണ്, ഇംഗ്ലണ്ടില്‍ ആ നിയമത്തില്‍ വെള്ളം ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ അതിന് കാരണം പല്ലില്ലാത്ത സെഡിഷന് പകരം ഒരു വലിയനിര ഭീകരവാദ വിരുദ്ധ നിയമങ്ങള്‍ അവര്‍ക്കുള്ളതാണ്. ഉദാഹരണത്തിന് അവിടെ 2006 ലെ ഭീകരവാദ വിരുദ്ധ നിയമപ്രകാരം ഭീകരവാദത്തെ പുകഴ്ത്തുന്നത് വളരെ ഗുരുതരമായ കുറ്റമാണ്. അമേരിക്കയിലെ പേട്രിയറ്റ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന നിയമം ഇതിലും കടുത്തതാണ്. ചുരുക്കത്തില്‍ തത്പരകക്ഷികള്ചൂണ്ടിക്കാണിക്കുന്ന പരിഷ്കൃത സമൂഹങ്ങളിലായിരുന്നെങ്കില്‍ രാഹുല്‍ ഗാന്ധിയും യെച്ചൂരിയുമെല്ലാം ഇപ്പോള്‍ അഴിക്കുള്ളിലായിരിക്കും.
വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ അധികാരികളുടെ ഉത്തരവുകളെ ധിക്കരിച്ച് പരിപാടികള്‍ നടത്തുന്നത് പതിവാണ്. ജെഎന്യുമുതല്, കേരളവര്‍മ്മയിലെ ബീഫ് ഫെസ്റ്റിവല്‍ വരെ ഉള്‍പ്പെടും. കുട്ടികളുടെ നിഷേധം പൊറുക്കാം; എന്നാല്‍ അനുമതി നിഷേധിക്കപ്പെട്ട പരിപാടിക്ക് നാവ് കടംകൊടുത്ത ടീച്ചറെ ശ്രദ്ധിക്കേണ്ടതുണ്ട്. അവര്‍ക്കെതിരെ ദേവസ്വം മാനേജ്മെന്റ് അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍, നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ട്, ദേവസ്വത്തിന്റെ സ്വയംഭരണത്തിനുമേല്‍ കൈകടത്തിയ, നിയമവാഴ്ചയെ വെല്ലുവിളിച്ച ആഭ്യന്തര മന്ത്രിയെ മറക്കരുത്. കാരണം അവരാണ് അക്രമം തുടരാന്‍ പ്രോത്സാഹിപ്പിക്കുന്നവര്‍. കനയ്യെ മറക്കാം. എന്നാല്‍ ദേശവിരുദ്ധതക്ക് ചൂട്ടുപിടിക്കുന്ന രാഷ്ട്രീയക്കാരെ ഒരിക്കലും മറക്കരുത്.
(അര്‍ത്ഥശാസ്ത്ര വെഞ്ചേഴ്സ് (ഇന്‍ഡ്യ) എല്‍എല്‍പിയുടെ സിഇഒയും, ജോധ്പൂര്‍ നാഷ്ണല്‍ ലോ യൂണിവേഴ്സിറ്റിയില്‍ പിഎച്ച്ഡി ഗവേഷകനുമാണ് ലേഖകന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: