കോട്ടയം: നാടിനെ നയിക്കേണ്ടത് അഭ്യസ്തവിദ്യരെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. കോട്ടയം സിഎംഎസ് കോളേജിന്റെ 200-ാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസരംഗത്ത് അന്തരാഷ്ട്ര നിലവാരം ഉറപ്പാക്കാന്‍ സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തവും അനിവാര്യമാണ്.
സാമൂഹിക മേഖലകളില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കേരളത്തിന് പക്ഷേ ഉന്നത വിദ്യാഭ്യാസരംഗത്ത് ആനുപാതികമായ വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉന്നത സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭാരതത്തില്‍ ചുരുക്കമാണ്. കഴിഞ്ഞവര്‍ഷം നടന്ന അന്താരാഷ്ട്ര റേറ്റിംഗില്‍ ഇന്ത്യയിലെ അഞ്ച് സര്‍വ്വകലാശാലകളും ഇടംപിടിച്ചത് നിലവാരം മെച്ചപ്പെടുത്തിയതുകൊണ്ടാണ്.
സ്വഭാവ രൂപീകരണം, ബഹുസ്വരത എന്നിവ കാത്തുസൂക്ഷിക്കാന്‍ ഉന്നത വിദ്യാഭ്യാസത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
1500 വര്‍ഷം മുന്‍പ് വിദ്യാഭ്യാസരംഗത്ത് ഭാരതത്തെ ലോകത്തെ നയിച്ചത്. തക്ഷശിലയുടെ കാലംമുതല്‍ വിദ്യാഭ്യാസ രംഗത്തെ രാജ്യത്തിന്റെ പുരോഗതി രാഷ്ട്രപതി എടുത്തുപറഞ്ഞു. എന്നാല്‍ ഇന്ന് ഉന്നതസാങ്കേതിക വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ മികവ് തെളിയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. കൂടുതല്‍ സര്‍വ്വകലാശാലകള്‍ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയരണം.
രാജ്യത്തെ രണ്ടാമത്തെ കോളേജായ സിഎംഎസ,് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലും കോട്ടയം പട്ടണത്തിന്റെ വികസനത്തിനും മുഖ്യപങ്ക് വഹിച്ചു. സിഎംഎസിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന്, കെ.പി.എസ്. മേനോന്, സര്‍ദാര്‍ കെ.എം. പണിക്കര്‍ തുടങ്ങിയ മഹാരഥന്മാരുടെ സംഭാവനകള്‍ രാഷ്ട്രപതി അനുസ്മരിച്ചു. ചടങ്ങില്‍ സിഎംഎസ് കോളേജിന്റെ ദ്വിശതാബ്ദി വാര്‍ഷികാഘോഷ ഫലകവും അദ്ദേഹം അനാച്ഛാദനം ചെയ്തു.
സിഎംഎസ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഫിലിപ്പ് ലീയ്ക്ക് മഹാത്മാ ഗാന്ധി എഴുതിയ കത്തിന്റെ പൂര്‍ണരൂപം വെങ്കലത്തില്‍ തയ്യാറാക്കിയത് രാഷ്ട്രപതിക്ക് സമ്മാനിച്ചു. പോസ്റ്റല്‍ വകുപ്പ് തയ്യാറാക്കിയ പ്രത്യേക ദ്വിശതാബ്ദി പോസ്റ്റല്‍ കവറിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ എ. എല്‍. നന്ദയാണ് പോസ്റ്റല്‍ കവര്‍ രാഷ്ട്രപതിക്ക് കൈമാറിയത്.
സിഎംഎസ് കോളേജില്‍ നിന്ന് ഉന്നതസ്ഥാനങ്ങളിലെത്തിയ പൂര്‍വ വിദ്യാര്‍ത്ഥികളുടെ മാതൃക പുതിയ തലമുറ പിന്തുടരണമെന്ന് കേരള ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. പൗരാണിക മന്ദിരങ്ങളും പാരമ്പര്യവുമുള്ള കോളേജുകള്‍ക്ക് യുജിസി നല്കുന്ന പ്രത്യേക പൈതൃക പദവി സിഎംഎസ് കോളേജിന് ലഭിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു.
ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ജോസ് കെ.മാണി എംപി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റോയ് സാം ഡാനിയല്‍ സ്വാഗതവും അലുമ്നി അസോസിയേഷന് പ്രസിഡന്റ് പ്രൊഫ. സി.എ. എബ്രഹാം നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: