ന്യൂദല്‍ഹി: തന്ത്രപ്രധാനമായ സിയാച്ചിന്‍ മഞ്ഞുമലകളില്‍ നിന്നും സൈന്യം പിന്മാറില്ലെന്ന് കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍. ഇക്കാര്യത്തില്‍ പാക്കിസ്ഥാനെ വിശ്വസിക്കാനാവില്ലെന്നും കരസേന പിന്മാറിയാല്‍ സിയാച്ചിനില്‍ പാക്കിസ്ഥാന്‍ കയ്യേറ്റം നടത്തുമെന്നും പരീഖര്‍ പറഞ്ഞു.
സിയാച്ചിനിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ 23,000 അടി മുകളിലുള്ള സല്‍ത്തോറോ പാലം നമ്മുടെ അധീനതയിലാണ്. നമ്മള്‍ അവിടം ഉപേക്ഷിച്ചാല്‍ ശത്രുരാജ്യം ആ സ്ഥാനം കൈക്കലാക്കും. അങ്ങനെ സംഭവിച്ചാല്‍ കൂടുതല്‍ സൈനികരെ നമുക്ക് നഷ്ടമാകുന്ന സാഹചര്യമുണ്ടാകും.
1984ലെ സിയാച്ചിന്‍ സംഘര്‍ഷം ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിയാച്ചിനില്‍ സൈനിക സാന്നിധ്യം ഉറപ്പിക്കുന്നതിനായി നമുക്ക് വലിയ വില കൊടുക്കേണ്ടിവരുന്നുണ്ട്. നമ്മുടെ സൈനികരെ ഇക്കാര്യത്തില്‍ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. എന്നാല്‍ എന്തുവില നല്‍കിയും സിയാച്ചിന്‍ നമുക്ക് കൈവശം വെയ്‌ക്കേണ്ടതുണ്ട്. വളരെ തന്ത്രപ്രധാനമായ പ്രദേശമാണത്. ഈ സഭയില്‍ ആരെങ്കിലും പാക്കിസ്ഥാനെ വിശ്വസിച്ച് സിയാച്ചിനില്‍ നിന്നും പിന്മാറണമെന്ന് പറയുമെന്ന് കരുതുന്നില്ല, ലോക്‌സഭയിലെ ചോദ്യോത്തരവേളയില്‍ പരീഖര്‍ പറഞ്ഞു.
വലിയ മഞ്ഞുമല ഇടിഞ്ഞുവീണ് 10 കരസേനാംഗങ്ങള്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലായിരുന്നു വിഷയം ലോക്‌സഭയില്‍ ഉയര്‍ന്നുവന്നത്. കഴിഞ്ഞ 32 വര്‍ഷത്തിനിടെ 915പേര്‍ക്ക് സിയാച്ചിനില്‍ ജീവന്‍ നഷ്ടമായിട്ടുണ്ടെന്ന് പരീഖര്‍ പറഞ്ഞു. എല്ലാവര്‍ഷവും 28പേര്‍ വീതമെങ്കിലും മരണപ്പെടുന്നു. ഈ മരണസംഖ്യ പത്തായി കുറച്ചുകൊണ്ടുവരാനാണ് ശ്രമം. ആറിരട്ടി മെഡിക്കല്‍ സേവനങ്ങളാണ് സിയാച്ചിനില്‍ നല്‍കുന്നത്. 10 തരത്തിലുള്ള അത്യന്താധുനിക വസ്ത്രങ്ങളാണ് കൊടുംമഞ്ഞില്‍ ധരിക്കുന്നതിന് സൈനികര്‍ക്ക് നല്‍കുന്നത്.
സിയാച്ചിനില്‍ സേവനമനുഷ്ടിക്കുന്ന സൈനികര്‍ക്ക് അലവന്‍സും ഹൈലി ആക്ടീവ് ഫീല്‍ഡ് അലവന്‍സും വര്‍ദ്ധിപ്പിക്കുമെന്നും ഓഫീസര്‍മാര്‍ക്കും സാധാരണ ജവാന്മാര്‍ക്കുമുള്ള അലവന്‍സുകളിലെ അന്തരം ഇല്ലാതാക്കുമെന്നും പരീഖര്‍ കൂട്ടിച്ചേര്‍ത്തു.
















