ലോകത്തിന്റെ നശ്വരതയെയും അതിലെ അനേകവിധമായ കഷ്ടപ്പാടുകളേയും മറ്റും പ്രതിപാദിക്കുമ്പോള്‍ വേദാന്തം അപ്രായോഗികതയിലേക്കും അശുഭാപ്തി വിശ്വാസത്തിലേക്കും ചായുന്നുവെന്ന് തോന്നിപ്പോകാമെങ്കിലും അനന്തവും സച്ചിദാനന്ദരൂപവുമായ ബ്രഹ്മത്തെപ്പറ്റി പറയുമ്പോള്‍ തികഞ്ഞ പ്രായോഗികതയും ശുഭാപ്തി വിശ്വാസവുമാണ് വേദാന്തം പ്രഖ്യാപനം ചെയ്യുന്നത്. പീഡിതനെ സാന്ത്വനിപ്പിക്കാനും നിരുന്മേഷചിത്തനെ ആശ്വാസ സമ്പൂര്‍ണ്ണനാക്കാനുമാണ് അദൈ്വത സിദ്ധാന്തം ആത്യന്തികമായി ശ്രമിക്കുന്നതെന്ന് ലോകസമക്ഷം ഉദ്‌ഘോഷിക്കപ്പെട്ടത് ശ്രീശങ്കരനിലൂടെയാണ്.
ഭാരതീയ ദര്‍ശനങ്ങളുടെ എല്ലാ ശാഖകളിലും വെച്ച് ശ്രീശങ്കരാചാര്യരുടെ സിദ്ധാന്തമാണ് ആധുനികര്‍ക്ക് കൂടുതല്‍ സ്വീകാര്യമെന്നുള്ള കാര്യത്തില്‍ സംശയമില്ല എന്ന് ഭാരതീയ സിദ്ധാന്തങ്ങളിലും അതേസമയം ഭാരതീയേതരമായ സിദ്ധാന്തങ്ങളിലും ആഴത്തില്‍ അവഗാഹം നേടിയ പണ്ഡിറ്റ് സീതാനാഥ തത്വഭൂഷണ്‍ പറയുന്നു. ആധുനിക ലോകത്ത് ശങ്കരദര്‍ശനത്തിന്റെ പ്രസക്തിയെപ്പറ്റി പുനരവലോകനം ചെയ്യുന്ന അവസരത്തില്‍ പണ്ഡിറ്റിന്റെ പ്രസ്താവന ഗൗരവമര്‍ഹിക്കുന്നു.
ഭാരതീയ തത്വചിന്തയ്‌ക്കും യവനചിന്തയ്‌ക്കും പിന്തുണയായിത്തീരുന്ന സൂക്ഷ്മവാദത്തോടും ശാസ്ത്രീയമായ തെളിവോടും കൂടിയതാണ് വിശ്വവിശ്രുത തത്വചിന്തകനായ കാന്റിന്റെ ദര്‍ശനം. തന്റെയും ലോകത്തിന്റെയും വിസ്മയത്തിനു കാരണമാകത്തക്കവിധത്തില്‍, ദൃശ്യലോകത്തില്‍ സാര്‍വത്രികമായി പ്രവര്‍ത്തിക്കുന്ന സ്ഥലം, കാലം, കാര്യകാരണ ബന്ധം എന്ന ഉപാധിത്രയങ്ങള്‍ നാം വിശ്വസിക്കുന്നതുപോലെ ശാശ്വതങ്ങളല്ലെന്നുള്ള വസ്തുത കാന്റും അദ്ദേഹത്തിന്റെ ശിഷ്യന്‍ ഷോപ്പന്‍ ഹോവറും നിഷ്‌കൃഷ്ടമായി തെളിയിച്ചിട്ടുണ്ട്. ലോകം മായയാണ്, മിഥ്യയാണ് എന്ന് പ്ലേറ്റോ പറയുമ്പോള്‍ കാന്റ് പറയുന്നത്, ലോകം, അത് വെറും തോന്നല്‍ മാത്രമാണെന്നാണ്. ലോകത്തിലെ മൂന്ന് വ്യത്യസ്ത ചിന്താധാരകള്‍ ഒരേ തീരുമാനത്തില്‍ എത്തിച്ചേരുന്ന അദ്ഭുത പ്രതിഭാസം നമുക്ക് ഇവിടെ കാണാന്‍ കഴിയും. എന്നാല്‍ ഒരു വ്യത്യാസം മാത്രം പ്ലേറ്റോയും കാന്റും അവരുടെ ശിഷ്യന്മാരും ബുദ്ധിബലത്തെ മാത്രം ആശ്രയിച്ച് ഈ സിദ്ധാന്തം പ്രകാശിപ്പിക്കുമ്പോള്‍ ശ്രീശങ്കരന്‍ അതേ ലക്ഷ്യത്തെ അനുഭവത്തോടുകൂടി വ്യക്തമാക്കുന്നു.
ശ്രുതി, യുക്തി, അനുഭവം എന്നിങ്ങനെ മൂന്നാണല്ലോ ശ്രീശങ്കരവീക്ഷണത്തില്‍ മുഖ്യപ്രമാണങ്ങള്‍. എന്നാല്‍ ഇവയില്‍ അനുഭവത്തിനാണ് ശ്രീശങ്കരന്‍ സര്‍വപ്രാധാന്യം നല്‍കുന്നത്. ശ്രുതിയും അനുഭവവും വിരുദ്ധമായി വരുന്നിടത്ത് ശ്രുതിയെ തള്ളാമെന്ന് ശ്രീശങ്കരനെന്ന, ആ അതിധീരനായ ഭാരതത്തിലെ ഉല്‍പതിഷ്ണു സധൈര്യം ഉദ്‌ഘോഷിച്ചു. ശ്രുതിയുടെ ശിരസ്സില്‍ നൃത്തം ചെയ്യുന്ന യുവകേസരിയാണ് ശ്രീശങ്കരന്‍ എന്ന് ഒരു ചിന്തകന്‍ അഭിപ്രായപ്പെട്ടത് ഒട്ടും അതിശയോക്തിയല്ല.
















