തിരുവനന്തപുരം: പത്മതീര്‍ഥക്കരയിലെ പൊളിച്ചുനീക്കിയ കല്‍മണ്ഡപം ഒരുമാസത്തിനുള്ളില്‍ പുനര്‍നിര്‍മിക്കുമെന്ന് കളക്ടര്‍ ബിജു പ്രഭാകരന്‍. ഇന്നലെ നടന്ന ഉന്നതതല യോഗത്തില്‍ കല്‍മണ്ഡപത്തിന്റെ രൂപരേഖകളും അടിസ്ഥാന വിവരങ്ങളും പുരാവസ്തുവകുപ്പിന് കൈമാറിയിട്ടുണ്ട്. പുരാവസ്തു വകുപ്പ് ഇവ പരിശോധിച്ച് ഇന്ന് അന്തിമതീരുമാനം കൈക്കൊള്ളും. തുടര്‍ന്ന് ഒരുമാസത്തിനുള്ളില്‍ മണ്ഡപം പൊളിച്ചുനീക്കിയ സംസ്ഥാന നിര്‍മിതി കേന്ദ്രം തന്നെ പുനര്‍നിര്‍മാണം നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ വലിയ കല്‍മണ്ഡപം പൊളിച്ചുനീക്കി സ്‌നാനഘട്ടം, നടപ്പാത എന്നിവ നിര്‍മിക്കുവാനായിരുന്നു സാങ്കേതികസമിതിയുടെ ആദ്യ തീരുമാനം. ഇതനുസരിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും വിശ്വാസികളില്‍നിന്ന് വലിയ എതിര്‍പ്പുണ്ടാകുമെന്ന അഭിപ്രായമുയര്‍ന്നു. തുടര്‍ന്ന് വലിയ കല്‍മണ്ഡപം പൊളിക്കരുതെന്ന് കരാര്‍ ഏറ്റെടുത്ത നിര്‍മിതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ കഴിഞ്ഞ 17ന് സുപ്രീംകോടതി ചുമതലപ്പെടുത്തിയിട്ടുള്ള കണ്‍സര്‍വേഷന്‍ കമ്മറ്റിയുടെയോ പുരാവസ്തു വകുപ്പിന്റെയോ അറിവും സമ്മതമോ ഇല്ലാതെ നിര്‍മിതികേന്ദ്രം ചരിത്രപ്രാധാന്യമുള്ള പത്മതീര്‍ഥകുളത്തിനു സമീപത്തെ കല്‍മണ്ഡപം ഇടിച്ചു നിരത്തുകയായിരുന്നു.
കല്‍തൂണുകളില്‍ പ്രതേ്യക ബലക്കൂട്ടുകള്‍ ഉപയോഗിച്ച് ഉറപ്പിച്ചിട്ടുള്ള കല്‍മണ്ഡപം അതേനിലയില്‍ നിലനിര്‍ത്തി ബലക്ഷയം പരിഹരിക്കുക എന്ന വിവിധ സമിതികളുടെ ശുപാര്‍ശകള്‍ കാറ്റില്‍ പറത്തിയായിരുന്നു ഇടിച്ചുനിരത്തല്‍. പൈതൃക മേഖലയിലെ പുരാവസ്തു പ്രാധാന്യമുള്ള സ്മാരകം നവീകരിക്കുകയോ പുനര്‍നിര്‍മിക്കുകയോ ചെയ്യുമ്പോള്‍ ആര്‍ക്കിയോളജി വകുപ്പിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന നിയമവും പാലിക്കപ്പെട്ടില്ല. കുളം നവീകരിക്കുവാന്‍ മാത്രമാണ് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നത്. കുളം നവീകരിച്ചപ്പോഴാണ് കിഴക്കേനടയിലെ കക്കൂസില്‍ നിന്നുള്ള മാലിന്യങ്ങളും സമീപത്തെ കല്യാണമണ്ഡപങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും ഇവിടേക്ക് ഒഴുകിയെത്തുന്നുണ്ടെന്ന് മനസിലായതെന്ന് കളക്ടര്‍ പറഞ്ഞു. തുടര്‍ന്ന് പത്മതീര്‍ഥത്തിലേക്ക് ഒഴുകിയെത്തുന്ന മാലിന്യം തടയുവാന്‍ സര്‍ക്കാരിനോട് ഒരുവര്‍ഷം മുന്‍പ് അടിയന്തരസഹായം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇന്നലെ നടന്ന യോഗത്തില്‍ വലിയ മണ്ഡപം മറ്റ് കല്‍മണ്ഡപങ്ങള്‍ ഇവയൊന്നും നീക്കം ചെയ്യരുതെന്ന് അഭിപ്രായമുയര്‍ന്ന സാഹചര്യത്തില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സാങ്കേതികസമിതിയില്‍ നിന്നുതന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായും കളക്ടര്‍ അറിയിച്ചു. കല്‍മണ്ഡപങ്ങളുടെ നവീകരണത്തിനായി ഒരുകോടിരൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. ഇതില്‍ 26 ലക്ഷംരൂപ ഇതുവരെ ചെലവഴിച്ചു. രാജകുടുംബത്തെയും ഭക്തജനങ്ങളെയും ഹിന്ദുസംഘടനകളെയും വിശ്വസത്തിലെടുക്കാതെ കല്‍മണ്ഡപംപൊളിച്ചതാണ് പിഴവെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: