വടശ്ശേരിക്കര: വഴിയോരങ്ങളിലെ ശീതള പാനീയ കച്ചവടം ഉപഭോക്താക്കള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി ആക്ഷേപം. ശീതള പാനീയങ്ങള്‍ നിര്‍മ്മിക്കാനായി തുറന്നുപ്രതലത്തില്വെച്ചിരിക്കുന്ന തണ്ണിമത്തനടക്കമുള്ള സാധന സാമഗ്രികളില്‍ റോഡില്‍ നിന്നുള്ള പൊടികളും മറ്റും പറ്റിപ്പിടിക്കുന്നത് ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോഴിക്കോടന്‍ കുലുക്കി സര്ബത്തടക്കമുള്ള താല്‍ക്കാലിക ശീലള പാനീയ വില്‍പ്പന കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന ഐസും ഗുണമേന്മയില്ലാത്തതാണെന്ന് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. മീനടക്കമുള്ള വസ്തുക്കള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനായി വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന ഐസാണ് പലയിടത്തും ശീതളപാനീയക്കാരും വാങ്ങുന്നത്. ശുദ്ധമല്ലാത്ത സാഹചര്യങ്ങളില്‍ സൂക്ഷിക്കുന്ന ഇവയും ഇതില്‍ ചേര്‍ക്കുന്ന അമോണിയയടക്കമുള്ള രാസവസ്തുക്കളും രോഗങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍തന്നെ പറയുന്നു.
എരിയുന്ന വെയിലില്‍ യാത്ര ചെയ്യുമ്പോള്‍ ഉള്ളൊന്നു തണുപ്പിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാവില്ല. വേനല്‍ കടുത്തതോടെ ദാഹമടക്കാന്‍ ശീതള പാനീയ വില്പനക്കാര് വഴിയോരങ്ങളില്‍ തയ്യാറായി ക്കഴിഞ്ഞു. ഇതില്‍ പ്രാമുഖ്യം നേടുന്നത് ‘കോഴിക്കോടന്‍ കുലുക്കി സര്‍ബത്ത്’ എന്ന പേരില്‍ അറിയപ്പെടുന്ന പാനീയമാണ്. എരിവും, പുളിവും, കയ്പ്പും, മധുരവും, തണുപ്പും ഒക്കെ ചേര്‍ന്ന പാനീയമാണിതെന്നത് കൊണ്ട് ഏവര്‍ക്കും പ്രിയങ്കരമാണ്. ഉള്ളില്‍ തണുപ്പും ഉള്ളിന്റെ ഉള്ളില്‍ കുളിര്‍മയും ലെഭിക്കുമെങ്കിലും വഴിയോരങ്ങളിലെ കുലുക്കി സര്‍ബത്തുകള്‍ വറവുകാല രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതില്‍ മുന്നില്‍ നില്ക്കുന്നു.
സര്‍ബത്തിനായി ഉപയോഗിക്കുന്ന വെള്ളവും തികച്ചും ശുദ്ധമല്ലെന്നാണ് സൂചന. ഇതുമൂലം മഞ്ഞപിത്തം തുടങ്ങിയ രോഗം പടരാന്‍ ഇവ കാരണമാകുന്നുണ്ട് എന്ന് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു. കളറുകളും, പരിചിതമല്ലാത്ത മറ്റു ചേരുവകളും പാനീയങ്ങളില്‍ ചേര്‍ത്തു ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ഇവര്‍ പറയുന്നു.
ആഹാര വസ്തുക്കള്‍ വില്പന നടത്തുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും അതാതു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന് അനുമതി വാങ്ങേണ്ടതാണ്. എന്നാല്‍ ശീതള പാനീയങ്ങള്‍ വില്‍ക്കുന്ന വഴിയോര കടക്കള്ക്കൊന്നും തന്നെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഇത്തരം കടകളില്‍ ആവശ്യമായ പരിശോധനകളും അധികൃതര്‍ നടത്താറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: