തൊടുപുഴ: എല്‍പി മുതല്‍ ഹയര്‍സെക്കന്ററി വരെ നാല് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്ന മുതലക്കോടത്ത് ഗതാഗതം നിയന്ത്രിക്കാന്‍ ട്രാഫിക് പോലീസ് ഇല്ല. തിരക്കേറിയ സമയങ്ങളില്‍ ഇവിടെ ഗതാഗത കുരുക്ക് നിത്യസംഭവമാണ്. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിലെല്ലാം പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയമിക്കുമ്പോഴും സ്വകാര്യ ആശുപത്രി ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മുതലക്കോടത്തെ പോലീസ് അവഗണിക്കുകയാണ്. പള്ളിക്ക് മുന്‍വശത്തായി എതിര്‍ദിശയിലുള്ള ബസ് സ്റ്റോപ്പുകളില്‍ ബസിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ബസിന് പിന്നിലൂടെ റോഡ് ക്രോസ് ചെയ്യുന്നത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുകയാണ്. ഇരുവശങ്ങളിലും ബസുകള്‍ നിര്‍ത്തുമ്പോള്‍ ദീര്ഘദൂരത്തിലൂടെ വാഹനങ്ങള്‍ കുരുക്കില്‍പ്പെടുകയാണ്. ബസുകള്‍ ഒതുക്കി നിര്‍ത്താത്തതും ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിയമം ലംഘിച്ച് വാഹനങ്ങള്‍ക്കിടയിലൂടെ കയറുന്നതുമാണ് ഇവിടെ ഗതാഗത കുരുക്ക് വര്‍ദ്ധിപ്പിക്കുന്നത്. മുമ്പ് ഇവിടെ ഡ്യൂട്ടിക്ക് ട്രാഫിക് പോലീസിനെ നിയമിച്ചിരുന്നെങ്കെലും ഇവരെത്തുന്നത് 9 മണിക്ക് ശേഷമായിരുന്നു. രാവിലെ 8 മുതല്‍ 9.30 വരെയും വൈകുന്നേരം 3.30 മുതല്‍ 5 വരെയുമാണ് ഇവിടെ തിരക്ക് കൂടുതല്‍ അനുഭവപ്പെടുന്നത്. ഈ സമയങ്ങളില്‍ ട്രാഫിക് പോലീസിന്റെ സേവനം കൃത്യമായി ലഭിക്കാറില്ലായിരുന്നെന്നും സമീപത്തെ വ്യാപാരികള്‍ പറയുന്നു. പ്രദേശത്ത് ഗതാഗതം നിയന്ത്രിക്കാനായി അടിയന്തിരമായി ട്രാഫിക് പോലീസിനെ നിയമിക്കണമെന്ന് വാഹനയാത്രക്കാര്‍ ആവശ്യപ്പെടുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇതിന് ശ്രമിക്കുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: