തിരുവനന്തപുരം: മദ്രസ്സകളില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്നതിനുള്ള പദ്ധതിയില്‍ 94 കോടിരൂപ കേന്ദ്രത്തില്‍ നിന്ന് ക്രമവിരുദ്ധമായി നേടി. മദ്രസ്സ അധ്യാപകര്‍ക്ക് വേതനം നല്‍കിയത് എല്ലാത്തരം ചടങ്ങളും ലംഘിച്ചാണെന്നും കംപ്ടോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായത്തോടെ 2009-ല്‍ ആവിഷ്ക്കരിച്ച മദ്രസ്സകളില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്നതിനുള്ള പദ്ധതി (എസ്പിക്യുഇഎം) 2009-10 മുതല്‍ കേരളത്തില്‍ നടപ്പിലാക്കിവരുന്നു. സാധാരണ നിലയില്‍ മതപരമായ വിദ്യാഭ്യാസം നല്കുന്ന മദ്രസ്സ പോലുള്ള പരമ്പരാഗത സ്ഥാപനങ്ങളിലെ മുസ്ലീം കുട്ടികള്‍ക്ക് പാഠ്യപദ്ധതിയുടെ ഭാഗമായി ആധുനിക വിഷയങ്ങളായ ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, ഹിന്ദി, ഇംഗ്ലീഷ് മുതലായവയില്‍ വിദ്യാഭ്യാസം പ്രദാനം ചെയ്യാന്‍ സാമ്പത്തിക സഹായം നല്‍കുകയെന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം.
നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് കേരള സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കിയത്. പരിശോധന നടത്തിയ 40 മദ്രസ്സകളില്‍ 39 എണ്ണത്തിലും കുട്ടികള്‍ സാധാരണ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളും ആധുനിക വിഷയങ്ങള്‍ പഠിക്കുന്നവരുമാണ്.
മദ്രസ്സകളെ ഗ്രാന്റ് ഇന്‍ എയ്ഡിനായി ശുപാര്‍ശ ചെയ്യുമ്പോള്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്വത്തില്‍ സംസ്ഥാന ഗ്രാന്റ് ഇന്‍ എയ്ഡ് കമ്മറ്റി പരാജയപ്പെട്ടു. മതിയായ പരിശോധനയില്ലാതെ ധനസഹായത്തിനായി മദ്രസ്സകളെ ശുപാര്‍ശ ചെയ്തത് കാരണം 2010-14 കാലയളവില്‍ കേന്ദ്ര സര്‍ക്കാരില്‍നിന്നു കേരള സര്‍ക്കാര്‍ 93.85 കോടി ക്രമരഹിതമായി കൈപ്പറ്റി. പദ്ധതി മാര്‍ഗനിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്തെ മദ്രസ്സകള്‍ പ്രവര്‍ത്തിക്കാത്തതുമൂലം കേന്ദ്ര ഗ്രാന്റ് ഇന്‍ എയ്ഡ് കമ്മറ്റി ധനസഹായം നല്കുവാന് വിസമ്മതിച്ചതിനാല്‍ സംസ്ഥാന മുഖ്യമന്ത്രി കേന്ദ്രസഹായത്തിനായി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്തെ മദ്രസ്സകള്‍ അവധിദിവസങ്ങളിലും പാര്‍ട്ട് ടൈം അടിസ്ഥാനത്തിലുമാണ് പ്രവര്‍ത്തിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ മുഖ്യധാരാ വിദ്യാഭ്യാസം നേടുന്നുണ്ടെന്നും കത്തില്‍ സമ്മതിച്ചിട്ടുണ്ട്. ഈ മദ്രസ്സകളില്‍ പാര്‍ട്ട്ടൈം ജോലി നിര്‍വഹിച്ച അധ്യാപകര്‍ക്ക് മുഴുവന്‍ സമയ അധ്യാപകര്‍ക്കുള്ള വേതനം ക്രമവിരുദ്ധമായി നല്‍കിയത് പദ്ധതി മാര്‍ഗനിര്‍ദേശങ്ങള്‍ക്കെതിരാണ്.
അധ്യാപകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം നിക്ഷേപിക്കണമെന്നാണ് നിയമം. വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം അധികാരികള്‍ക്ക് പണം നല്‍കുകയും ചെയ്തു. അവര്‍ അധ്യാപകര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു. ഇത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളുടെ വ്യക്തമായ ലംഘനമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: