കല്‍പ്പറ്റ: നിയമന നിഷേധത്തിനെതിരെ സമരം നടത്തുന്നവര്‍ മരത്തിനുമുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത് പരിഭ്രാന്തി പരത്തി. വയനാട് കലാ-കായിക ഉദ്യോഗാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് പടിക്കല്‍ നടത്തുന്ന സമരവേദിയിലാണ് സംഭവം. സമരക്കാരായ പി.വി. മനോജ്, ആര്.എസ്. മിഥുന്, കെ. രതീഷ് എന്നിവരാണ് സമരവേദിക്കരികിലെ മരത്തിന് മുകളില്‍ കയറി കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യാഭീഷണി മുഴക്കിയത്.
കളക്ടറുടെ നിര്‍ദ്ദേശപ്രകാരം സ്ഥലത്തെത്തിയ അഗ്നിശമന വിഭാഗം ഉദ്യോഗാര്‍ത്ഥികളോട് താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. തുടര്‍ന്ന് വെള്ളം പമ്പ് ചെയ്യുമെന്ന് സേന മുന്നറിയിപ്പ് നല്കി. ഇതോടെ സമരപന്തലിലെ വനിതകള്‍ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുമെന്ന് ഭീഷണിപ്പെടുത്തി. ജില്ലാകളക്ടര്‍ സ്ഥലത്തെത്തി ചര്‍ച്ച ചെയ്യാമെന്ന അടിസ്ഥാനത്തില്‍ സമരക്കാര്‍ മരത്തില്‍ നിന്ന് താഴെ ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് ജില്ലാകളക്ടര്‍ സമര പന്തലിലെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിരുവനന്തപുരത്ത് ചര്‍ച്ച നടത്തി പരിഹരിക്കാമെന്ന് കളക്ടര്‍ ഉറപ്പുനല്‍കി.
അനിശ്ചിതകാല സമരം രണ്ടാഴ്ചയായതോടെ നിരാഹാരസമരത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രശ്നപരിഹാരത്തിന് ചര്‍ച്ച അസാധ്യമായതോടെയാണ് സമരക്കാര്‍ ആത്മഹത്യാഭാക്ഷണി മുഴക്കിയത്. കേന്ദ്ര ഫണ്ടുണ്ടായിട്ടും കലാകായിക അധ്യാപകരുടെ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ച്ചയുണ്ടായതായി കഴിഞ്ഞദിവസം സമരപന്തല്‍ സന്ദര്‍ശിച്ച ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പറഞ്ഞു. പ്രശ്നം മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലെ എല്‍.പി, യു.പി സ്കൂളുകളില്‍ കലാ-കായിക അധ്യാപകരുടെ ഒഴിവുകളില്‍ നിയമനം കാത്തുകഴിയുന്നവര് ഈ മാസം എട്ടിനാണ് സമരം തുടങ്ങിയത്. എല്ലാ വിദ്യാലയങ്ങളിലും കലാ-കായിക വിദ്യാഭ്യാസത്തിന് കേന്ദ്ര സര്‍ക്കാര്‍ സര്‍വശിക്ഷ അഭിയാന് മുഖേന ഫണ്ട് അനുവദിക്കുന്നുണ്ട്.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കേരളത്തിനു 350 കോടി രൂപയാണ് ലഭിച്ചത്. 2015-16 അധ്യയനവര്‍ഷം മാത്രം 95 കോടി രൂപ അനുവദിച്ചു. ഇതില്‍ 2.21 കോടി രൂപ വയനാട്ടില്‍ ചെലവഴിക്കേണ്ടതാണ്. എന്നാല്‍ സര്‍ക്കാര്‍ ഫണ്ട് കാര്യക്ഷമമായി വിനിയോഗിച്ചില്ലെന്ന് മാത്രമല്ല വകമാറ്റുകയും ചെയ്തു.
വിദ്യാലയങ്ങളില്‍ കായിക, ചിത്രകല, പ്രവൃത്തിപരിചയ അധ്യാപകരുടെ ഒഴിവുകളിലാണ് എസ്എസ്എ ഫണ്ട് ഉപയോഗപ്പെടുത്തി നിയമനം നടത്തേണ്ടത്. സ്കൂളുകളില്‍ കലാ-കായിക പഠനത്തിനു ആവശ്യമായ പിരീഡുകള്‍ നീക്കിവെച്ചിട്ടുണ്ട്. എന്നാല്‍ ഈ വിഷയങ്ങള്‍ അഭ്യസിപ്പിക്കുന്നതിനും മൂല്യനിര്‍ണയത്തിനും ആവശ്യമായ അധ്യാപകരില്ല. ജില്ലയില്‍ മാത്രം എല്‍പി, യു.പി സ്കൂളുകളിലായി കലാ-കായിക അധ്യാപകരുടെ 111 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: