ന്യൂദല്‍ഹി: ജെഎന്‍യു-ഹൈദരാബാദ് വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം മുട്ടുകുത്തി. നേരിട്ടുള്ള ചര്‍ച്ചകളില്‍ നേരു നിരത്തി സര്‍ക്കാര്‍ പക്ഷത്തുനിന്നവര്‍ സംസാരിച്ചപ്പോള്‍ പാര്‍ലമെന്റിന് പുറത്ത് ഈ വിഷയത്തില്‍ ബഹളം കൂട്ടിയ നേതാക്കള്‍ക്ക് വ്യക്തമായ മറുപടിയില്ലാതായി.
സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കി മന്ത്രി സ്മൃതി ഇറാനിയും അനുരാഗ് ഠാക്കൂറും മറ്റും ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് അരിയെത്രയെന്ന ചോദ്യത്തിന് പയറഞ്ഞാഴിയെന്ന മട്ടിലായിരുന്നു മറുപടി. ഉത്തരം മുട്ടുകയും മുട്ടുകുത്തുകയും ചെയ്ത പ്രതിപക്ഷം സഭ വിട്ടിറങ്ങിപ്പോയി. കോണ്‍ഗ്രസ് പക്ഷത്തുനിന്ന് സംസാരിച്ച ജ്യോതിരാദിത്യ സിന്ധ്യമാത്രമാണ് എന്തെങ്കിലും പറഞ്ഞ് പിടിച്ചു നിന്നത്. അതും ബിജെപി-ആര്‍എസ്എസ് ആക്ഷേപങ്ങള്‍ക്കപ്പുറം എത്തിയില്ല. മന്ത്രി സ്മൃതി ഇറാനിയുടെ വിശദീകരണങ്ങള്‍ ജെഎന്‍യു-ഹൈദരാബാദ് വിഷയങ്ങളില്‍ രാജ്യത്തിന്റെ മുഴുവന്‍ കണ്ണുതുറപ്പിക്കുന്നതായെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് പ്രശംസിച്ചു.
കലാലയവിദ്യാര്‍ത്ഥികളെ രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കുള്ള ആയുധമാക്കി, വോട്ടുബാങ്കാക്കരുതെന്ന് കേന്ദ്രമാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി അഭ്യര്‍ത്ഥിച്ചു. എല്‍പി സ്‌കൂളുകളിലെ പാഠപുസ്തകങ്ങളിലുള്‍പ്പെടെ രാഷ്‌ട്രീയവും വര്‍ഗീയതയും തിരുകിക്കയറ്റാനുള്ള ശ്രമങ്ങളാണ് വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കുന്നതെന്നും സ്മൃതി ഇറാനി ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കി. എന്റെ പേര് സ്്മൃതി ഇറാനിയെന്നാണ്. ആര്‍ക്കെങ്കിലും എന്റെ ജാതിയെന്തെന്ന് കണ്ടെത്താന്‍ പറ്റുമോ, സ്മൃതി ചോദിച്ചു. രോഹിത് വെമുലയുടെ മൃതദേഹം പോലും രാഷ്‌ട്രീയ നേട്ടത്തിന് ഉപയോഗിച്ചു. തെലങ്കാന പ്രക്ഷോഭത്തിന്റെ ഭാഗമായി 600 വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. രാഹുല്‍ഗാന്ധി ആസമയത്ത് അവിടെ പോയിട്ടുണ്ടോ. ഇവിടെ രാഷ്‌ട്രീയ അവസരവാദപരമായ നിലപാട് രാഹുല്‍ സ്വീകരിച്ചെന്നും ഇറാനി കുറ്റപ്പെടുത്തി.
ജെഎന്‍യു സര്‍വ്വകലാശാല അധികൃതരെ ഉമര്‍ ഖാലിദ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കവിത വായിക്കാനുള്ള പരിപാടിയാണെന്നാണ് ഉമര്‍ നല്‍കിയ അപേക്ഷയിലുള്ളത്. ജെഎന്‍യു അധികൃതരാണ് അഫ്‌സല്‍ ഗുരു അനുസ്മരണത്തിന്റെ പേരില്‍ കനയ്യകുമാറിനെയും ഉമര്‍ ഖാലിദിനെയും മറ്റുള്ളവരെയും സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്. ജെഎന്‍യുവില്‍ നടന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കൈവശമുണ്ട്. വിദ്യാഭ്യാസത്തെ രാഷ്‌ട്രീയ യുദ്ധക്കളമാക്കി മാറ്റരുതെന്നും നമ്മുടെ കുട്ടികള്‍ വോട്ടുബാങ്കുകളല്ലെന്നും ഇറാനി പറഞ്ഞു.
















